കോഴിക്കോട്: വാറ്റ് നിയമത്തിന്റെ പേരില്‍ സര്‍ക്കാര്‍ വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണെന്നാരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന കടയടപ്പ് സമരം ബുധനാഴ്ച നടക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ചരക്കുകള്‍ അനാവശ്യമായി പിടിച്ചെടുക്കുക, ഇ-ഫയലിംഗിലെ പിഴവിന് 10,000 രൂപ പിഴ ഈടാക്കുക, ടേണ്‍ ഓവര്‍ ടാക്‌സ് വസ്ത്ര വ്യാപാരികളില്‍ അടിച്ചേല്‍പ്പിക്കുക, നികുതി അടക്കാത്തതിന് കച്ചവടക്കാര്‍ക്കെതിരെ ജപ്തി നടപടി സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ നടത്തി വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നടപടികളാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ഇതുമായി ബന്ധപ്പെട്ട പരാതി പോലും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറഞ്ഞു. പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ വ്യാപാരികളുമായി ചര്‍ച്ച ചെയ്യാനോ പരിഷ്‌കാരത്തിന് സാവകാശം നല്‍കാനോ സര്‍ക്കാര്‍ തയാറാകുന്നില്ല. വാടക കുടിയാന്‍ നിയമം ഓര്‍ഡിനന്‍സായി കൊണ്ടുവരണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല. കേരളത്തില്‍ നടപ്പാക്കിയ അവശ്യസാധന നിയന്ത്രണ നിയമം ഒഴിവാക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. കടയപ്പ് സമരത്തിന്റെ ഭാഗമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ധര്‍ണ നടക്കും. വ്യാപാരികള്‍ പ്രഖ്യാപിച്ച സമരത്തില്‍ പങ്കെടുക്കുമെന്ന് ജോയിന്റ് കൗണ്‍സില്‍ ഓഫ് ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്‍ കേരളയും അറിയിച്ചിട്ടുണ്ട്.
ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികളും ബുധനാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കും. ചില പ്രമുഖ ഓട്ടോ മൊബൈല്‍ കമ്പനികള്‍ വാഹന വിതരണ ഷോപ്പുകളില്‍നിന്നു വര്‍ക്ക് ഷോപ്പുകാര്‍ക്കു സ്‌പെയര്‍ പാര്‍ട്‌സുകള്‍ നല്‍കുന്നില്ലെന്നാണു സംഘടനയുടെ പരാതി. പ്രമുഖ കമ്പനികള്‍ക്ക് അവരുടെ സര്‍വീസ് സ്റ്റേഷനുകളില്‍തന്നെ സര്‍വീസും പണികളും നടത്തണമെന്നാണു നിബന്ധന. വാഹനത്തിന്റെ ഗാരന്റി നഷ്ടപ്പെടുമെന്നും പുതിയ വാഹനങ്ങള്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ക്കു നന്നാക്കാന്‍ അറിയില്ലെന്നുമാണ് കമ്പനിക്കാരുടെ നിലപാട്. അതേ സമയം ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ വ്യക്തമാക്കി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന സമരത്തില്‍നിന്നും വിട്ടുനില്‍ക്കുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയും വ്യാപാരി വ്യവസായി കോണ്‍ഗ്രസും അറിയിച്ചു
Discussion about this post