തിരുവനന്തപുരം: പകര്‍പ്പവകാശമില്ലാത്ത വ്യാജ സി.ഡികള്‍ കണ്ടെത്തുന്നതിന് ആന്റിപൈറസി സെല്ലും അഞ്ചല്‍, പുനലൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ രണ്ടുപേര്‍ അറസ്റ്റിലായി. അഞ്ചല്‍ ഇടമുളയ്ക്കല്‍ ഷംന മന്‍സിലില്‍ ഷാജഹാന്‍, ചാലക്കോട്, മുസാവരികുന്ന്, ചരുവിള പുത്തന്‍വീട്ടില്‍ ദില്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്.
600 ഓളം വ്യാജ സി.ഡികള്‍ ഷാജഹാനില്‍ നിന്നും 100 ഓളം വ്യാജ സി.ഡികള്‍ ദില്‍ഷാദില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. ഏറ്റവും പുതിയ തമിഴ് ചിത്രമായ ‘അഞ്ചാന്‍’, മലയാള ചിത്രങ്ങളായ ‘മിസ്റ്റര്‍ ഫ്രോഡ്’, ‘റിംഗ്മാസ്റ്റര്‍’, ‘വണ്‍ബൈടു’, ‘1983’, ഏറ്റവും പുതിയ ഹോളിവുഡ് ചിത്രങ്ങളായ ‘ഹെര്‍ക്കുലീസ്’, ‘കിക്ക്’ തുടങ്ങിയ ചിത്രങ്ങളുടെ സി.ഡികള്‍ പിടിച്ചെടുത്തവയില്‍പ്പെടുന്നു. ആന്റിപൈറസി സെല്‍ പോലീസ് സൂപ്രണ്ട് ബി.വര്‍ഗീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ഡിവൈ.എസ്.പി എസ്.റഫീക്ക്, എ.എസ്.ഐമാരായ വിഷ്ണുപ്രസാദ്, അസീം, സി.പി.ഒ സുബീഷ് എന്നിവര്‍ പങ്കെടുത്തു.












