ഡോ.എം.പി.ബാലകൃഷ്ണന്‍
ശാസ്ത്രവിഷയങ്ങളില്‍ ഇത്രകണ്ടു മുഴുകിയ ഒരാളില്‍ ‘കല’ ഉണ്ടാകാന്‍ എളുപ്പമല്ല എന്നു നമുക്കു തോന്നും. എന്നാല്‍ അങ്ങനെയല്ല ചട്ടമ്പിസ്വാമികളുടെ കാര്യം. ശാസ്ത്രങ്ങളില്‍ എത്രമാത്രം കടുകട്ടിയോ അത്രതന്നെ കലകളിലും നിപുണമായിരുന്നു ആ പ്രതിഭ. സംഗീതം, അഭിനയം, ചിത്രരചന, കഥകളി തുടങ്ങിയ കലകളെല്ലാം അവിടുത്തേയ്ക്കു നന്നായി വഴങ്ങും. സ്വാമി ചില കീര്‍ത്തനങ്ങള്‍ പാടുന്നതുകേട്ടാല്‍ ഈശ്വരവിശ്വാസമില്ലാത്തവര്‍പോലും ഭക്തരാകും എന്നാണ് കേട്ടവരുടെ അഭിപ്രായം.
ശാസ്ത്രീയസംഗീതത്തിലും നാടന്‍ സംഗീതത്തിലും സ്വാമിക്കു വലിയ അറിവാണ്. തിരുവാതിരക്കളിയെക്കുറിച്ച് ആരോ ചോദിച്ചതിനു മറുപടിപറഞ്ഞ കൂട്ടത്തില്‍ ‘എനിക്കു തന്നെ മൂന്നു നാലുദിവസം അനദ്ധ്യായമില്ലാതെ പാടിക്കേള്‍പ്പിക്കത്തക്കവണ്ണം തിരുവാതിക്കളിപ്പാട്ടുകള്‍ മനഃപാഠം തോന്നും.’ എന്നും തിരുവടികള്‍ ഒരവസരത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ശാസ്ത്രീയ സംഗീതം കാര്യമായി അഭ്യസിച്ചിരുന്ന സ്വാമികളെ സന്ദര്‍ശിക്കാന്‍ പല ഭാഗവതന്മാരും വരിക പതിവായിരുന്നു. പല ഉത്സവസ്ഥലങ്ങളിലുംവച്ച് ചെണ്ടക്കാര്‍ക്കും തകിലുകാര്‍ക്കും നാദസ്വരക്കാര്‍ക്കും തെറ്റുകള്‍തിരുത്തി ശരിയായ വായന കാണിച്ചുകൊടുത്തിട്ടുണ്ട്. ഒക്കെയാണെങ്കിലും താനൊരു ഭാഗവതരാണെന്ന ഭാവമൊന്നും സ്വാമിക്കില്ലായിരുന്നു. യാത്രകള്‍ക്കിടയില്‍ തങ്ങാറുള്ള വീടുകളില്‍ ഒരു പഴഞ്ചന്‍ ഗഞ്ചിറയോ ഓടക്കുഴലോ വീണയോ ഒക്കെ വച്ചേയ്ക്കും. അവസരം കിട്ടുമ്പോള്‍ അതിലൊന്നെടുത്തു പ്രയോഗിച്ച് ആനന്ദത്തില്‍ മുഴുകും. ഇതാണു രീതി. പൊട്ടിത്തകര്‍ന്ന സംഗീതോപകരണങ്ങളും സ്വാമിജിയുടെ കൈയിലെത്തിയാല്‍ മധുരനാദം പുറപ്പെടുവിക്കും. ഏകാന്തതിയില്‍ അകലെയെങ്ങാണ്ടുനിന്ന് ഒരു ഗാനം കാറ്റിലൊഴികി വരുന്നു; അല്ലെങ്കില്‍ സംസാരത്തിനിടയില്‍ സംഗീതത്തെപ്പറ്റി ആരെങ്കിലും സൂചിപ്പിക്കുന്നു. അതുമല്ലെങ്കില്‍ ഗായകനോ മേളക്കാരനോ ആയ ഒരാള്‍ സന്ദര്‍ശകനായി എത്തുന്നു. അതുമതി സ്വാമികള്‍ക്കു സംഗീതലോകത്തിലേക്കു കടക്കാന്‍. അവിടം പിന്നെ നാദബ്രഹ്മമായി മാറും.
സ്വാമികളുടെ ജീവചരിത്രകാരനായ ശ്രീ പറവൂര്‍ കെ.ഗോപാലപിള്ള ഇത്തരം ഒരു രംഗം വര്‍ണ്ണിച്ചിട്ടുള്ളതു രസകരമാണ്. ശ്രീ.ഗോപാലപിള്ളയും കൂട്ടരും ഒരുദിവസം സ്വാമികളെ കാണാന്‍ ഉത്സാഹിച്ചു നടക്കുകയായിരുന്നു. സ്വാമികള്‍ വിശ്രമിച്ചിരുന്ന വീടിന്റെ സമീപമെത്തിയപ്പോള്‍ അവിടെനിന്നും മൃദംഗവായന കേള്‍ക്കുന്നു. വായനയാണെങ്കില്‍ അതിവിശേഷം. സന്ദര്‍ശകര്‍ ആര്‍ത്തിയോടെ ഓടിച്ചെന്നു. അവിടെക്കണ്ടതോ? കയറുകള്‍ അയഞ്ഞുതൂങ്ങിയ ഒരു ഉറിക്കട്ടിലില്‍ മലര്‍ന്നുകിടന്നുകൊണ്ട് വയറ്റത്ത് ഒരു ചെമ്പുക്കുടംവച്ചു കൊട്ടിത്തകര്‍ക്കുയാണു സ്വാമികള്‍. യക്ഷകിന്നരഗന്ധര്‍വന്മാര്‍ക്കും അസാദ്ധ്യമായ ഒരു മൃദംഗപ്രയോഗം തന്നെയായിരുന്നുവേ്രത അത്.
