ചെങ്കല്‍സുധാകരന്‍
ചക്രതീര്‍ത്ഥമാഹാത്മ്യം
‘ഘണ്ടാനാദനും പാര്‍ശ്വമൗലിയും യഥാക്രമം മുതലയും ആനയുമായി മാറി. ഭീകര രൂപിയായ ഒരു വലിയ മുതലയായി, ഘണ്ടാനാദന്‍, ഗോമതീനദിയില്‍ വാണു. നൂറുവര്‍ഷം! പാര്‍ശ്വമൗലി ഒരു നാല്‍ക്കൊമ്പനായി രൈവതപര്‍വ്വത തടവനപ്രദേശത്തു വിഹരിച്ചു. മോഹനമായ വസന്തര്‍ത്തുവില്‍ മറ്റാനകൂട്ടകൂട്ടങ്ങളുമൊത്ത് ആ ഗജേന്ദ്രന്‍ ഗോമതീനദിയിലിറങ്ങി. ആഗജശ്രേഷ്ഠന്‍ വെള്ളത്തില്‍ കിടന്നു പുളച്ചു. കൈകായിളക്കിയും തുമ്പികൊണ്ടടിച്ചും ജലതരംഗങ്ങള്‍ സൃഷ്ടിച്ചു. കൂട്ടരൊത്തുരസിച്ചു. ആ സമയത്ത് ഒരു ഘോരാഗ്രാഹം കരിവീരന്റെ പിന്‍കാലിന്മേല്‍ കടിച്ചു. ആന കാല്‍ കുടഞ്ഞ് മുതലയെ ദൂരെത്തെറിപ്പിക്കുവാന്‍ ശ്രമിച്ചു. അതിനെ ബലമായികരയ്ക്കുവലിച്ചിടാന്‍ യത്‌നിച്ചു. ഫലിച്ചില്ല. രണ്ടും അഹങ്കാരത്തോടെ ഘോരമായി മല്ലടിച്ചു. ആരും ഒരണുവും തോറ്റില്ല. അവര്‍ തമ്മിലുള്ള ബലപരീക്ഷ അനേകവര്‍ഷം തുടര്‍ന്നു. ഗജേന്ദ്രന് പൂര്‍വ്വചരിതം ഓര്‍മ്മയിലെത്തി. ശക്തിക്ഷയിച്ച്, ജീവന്‍ വെടിയാറായെന്നറിഞ്ഞ് ശ്രീഹരിയെ സ്തുതിച്ചു. നദിയിലെ താമരപ്പൂക്കള്‍ പറിച്ചര്‍ച്ചിച്ചു.
‘ശ്രീകൃഷ്ണ കൃഷ്ണസഖ കൃഷ്ണവപുര്‍ദധാന
കൃഷ്ണായതേ പ്രണതിരസ്തു സുരേശ! വിഷ്‌ണോ!
പൂര്‍ണ്ണപ്രഭോ പരമപാവന പുണ്യകീര്‍ത്തേ!
മാം പാഹി പാഹി പരമേശ്വര പാപ പാശാത്.’
(ഹേ ശ്രീകൃഷ്ണഭഗവന്‍, കൃഷ്ണവര്‍ണ്ണം പൂണ്ട ഹേ ഭഗവാനേ, സുരനാഥനായ മഹാവിഷ്‌ണോ അവിടുത്തെ ഞാനിതാ നമസ്‌ക്കരിക്കുന്നു. പരിപൂര്‍ണ്ണതമനായ മഹാപ്രഭോ, പരമപാവനനായ പുണ്യകീര്‍ത്തേ, പരമേശ്വരാ, ഈ പാപ ബന്ധനത്തില്‍ നിന്ന് എന്നെ രക്ഷിക്കണേ!) എന്നിങ്ങനെ കേണപേക്ഷിച്ചു. ഈ സ്തുതിയില്‍ സമ്പ്രീതനായ ഭഗവാന്‍ ഗരുഡാരൂഢനായി പ്രത്യക്ഷപ്പെട്ടു. സുദര്‍ശന ചക്രത്താല്‍ മുതലയെകൊന്നു. അതിന്റെ ശരീരം ഛിന്നമാക്കി. അതിനുശേഷം ശ്രീനാഥന്‍ ഗജേന്ദ്രനെ കരതലത്താല്‍ തലോടി. ഭഗവത് പ്രസാദത്താല്‍ ഗ്രാഹവും ഗജേന്ദ്രനും മുക്തരായി സ്വ സ്വരൂപം പൂണ്ടു. ഇരുവരും ഭഗവാനെ വണങ്ങി. പ്രദക്ഷിണം ചെയ്തു. പലവിധം സ്തുതിച്ചു. സര്‍വ്വേശ്വരന്റെ അനുഗ്രഹം നേടി. തുടര്‍ന്ന് ദേവദേവന്റെ അനുവാദം വാങ്ങിയ ഘണ്ടാനാദനും പാര്‍ശ്വമൗലിയും യക്ഷരാജധാനിയിലേക്കുപോയി.
