കൊച്ചി: ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശയില്ലാത്ത സ്‌കൂളുകള്‍ക്ക് പ്ലസ്ടു അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ശുപാര്‍ശ മറികടന്ന് അനുവദിച്ച സ്‌കൂളുകളുടെയും ബാച്ചുകളുടെയും അനുമതി കോടതി താല്ക്കാലികമായി സ്റ്റേ ചെയ്തു. 104 പുതിയ പ്ലസ്ടു സ്‌കൂളുകളുടെ അനുമതിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ അധ്യക്ഷതയിലുള്ള ആറംഗ വിദഗ്ധ സമിതി ശിപാര്‍ശ ചെയ്ത സ്‌കൂളുകള്‍ക്കു മാത്രം അനുമതി നല്കാനാണ് കോടതി ഉത്തരവായത്. സമിതി ശുപാര്‍ശ ചെയ്തിട്ടും മന്ത്രിസഭാ ഉപസമിതി തള്ളിയ സ്‌കൂളുകള്‍ക്ക് അനുമതി നല്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വിദഗ്ധ സമിതി നിര്‍ദേശിച്ചതു കൂടാതെ എംഎല്‍എമാര്‍ നിര്‍ദേശിച്ചതുകൂടി പരിഗണിച്ചാണ് ബാച്ചുകള്‍ അനുവദിച്ചതെന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, എംഎല്‍എമാരുടെ ശുപാര്‍ശയ്ക്ക് രേഖകളില്ലെന്ന് കോടതി നിരീക്ഷിച്ചു.
പുതിയ പ്ലസ്ടു അനുവദിച്ചത് സംബന്ധിച്ച് അമ്പതിലധികം ഹര്‍ജികളാണ് ഹൈക്കോടതിയിലെത്തിയത്. പ്ലസ്ടു അനുവദിച്ചതില്‍ മെറിറ്റ് അടിസ്ഥാനമാക്കിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അപേക്ഷകരുടെ യോഗ്യത പരിശോധിച്ച തെളിവുകളില്ല. ഫയലുകളെക്കുറിച്ച് ഈ ഘട്ടത്തില്‍ അധികം പറയുന്നില്ലെന്നും ഹൈക്കോടതി അറിയിച്ചു.
ആദ്യം സര്‍ക്കാര്‍ സ്‌കൂള്‍, പിന്നീട് കോര്‍പറേറ്റ് മാനേജ്‌മെന്റ് എയ്ഡഡ് സ്‌കൂള്‍, തുടര്‍ന്ന് സിംഗിള്‍ മാനേജ്‌മെന്റ് എയ്ഡഡ് സ്‌കൂള്‍ എന്നീ ക്രമത്തില്‍ സ്‌കൂളുകള്‍ അനുവദിക്കാനാണ് തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍, ഈ മാനദണ്ഡം പാലിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
പ്ലസ്ടു വിഷയത്തില്‍ സര്‍ക്കാരിനെതിരായ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കോടതിവിധി സര്‍ക്കാരിനു തിരിച്ചടിയാണ്. പ്ല്‌സ്ടു സ്‌കൂളുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത് മന്ത്രിസഭ കൂട്ടായിട്ടാണെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. കോടതിയില്‍ നിന്നു തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
പ്ലസ്ടു വിഷയത്തില്‍ കോടതിയില്‍ നിന്നു തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് രാജിവയ്ക്കണമെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ. ബേബി പറഞ്ഞു. വിഷയത്തില്‍ കോടതിവിധി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
Discussion about this post