വാദ്യോപകരണങ്ങളോ ചെമ്പുക്കുടംപോലുമോ ഇല്ലാതെ അവയുടെ മേളം സൃഷ്ടിക്കാനും സ്വാമികള്‍ക്കു കഴിയുമായിരുന്നുവെന്നും ജീവചരിത്രകാരന്‍ രേഖപ്പെടുത്തുന്നു. മൂക്കുകൊണ്ടു ജലതരംഗം വായിക്കുക; ഇരുമ്പുമോതിരം ധരിച്ചിരുന്ന വിരല്‍ വെറും പലകക്കഷണത്തിന്മേല്‍ പ്രയോഗിച്ചു പാണ്ടിമേളം തകര്‍ക്കുക; ചുണ്ടുകള്‍ കൊണ്ട് ശബ്ദമുണ്ടാക്കി ഉടുക്കുകൊട്ടുക മുതലായ പലതും അവയില്‍ പെടും.
മലയാള വര്‍ഷം 1084 തിരുവനന്തപുരത്ത് ശ്രീകണ്‌ഠേശ്വരത്തു ഭജനമഠത്തില്‍ താമസിക്കേ അംബാസമുദ്രക്കാരന്‍ ഒരു ഗഞ്ചിറ വായനക്കാരന്‍ പട്ടര്‍ സ്വാമിയെ വന്നുകണ്ടു. ഗഞ്ചിറയില്‍ ഉപരിപഠനം ആഗ്രഹിച്ചാണു വന്നത്. അദ്ദേഹത്തോടു ഗഞ്ചിറ വായിക്കാന്‍ സ്വാമികള്‍ കല്‍പ്പിച്ചു. സ്വാമികളും മറ്റൊരു ഗഞ്ചിറയെടുത്തു വായന തുടങ്ങി. ചുരുങ്ങിയ സമയംകൊണ്ട് പട്ടര്‍ക്കറിയാത്ത പല എണ്ണങ്ങളും സ്വാമി പഠിപ്പിച്ചുകൊടുത്തു. ഇത്ര വലിയ ഒരു ജ്ഞാനിയെ തെക്കേ ഇന്ത്യയിലെങ്ങും കണ്ടിട്ടില്ലെന്നു പറഞ്ഞു സാഷ്ടാംഗം പ്രണമിച്ച് അനുഗ്രഹവും വാങ്ങിയാണ് പട്ടര്‍ മടങ്ങിയത്.
ശ്രുതിയോ താളമോ അല്പം തെറ്റിയാല്‍ മേലാകെ ചുട്ടുനീറും എന്ന് ചട്ടമ്പിസ്വാമികള്‍ പറയാറുണ്ടായിരുന്നു.
1089 മകരത്തില്‍ ഒരു ദിവസം തിരുവനന്തപുരം വഞ്ചിയൂര്‍ ക്ഷേത്രത്തില്‍ വച്ചു സ്വാമികള്‍ ആനന്ദഭൈരവിരാഗം ആലപിച്ചുതന്നെ അത്ഭുതപ്പെടുത്തിയ സംഭവം വിദ്വാന്‍ ചെമ്പില്‍ എം.പി.പണിക്കര്‍ എഴുതിയിട്ടുണ്ട്. അരമണിക്കൂറോളം രാഗം വിസ്തരിച്ച ശേഷം മാഞ്ചി എന്നു തുടങ്ങുന്ന ഒരുകീര്‍ത്തനം പാടാന്‍ തുടങ്ങി. ഇരുപത്തിയൊന്നു സംഗതിവരെ ശ്രദ്ധിക്കാന്‍ സാധിച്ചു. എന്നിട്ടും പല്ലവി അവസാനിച്ചില്ലപോലും!
ചിത്രകലയില്‍ ചട്ടമ്പിസ്വാമികള്‍ക്കുണ്ടായിരുന്ന അഗാധപാണ്ഡിത്യത്തെക്കുറിച്ച് പ്രശസ്ത ചിത്രകാരനായ ചിത്രമെഴുത്ത് കെ.എം.വര്‍ഗ്ഗീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു നീലകണ്ഠന്‍ ആശാരിയായിരുന്നു വരയ്ക്കാന്‍ പഠിപ്പിച്ചത്. കാര്‍ട്ടൂണ്‍ ചിത്രങ്ങളും നന്നായി വരയ്ക്കും. പുളിച്ചിമാങ്ങാ തിന്നു മുഖം ചുളിച്ചിരിക്കുന്ന ഒരു സായിപ്പിന്റെ രൂപം സ്വാമികള്‍ പെന്‍സില്‍കൊണ്ടു വരച്ചത് പന്മന ആശ്രമത്തില്‍ വളരെക്കാലം സൂക്ഷിച്ചിരുന്നു.
Discussion about this post