ഭൂമിയെ മാതാവായി കാണുന്ന സംസ്‌കാരമാണ് ഭാരതത്തിന്റേത്. പൂവിതള്‍ വീണാലും ഭൂമിക്കു നോവും എന്ന് സങ്കടപ്പെടുകയും പാദസ്പര്‍ശത്തിനുമുമ്പ് ഭൂമിയെ വന്ദിക്കുകയും ചെയ്യുന്ന ധര്‍മ്മഭൂമി ഇന്ന് ലോകത്തിന്റെ നെറുകയില്‍ സ്പര്‍ശിച്ചു നില്‍ക്കുകയാണ്. മാനവരാശിക്ക് എന്നും മംഗളഗീതവും പൊഴിച്ചുനില്‍ക്കുന്ന ഭാരതത്തിന്റെ പവിത്രമായ മണ്ണില്‍ നിന്നുയര്‍ന്ന മംഗള്‍യാന്‍ ഇപ്പോള്‍ അരുണഗ്രഹമെന്നു സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ ഋഷിവര്യന്‍മാര്‍ പറഞ്ഞ ചൊവ്വയെ വലംവച്ചുകൊണ്ടിരിക്കുന്നു.
ചൊവ്വാദൗത്യം ആദ്യശ്രമത്തില്‍തന്നെ വിജയിക്കുന്ന ലോകത്തെ പ്രഥമരാഷ്ട്രം. യൂഎസിനും റഷ്യക്കും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിക്കും പിന്നാലെ ചൊവ്വക്ലബില്‍ അംഗമാകുന്ന നാലാമത്തെ രാജ്യം. ചൊവ്വാദൗത്യത്തില്‍ വിജയിക്കുന്ന ആദ്യ ഏഷ്യന്‍രാജ്യം – ഈ വിജയത്തില്‍ വിശേഷണങ്ങളേറെ. ജപ്പാനും ചൈനക്കും പോലും തിരിച്ചടിയേറ്റ ഗോളാന്തരദൗത്യത്തിലാണ് ഭാരതം വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. മാത്രമല്ല പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച യന്ത്രസാമഗ്രികളുപയോഗിച്ച്, ഏറ്റവും കുറഞ്ഞ ചെലവിലാണ് ഈ ബഹിരാകാശ പരിവേഷണദൗത്യം പൂര്‍ണതയില്‍ എത്തിച്ചത്. ഇത് ലോകരാഷ്ട്രങ്ങള്‍ അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്. കേവലം 450കോടി രൂപയാണ് ഇതിനുചെലവായത്. ഭാരതത്തിന്റെ ആളോഹരിവിഹിതം നാലുരൂപ മാത്രം.
ആയിരത്തിതൊള്ളായിരത്തി അറുപതുകളുടെ ആദ്യം തിരുവനന്തപുരത്ത് തുമ്പയില്‍ ‘തുമ്പ ഇക്വിറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിംഗ് സ്‌റ്റേഷന്‍’ എന്ന സ്ഥാപനത്തില്‍ ആരംഭം കുറിച്ച ബഹിരാകാശ ഗവേഷണമാണ് ഇന്നു ചൊവ്വയെ തൊട്ടുനില്‍ക്കുന്നത്. അസാധ്യമായത് ഒന്നുമില്ല എന്ന് ഭാരതം തെളിയിച്ചിരിക്കുകയാണ്. ശാസ്ത്രമേഖലകളില്‍ സഹസ്രാബ്ദങ്ങള്‍ക്കുമുമ്പേ ഋഷീശ്വരന്‍മാര്‍ കണ്ടെത്തിയതൊക്കെ ഇന്നു സത്യമെന്നു തെളിയുന്നു. അന്തര്‍നേത്രങ്ങള്‍കൊണ്ട് അവര്‍ കണ്ടെത്തിയ പ്രപഞ്ചസത്യങ്ങള്‍ ആര്‍ഷ സംസ്‌കൃതിയുടെ ഈടുവയ്പുകളായിരുന്നു. എന്നാല്‍ ആക്രമണങ്ങളിലൂടെയും കുതന്ത്രങ്ങളിലൂടെയും കീഴടക്കി ആയിരം വര്‍ഷത്തോളം ഭാരതത്തെ ഭരിച്ച വൈദേശിക ശക്തികള്‍ നമ്മുടെ നേട്ടങ്ങളെയെല്ലാം തമസ്‌കരിക്കുകയും ഈ പുണ്യഭൂമിയെ പാമ്പാട്ടികളുടെയും ദരിദ്രവാസികളുടെയും നാടായി ചിത്രീകരിക്കുകയും ചെയ്തു. ഗണിതശാസ്ത്ര മേഖലയില്‍ ആരൃഭടന്‍ എന്ന ഭാരതീയന്റെ നേട്ടങ്ങള്‍ ലോകം അംഗീകരിക്കുന്നതാണ്. അദ്ദേഹത്തോട് ആദരവു പ്രകടിപ്പിച്ചുകൊണ്ടാണ് ഇന്ത്യയുടെ ആദ്യഉപഗ്രഹത്തിന് ‘ആര്യഭട്ട്’ എന്നു പേരുനല്‍കിയത്.
