തിരുവനന്തപുരം: സമഗ്ര ആരോഗ്യ പദ്ധതി പ്രകാരം മികച്ച ആരോഗ്യ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യ കേരള പുരസ്‌കാരം നല്‍കുന്നതിനുള്ള പ്രവര്‍ത്തനം പൂര്‍ത്തിയായി. ഒക്ടോബര്‍ ഒന്നാം തീയതി ബുധനാഴ്ച വൈകുന്നേരം 5.30 ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോഗ്യ കേരളം പുരസ്‌കാരം സമ്മാനിക്കും.
പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍, നഗരവികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, ഗ്രാമവികസനവകുപ്പ് മന്ത്രി, കെ.സി.ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയില്‍ പുരസ്‌കാര വിതരണ സ്വാഗത സംഘം ചടങ്ങിന്റെ പ്രവര്‍ത്തങ്ങള്‍ക്കുള്ള വെവ്വേറെ സബ് കമ്മിറ്റികളും രൂപീകരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ.ജമീലയെ സ്വാഗതസംഘം ചെയര്‍മാനായും വൈസ് ചെയര്‍മാന്‍മാരായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സിറാബുദീന്‍, ആരോഗ്യ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ബി.ഉണ്ണികൃഷ്ണന്‍ എന്നിവരേയും തിരഞ്ഞെടുത്തു.












