ശബരിമല: ശബരിമല സന്നിധാത്തെയും പരിസരങ്ങളിലെയും ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിന്, കുന്നാര്‍ ഡാമിന്റെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ ശബരിമല സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാലു കോടി രൂപ ചെലവിലുളള ഈ പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനത്ത് 27 കോടി രൂപ ചെലവിലുളള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണം സീസണ് മുമ്പ് പൂര്‍ത്തിയാക്കും. രണ്ടു കോടി രൂപ ചെലവില്‍ 150 കക്കൂസുകളുളള, ടൊയ്ലറ്റ് ബ്ലോക്കുകള്‍ നിര്‍മ്മിക്കും. ലോവര്‍ തിരുമുറ്റം ഗ്രാനൈറ്റ് പാകി നവികരിക്കാനും അരവണ നിറയ്ക്കാന്‍ ആധുനിക യന്ത്ര സംവിധാനം ഏര്‍പ്പെടുത്താനും നടപടി സ്വീകരിക്കും. നാല് ഡോണര്‍ ഹൗസുകള്‍ പുതുക്കിപ്പണിയും. മരക്കൂട്ടം ശരംകുത്തി ഭാഗങ്ങളില്‍ നാല് പുതിയ ക്യൂ കോംപ്ലക്സുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. കാനന പാതകളില്‍ ഓക്സിജന്‍ പാര്‍ലറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. സ്വാമി അയ്യപ്പന് റോഡില്‍ കൂടുതല്‍ ശുദ്ധജല ടാപ്പുകള്‍ സ്ഥാപിക്കും. പമ്പയിലെ ആശുപത്രി സമുച്ചയത്തിന്റെ നിര്‍മ്മാണം ഒക്ടോബര്‍ 31 ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. നിര്‍മ്മാണ പുരോഗതി നേരില്‍ കണ്ട് വിലയിരുത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. നൂറ്റിനാല്പതോളം ജീവനക്കാര്‍ക്ക് താമസിക്കുവാനുളള സൗകര്യവും ആശുപത്രി സമുച്ചയത്തില്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പമ്പയില്‍ മൂന്നു കോടി രൂപ ചെലവില്‍ രണ്ട് കക്കൂസ് ബ്ലോക്കുകള്‍ നിര്‍മ്മിക്കും. നിലയ്ക്കലില്‍ ഒരേസമയം 10,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുളള സംവിധാനം ഏര്‍പ്പെടുത്തും. മൂന്ന് ഇടറോഡുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post