ഭാരതം സ്വന്തം കഴിവുതിരിച്ചറിഞ്ഞ അഭിമാനമൂഹൂര്‍ത്തമാണ് മംഗള്‍യാനെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിച്ചതിലൂടെ സമാഗതമായിരിക്കുന്നത്. ഭാരത ബഹിരാകാശ ഗവേഷണകേന്ദ്രത്തിലെ ആയിരക്കണക്കിനു ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും വര്‍ഷങ്ങളിലൂടെ നീണ്ടുനിന്ന കഠിനപ്രയത്‌നത്തിലൂടെ യാണ് ഭാരതത്തിന്റെ യശസ് ഹിമവല്‍ശൃംഗങ്ങളോളം ഉയര്‍ത്തിയത്. ബഹിരാകാശഗവേഷണ രംഗത്ത് പിച്ചവയ്ക്കാന്‍ തുടങ്ങിയ നാളുകളില്‍ സ്വന്തം കര്‍മശേഷിയും ബുദ്ധിശക്തിയും മാത്രമുപയോഗിച്ച് ഈ മേഖലയെ കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ച ഒട്ടേറെ ശാസ്ത്ര പ്രതിഭകളുണ്ട്. ഈ ചരിത്രമുഹൂര്‍ത്തത്തില്‍ അവരുടെ ഓര്‍മകള്‍ക്കുമുന്നില്‍ നമ്രശിരസ്‌കരായി മാത്രമേ ഭാരതത്തിന് മുന്നോട്ടുപോകാനാകൂ.
കഴിഞ്ഞ ആയിരം വര്‍ഷത്തിനിടെ ഇതുപോലൊരു അഭിമാനനിമിഷം മുമ്പുണ്ടായിട്ടില്ല. ആ സന്തോഷം പങ്കിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ബംഗളുരുവിലെ ഐഎസ്ആര്‍ഒയുടെ ഇസ്ട്രാക്ക് നിലയത്തിലെത്തിയതിലൂടെ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ലഭിച്ച പ്രചോദനവും ഊര്‍ജ്ജവും ആത്മവിശ്വാസവും വലുതായിരുന്നു. ‘അറിഞ്ഞുകൂടാതിരുന്നതിനെയും അസാധ്യമായിരുന്നതിനെയും എത്തിപ്പിടിക്കാന്‍ നാം ധൈര്യപ്പെട്ടു. ഈ നേട്ടം വരുംതലമുറകളെ പ്രചോദിപ്പിക്കും’- പ്രധാനമന്ത്രിയുടെ വാക്കുകളില്‍ ഭൂതവും വര്‍ത്തമാനവും ഭാവിയുമുണ്ട്. ‘ജഗദ്ഗുരു ഭാരത്’ എന്ന ധര്‍മ്മം ആധുനിക ഭാരതം തുടരണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ആര്‍ഷഭാരതവും ആധുനിക ഭാരതവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുന്നതാണ്.
മഹര്‍ഷി അരവിന്ദന്‍ ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍ നടത്തിയ പ്രവചനം ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റേതായിരിക്കുമെന്നാണ്. ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതിയും 2014 മുതല്‍ ഭാരതത്തിന്റെ സുവര്‍ണ്ണദശയായിരിക്കുമെന്ന് പതിറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. ഈ ഋഷിവര്യന്‍മാരുടെ വാക്കുകള്‍ സത്യമായി ഭവിക്കുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. അതാണ് ‘മംഗള്‍യാന്‍’.
Discussion about this post