കണ്ണൂര്‍: പ്രമുഖ സിഎംപി നേതാവും മുന്‍ സഹകരണ മന്ത്രിയുമായ എം.വി രാഘവന് (81) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം സംഭവിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. എംവിആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന എം.വി രാഘവന് കേരള രാഷ്ട്രീയത്തിലെ കരുത്തന്മാരായ രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു.
ശക്തനും ധീരനുമായ നേതാവെന്ന നിലയില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വനിരയില്‍ ജ്വലിച്ചു നിന്ന വ്യക്തിത്വമായിരുന്നു. 1986 ല്‍ ബദല്‍രേഖ അവതരിപ്പിച്ചതിന്റെ പേരില്‍ സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടു. തുടര്‍ന്ന് സിഎംപിക്ക് രൂപം നല്കി. സിഎംപിയുടെ ജനറല്‍സെക്രട്ടറിയായി ചുമതല വഹിച്ചു വരികയായിരുന്നു. 1933 മെയില്‍ 25 ന് പാപ്പിനിശേരിയില്‍ ശങ്കരന് നമ്പ്യാരുടെയും തമ്പായി അമ്മയുടെയും മകനായി ജനിച്ചു. ജനകീയ സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ നിരവധി തവണ ജയലിലും ഒളിവിലും കഴിയേണ്ടി വന്നിട്ടുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരിക്കെ 1970 ല്‍ നിയമസഭാംഗമായി. 1986 ജൂലൈ 26 ന് കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റു പാര്‍ട്ടി (സിഎംപി) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം കൊടുത്തു. 1991 ലെ കരുണാകരന് മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായി. 2001 മെയ് 17 ന് എ.കെ ആന്റണി മന്ത്രി സഭയിലും സഹകരണ-തുറമുഖ വകുപ്പ് മന്ത്രിയായി സേവനം തുടര്‍ന്നു. 2004 ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും അതേ വകുപ്പുകള്‍ തന്നെ വഹിച്ചു. മന്ത്രിയെന്ന നിലയില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ അനന്ത സാധ്യതകള്‍ ആദ്യം കണ്ടറിഞ്ഞത് എംവിആറാണ്. അഴിമതിയുടെ കറപുരളാത്തതാണ് എംവിആറിന്റെ രാഷ്ട്രീയ ജീവിതം. രാജ്യത്തെ ആദ്യത്തെ സഹകരണ മെഡിക്കല്‍ കോളജായ പരിയാരം മെഡിക്കല്‍ കോളജിന്റെ സ്ഥാപക ചെയര്‍മാനാണ്.
1970 മാടായി, 1977 തളിപ്പറമ്പ്, 1980 ല്‍ കൂത്തുപ്പറമ്പ്, 1982 പയ്യന്നൂര്‍, 1987 ല്‍ അഴീക്കോട്, 1991 ല്‍ കഴക്കൂട്ടം, 2001 ല്‍ തിരുവനന്തപുരം വെസ്റ്റ് എന്നിങ്ങനെ വ്യത്യസ്ത മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ രാഘവന് 2006 ല്‍ പുനലൂര്‍ നിയോജമണ്ഡലത്തില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
ഭാര്യ: സി.വി ജാനകി. മക്കള്‍: എം.വി ഗിരിജ, എം.വി ഗിരീഷ് കുമാര്‍, എം.വി രാജേഷ്, എം. വി നികേഷ് കുമാര്‍. മരുമക്കള്‍ : റിട്ട. പ്രൊഫ. ഇ. കുഞ്ഞിരാമന്, ജ്യോതി, പ്രിയ, റാണി.
മൃതദേഹം ഇന്ന് വൈകീട്ട് നാലുവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് വൈകീട്ട് പാപ്പിനിശ്ശേരിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് ആറിന് ബര്ണാശ്ശേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെക്കും. തിങ്കളാഴ്ച രാവിലെ സിഎംപി ജില്ലാ കമ്മിറ്റി ഓഫീസിലും കണ്ണൂര്‍ ടൗണ്‍ സ്ക്വയറിലും പൊതുദര്‍ശനത്തിനുവെച്ച ശേഷമായിരിക്കും മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോകും. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.
Discussion about this post