‘മുതലയെ വധിക്കാന്‍ ഭഗവാന്‍ അയച്ച സുദര്‍ശന ചക്രത്തിന്റെ ചുറ്റല്‍ അതിശക്തമായിരുന്നു. ആ തീവ്രവേഗതയില്‍ ഗോമതീ നദിയിലെ കല്ലുകള്‍കൂടി ചുറ്റിപ്പോയി. അതിവേഗത്തില്‍. ക്രമേണ അവയെല്ലാം ചക്രാകൃതിയിലായി. ഗജഗ്രാഹങ്ങള്‍ക്കുമോക്ഷം നല്‍കാനായി ഭഗവാനവതരിച്ച സ്ഥലം പുണ്യതീര്‍ത്ഥമായി. ശിലകള്‍ ചക്രാകൃതിപൂണ്ടിരിക്കയാല്‍ അവിടം ചക്രതീര്‍ത്ഥമെന്നും അറിയപ്പെട്ടു. മഹര്‍ഷിപറഞ്ഞ ഈ ദിവ്യകഥകേട്ട ബഹുലാശ്വമഹാരാജാവ് ദേവര്‍ഷിയെവണങ്ങി. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഭക്തവാത്സല്യം സ്മരിച്ച് ആനന്ദവിവശനായി.
ഇങ്ങനെയൊരുകഥ മഹാഭാഗവതത്തിലില്ല. സമാനമായുള്ളത് ഗജേന്ദ്രമോക്ഷമാണ്. അതാകട്ടെ അഷ്ടമസ്‌ക്കന്ധം 2,3,4 അദ്ധ്യായങ്ങളിലാണ് വിവൃതമായിട്ടുള്ളത്. പക്ഷേ, ഗര്‍ഗ്ഗാചാര്യരുടെ കഥയ്ക്ക് ഗജഗ്രാഹസംബന്ധിയായ ചരിതവുമായേ സമാനതയുള്ളൂ. വ്യാസന്‍, ഭ്രമിളനായ ഇന്ദ്രദ്യുമ്‌നന്‍ അഗസ്ത്യശാപത്താല്‍ ഗജ ജന്മമാര്‍ന്നതും ഗന്ധര്‍വ്വനായ ഹുഹുദേവലശാപത്താല്‍ ഗ്രാഹ വടിവു പൂണ്ടതുമായ കഥയാണ് വിവരിച്ചിട്ടുള്ളത്. ഇവിടെ അതല്ലല്ലോ? കതാപാത്രങ്ങളും സന്ദര്‍ഭവുമെല്ലാം വ്യത്യസ്തം. എങ്കിലും ആശയതലത്തില്‍ സാദൃശ്യമുണ്ട്. എല്ലാ ഋഷികവികള്‍ക്കും ഗുണപാഠമുള്‍ക്കൊള്ളിച്ച ഇതിഹാസങ്ങള്‍ ചമയ്ക്കണമെന്ന ഉദ്ദേശ്യമാണുള്ളത്. അതിലൂടെ അനുവാചകമനസ്സിന് പരിവര്‍ത്തനമുണ്ടാക്കണമെന്നും.
