അറിവിന്റെ അഗ്നി കുരുന്നുകള്‍ക്ക് പകരുന്നതിനുള്ള തുടക്കമാണ് പരമപവിത്രമായ വിദ്യാരംഭ ചടങ്ങ്. ഹൈന്ദവമായ ഒരാചാരം തന്നെയാണ് ഇത്. ക്ഷേത്രങ്ങളിലായിരുന്നു ഈ ചടങ്ങ് നടന്നുവന്നത്. നവരാത്രിപൂജയുടെ സമാപനം കുറിച്ചുകൊണ്ടാണ് ദുര്‍ഗ്ഗാഷ്ടമിക്കും മഹാനവമിക്കും ശേഷം വിദ്യാരംഭ ചടങ്ങുനടക്കുന്ന വിജയദശമി എത്തുന്നത്. കുട്ടികളുടെ നാവില്‍ സ്വര്‍ണ്ണംകൊണ്ട് അക്ഷരം കുറിക്കുകയും അരിയില്‍ കുഞ്ഞുവിരലുകള്‍ പിടിച്ച് ഗുരുക്കന്മാര്‍ ഹരിശ്രീ…. എഴുതിക്കുകയും ചെയ്തിരുന്നു. ക്ഷേത്രചൈതന്യം നിറഞ്ഞുനില്‍ക്കുന്ന പുണ്യദായകമായ അന്തരീക്ഷത്തിലായിരുന്നു ഈ ചടങ്ങ് നടന്നിരുന്നത്.
കഴിഞ്ഞ കുറേവര്‍ഷങ്ങളായി വിദ്യാരംഭചടങ്ങ് എവിടെയും നടത്താവുന്ന സ്ഥിതിയിലേക്ക് എത്തി. ഇതിനെ കച്ചവടസ്വഭാവത്തിലേക്ക് മാറ്റുന്ന രീതിയിലേക്ക് ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ക്ഷത്രങ്ങളോടനുബന്ധിച്ച് നടക്കുന്ന വിദ്യാരംഭത്തേക്കാള്‍ ഒരുപക്ഷേ കൂടുതലാണ് ക്ഷേത്രങ്ങള്‍ക്കുപുറത്ത് അരങ്ങേറുന്നത്. ഇത്തരത്തില്‍ ചടങ്ങുനടത്തുന്ന മാധ്യമസ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള സംഘാടകര്‍ സാഹിത്യകാരന്മാരെയും പണ്ഡിതന്മാരെയുമൊക്കെ കാലേകൂട്ടിത്തന്നെ വിദ്യാരംഭത്തിന് ചുമതലപ്പെടുത്തുന്നതോടെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചടങ്ങിന് മാറ്റുകുറഞ്ഞുവരുന്ന അവസ്ഥയാണ്. വിദ്യാരംഭം നടത്തുന്ന സ്ഥലത്തേക്കാള്‍ അത് നടത്തുന്നവര്‍ക്കായി പ്രാധാന്യം. ആ നിലയില്‍ ഒരുതരത്തില്‍ ഈ ചടങ്ങിനെ കച്ചവടതാല്പര്യം സംരക്ഷിക്കുന്ന തരത്തിലേക്ക് മാറ്റിക്കഴിഞ്ഞു.
വിദ്യാദേവതയായ സരസ്വതിയുടെ സാന്നിദ്ധ്യത്തില്‍ നടത്തേണ്ട അതിവിശിഷ്ടമായ വിദ്യാരംഭചടങ്ങിനെ വെറും അനുഷ്ഠാനത്തിന്റെ തലത്തിലേക്ക് തരം താഴ്ത്തുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. പൂര്‍വ്വികമായ ആചാരങ്ങളെ പുറംതള്ളി അനുഷ്ഠാനങ്ങളുടെ പുറകേപോകുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് ആചാരപരമായ പെരുമമാത്രമല്ല ആ ചടങ്ങിന്റെ ആത്മാവുകൂടിയാണ്. എല്ലാ മേഖലകളും കച്ചവടവല്‍ക്കരിക്കുക എന്ന പുതിയ ലോകത്തിന്റെ തന്ത്രം വിദ്യാരംഭം എന്ന ചടങ്ങില്‍നിന്നെങ്കിലും ഒഴിവാക്കുക എന്നത് ധാര്‍മ്മിക മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഏതൊരാളുടെയും കര്‍ത്തവ്യമാണ്. തങ്ങളുടെ കുട്ടികളെ ദൈവികചൈതന്യമുള്ള സ്ഥലങ്ങളില്‍മാത്രമേ വിദ്യാരംഭം നടത്തുകയുള്ളൂ എന്നു തീരുമാനിച്ചാല്‍ ഈ ചടങ്ങിനെ കച്ചവടവത്ക്കരിക്കാനും മാദ്ധ്യമശ്രദ്ധ നേടാനുമുള്ള ശ്രമത്തില്‍നിന്നും അതിന്റെ സംഘാടകര്‍ താനേ പിന്‍വാങ്ങും. അത്തരത്തിലൊരു ചിന്ത ഈ മഹാനവമി നാളില്‍ തുടങ്ങിവയ്ക്കുക. അതാകട്ടെ ഈ വര്‍ഷത്തെ വിജയദശമിയുടെ സന്ദേശം.
Discussion about this post