തിരുവനന്തപുരം: വിശ്വാസ്യത നിലനിര്‍ത്താന്‍ കഴിയുന്നുവെന്നതാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷനെ വ്യത്യസ്തമാക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതിവര്‍ഷം പി.എസ്.സി വഴി നിയമനം ലഭിക്കുന്നവരുടെ എണ്ണം നാല്‍പ്പതിനായിരത്തില്‍ താഴെയാണെങ്കിലും ഇരുപത്തിയഞ്ച് ലക്ഷത്തിലധികം യുവാക്കള്‍ പി.എസ്.സി.യില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ്. നിയമന സമ്പ്രദായത്തില്‍ പി.എസ്.സി അനുവര്‍ത്തിക്കുന്ന സുതാര്യതയാണ് ഇതിനു കാരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം പട്ടത്തുള്ള പി.എസ്.സി ആസ്ഥാനത്ത് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.എസ്.സി.യിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് ആവശ്യമായ തസ്തികകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. 2001-ല്‍ കമ്പ്യൂട്ടര്‍ വത്കരണം പി.എസ്.സിയില്‍ നടപ്പാക്കുമ്പോള്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടം സംഭവിക്കുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നെങ്കിലും പി.എസ്.സി.യുടെ ജോലിഭാരം വര്‍ദ്ധിക്കുകയാണുണ്ടായതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാനവവിഭവശേഷി സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മികവുറ്റതാക്കാന്‍ പി.എസ്.സിക്ക് കഴിയണമെന്നും കോടിയേരി പറഞ്ഞു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയര്‍, റൊട്ടേഷന്‍ സോഫ്റ്റ്‌വെയര്‍ എന്നിവ ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എം.പി, പി.എസ്.സി സെക്രട്ടറി പി.സി. ബിനോയ്, ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം നോഡല്‍ ഓഫീസര്‍ കെ. സുരേഷ് കുമാര്‍, പി.എസ്.സി അംഗം പി. ജമീല, പരീക്ഷാ കണ്‍ട്രോളര്‍ സാജു ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിച്ചു.