ദ്വാരകാമാഹാത്മ്യം വ്യക്തമാക്കാന്‍ ചക്രതീര്‍ത്ഥോല്‍പ്പത്തി പറയുകയാണ് ശ്രീഗര്‍ഗ്ഗന്‍. കുശസ്ഥലീപട്ടണം നിര്‍മ്മിക്കാന്‍ തപം ചെയ്ത രേവതനില്‍ ഭഗവത്കൃപയുണ്ടായി. ഭക്തനില്‍ സമ്പ്രീതനായ ശ്രീകൃഷ്ണഭഗവാന്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ചു. ആ അശ്രുബിന്ദുക്കള്‍ ചേര്‍ന്നുണ്ടായതാണ് ഗോമതീനദി! കഥയുടെ സൂക്ഷ്മാര്‍ത്ഥമറിയാന്‍ ഇവിടം മുതല്‍ നിരീക്ഷിക്കേണ്ടതാണ്. ഭക്തനും ഭഗവാനും ഒരുമിച്ചതിലെ പ്രതീകാത്മകമായ ഭക്തിപ്രവാഹമാണ് ഗോമതീനദി! ആ ഭക്തിപ്രവാഹം പുണ്യതീര്‍ത്ഥമാകാതിരിക്കുന്നതെങ്ങനെ? അതില്‍ സ്‌നാനം ചെയ്യുന്നവര്‍ക്കും അതിനെ സ്മരിക്കുന്നവര്‍ക്കും പാപനാശമുണ്ടാകുമെന്നത്, സദ്യോമുക്തിഭവിക്കുമെന്നുപറയുന്നത്, സത്യമാണ്. ഏതു കുമാര്‍ഗ്ഗചാരിയായാലും മനഃപരിവര്‍ത്തനം വന്ന് ഭക്തനായി മാറിയാല്‍ ഐന്ദ്ര്യാസക്ത ജീവിതം വെടിഞ്ഞ് ലൗകികമുക്തനാകുമെന്ന സത്യം, ആചാര്യന്‍, മേല്പറഞ്ഞ ഫലശ്രുതികളിലൂടെ വെളിവാക്കിയിരിക്കുന്നു. തത്വസമര്‍ത്ഥനത്തിനുള്ള സാക്ഷ്യമാണ് ഘണ്ടാനാദന്റേയും പാര്‍ശ്വമൗലിയുടേയും കഥ!
‘കുബേര’ശബ്ദത്തിലുമുണ്ട് അന്വേഷണാര്‍ഹമായ ഒരര്‍ത്ഥതലം! ‘കു’,’ബേരം’ എന്നീ രണ്ടു പദം ചേര്‍ന്നാണ് ആ സംജ്ഞ രൂപം കൊണ്ടിട്ടുള്ളത്. ‘ബേരം’ എന്നാല്‍ ശരീരമെന്നാണര്‍ത്ഥം. ‘കു’ധാതുചേരുമ്പോള്‍, കുത്സിതമായ, വിരൂപമായ ശരീരമെന്നാണര്‍ത്ഥം! യക്ഷരാജന്‍ വിരൂപനാണെന്ന് ഇതിഹാസപുരാണങ്ങളില്‍ പരാമര്‍ശമില്ല. പക്ഷേ, ശരീരം കുത്സിതമാക്കിയവനെന്നാല്‍, ദേഹത്തിന് പ്രാധാന്യം കല്പിക്കാത്തവന്‍ എന്നര്‍ത്ഥമാകാം. ‘ദേഹോfഹം’ എന്ന സാമാന്യജനചിന്ത ആ ധപതിക്കില്ലെന്നു സാരം! ദേഹബുദ്ധിവെടിഞ്ഞയാള്‍ക്ക് ആത്മഭാവം വളരും! സ്വയം പരമാത്മാവില്‍ സമര്‍പ്പിതനാകും. അതാണ് കുബേരന്‍ നടത്തിയ വൈഷ്ണവ യജ്ഞം! ‘ഇദം ന മമ’ എന്നരീതിയിലുള്ള സമര്‍പ്പണം! ‘ഒന്നും എന്റേതല്ല, സര്‍വ്വവും നിന്റേതാണ്. ഹേ, പ്രഭോ അവിടുന്ന് ഹവിസ് (ഞാന്‍ തന്നെയായ ഹവിസ്) സ്വീകരിച്ചനുഗ്രഹിച്ചാലും.’ ഇതാണ് യജ്ഞഭാവം! സര്‍വ്വദേവന്മാരും യജ്ഞഘട്ടത്തിലെത്തി. യാഗം സഫലമായി പരിണമിച്ചു. ദേവപ്രീതിയാല്‍ കുബേരകൃത്യങ്ങള്‍ ഫലവത്തായി തുടര്‍ന്നു എന്നു സാരം!
Discussion about this post