സര്‍വകലാശാലകള്‍ പേരുപോലെ തന്നെ സാഹിത്യത്തിന്റെയും കലകളുടെയും ശാസ്ത്രത്തിന്റെയുമൊക്കെ അദ്ധ്യയനത്തിനും അധ്യാപനത്തിനും ഗവേഷണത്തിനുമൊക്കെയുള്ള സ്ഥാപനങ്ങളാണ്. ആ സ്ഥാപനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരും അദ്ധ്യാപകരുമൊക്കെ സമൂഹത്തിനും വിദ്യാര്‍ത്ഥികള്‍ക്കും മാതൃകയാകേണ്ടവരാണ്. എന്നാല്‍ കേരളത്തിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം കഴിഞ്ഞ കുറേനാളുകളായി കുത്തഴിഞ്ഞ പുസ്തകം പോലെയായി മാറി. രാഷട്രീയ പരിഗണനയോടെയുള്ള സെനറ്റ്, സിന്‍ഡിക്കേറ്റു രൂപീകരണവും വിദ്യാര്‍ത്ഥി രാഷ്ട്രീയവുമൊക്കെ ചേര്‍ന്നു സര്‍വകലാശാലകളെ സര്‍വ’കലാപ’ശാലകളെന്ന് ആക്ഷേപിക്കുന്ന തലത്തിലേക്ക് മാറ്റി. ഈ സാഹചര്യത്തിലാണ് കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ട് വൈസ്ചാന്‍സലര്‍മാരുടെ യോഗം വിളിച്ചത്.
കേരളത്തിന്റെ ചരിത്രത്തില്‍ ഇത്തരം സംഭവം ആദ്യമാണ്. മാത്രമല്ല ചാന്‍സലര്‍ എന്നനിലയിലുള്ള അധികാരം ഉപയോഗിച്ചുകൊണ്ട് സര്‍വകലാശാലകളെ ശുദ്ധീകരിക്കാനുള്ള നീക്കത്തിന് അദ്ദേഹം തുടക്കമിടുകയും ചെയ്തു. സര്‍വകലാശാലകളുടെ നിലവാരം ഉറപ്പാക്കാന്‍ ചാന്‍സലേഴ്‌സ് കൗണ്‍സില്‍ രൂപീകരിക്കാനുള്ള തീരുമാനമാണ് ഇതില്‍ പ്രധാനം. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മൂന്നുമാസത്തിലൊരിക്കല്‍ കൗണ്‍സില്‍ ചേരാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, വൈസ്ചാന്‍സലര്‍മാര്‍, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി. ഗവര്‍ണറുടെ സെക്രട്ടറി എന്നിവരുള്‍പ്പെട്ടതാണ് കൗണ്‍സില്‍. നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചാന്‍സലേഴ്‌സ് അവാര്‍ഡും ഏര്‍പ്പെടുത്തും.
വിദ്യാര്‍ത്ഥി പ്രവേശനം, പരീക്ഷ, ഫലപ്രഖ്യാപനം എന്നിവ സമയബന്ധിതമായി നടപ്പാക്കാന്‍ അക്കാദമിക് കലണ്ടര്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ഇടപെടുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പുനല്‍കി. മതിയായ കാരണങ്ങളില്ലാതെ കലണ്ടറില്‍ മാറ്റം വരുത്താന്‍ പാടില്ല. സ്വാശ്രയസ്ഥാപനങ്ങളിലെ നിലവാരം ഉറപ്പാക്കാന്‍ പരീക്ഷാനടത്തിപ്പ്, ഉത്തരക്കടലാസ് പരിശോധന എന്നിവ കര്‍ശനമായി നിരീക്ഷിക്കുവാനും പരീക്ഷാകേന്ദ്രങ്ങളില്‍ സിസിടിവി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം വൈസ്ചാന്‍സലര്‍മാരുടെയും സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും നിയമനങ്ങളില്‍ രാഷട്രീയ പരിഗണന അമിതമായിട്ടുണ്ടെന്നു വിലയിരുത്താനാകില്ലെന്ന ഗവര്‍ണറുടെ നിരീക്ഷണത്തോടു യോജിക്കാനാവില്ല. അക്കാദമിക് രംഗത്തും മറ്റുമേഖലകളിലും പ്രാഗല്‍ഭ്യം തെളിയിച്ചവരെ ഉള്‍പ്പെടുത്തിവേണം സിന്‍ഡിക്കേറ്റുകള്‍ രൂപീകരിക്കേണ്ടത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ പരിഗണന ഒഴിവാക്കിയാല്‍ തന്നെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ആശാവഹമായ പുരോഗതി ഉണ്ടാക്കാന്‍ കഴിയും. മറ്റൊരുകാര്യം വിദ്യാര്‍ത്ഥി സമരമാണ്. ഇതുമൂലം പഠനത്തിനുള്ള നിരവധി ദിവസങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കു നഷ്ടമാകുന്നത്. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരു തിരുത്തലിനു തയാറാകണം.
ഒരുകാലത്ത് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്തെ കുറിച്ച് ഭാരതത്തില്‍ മാത്രമല്ല പുറത്തും വലിയ മതിപ്പായിരുന്നു. ആ നല്ലനാളുകളെ തിരിച്ചുകൊണ്ടുവരുന്നതിന് ഗവര്‍ണറുടെ ഇടപെടല്‍ മൂലം സാധിക്കുമെന്ന് പ്രത്യാശിക്കാം.
Discussion about this post