ശബരിമല: തീര്‍ഥാടകരുടെ പരാതികളില്‍ സത്വര നടപടി സ്വീകരിച്ച് അവര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. വിജിലന്‍സ് എസ് പി, പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍, ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റി എല്ലാ ദിവസവും അവലോകനം നടത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്യും. ഇതേ സമിതി പമ്പയിലെ കാര്യങ്ങളും പരിശോധന വിധേയമാക്കും.
പരിസ്ഥിതി സൗഹൃദ വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടപ്പിലാക്കിയിട്ടുണ്ട്. സ്വാമി അയ്യപ്പന്‍ റോഡില്‍ കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കും. വാട്ടര്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടവഴിയില്‍ കൂടുതല്‍ വാട്ടര്‍ ടാപ്പുകള്‍ സ്ഥാപിക്കും. ഓരോ നൂറു മീറ്ററിലും ടാപ്പുകള്‍ ഉണ്ടാകും. ഇതിനായി പ്രത്യേകം പരിശീലനം നേടിയവരെ നിയോഗിക്കും.
തീര്‍ഥാടക തിരക്ക് വര്‍ധിക്കുന്നതനിസരിച്ചു ദര്‍ശന സമയം ദീര്‍ഘിപ്പിക്കുന്ന കാര്യംദേവസ്വം അധികൃതരുമായി കൂടിയാലോചന നടത്തും . മണ്ഡലകാലവുമായി ബന്ധപ്പെട്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും.സ്വീവേജ് ട്രീട്‌മെന്റ്‌റ് പ്ലാന്റിന്റെ നിര്‍മാണം ഡിസംബര്‍ 15 ന് പൂര്‍ത്തിയാകും. കൂടാതെ സര്‍ക്കാര്‍ നടപ്പാക്കനുദ്ദേശിച്ച എല്ലാ പദ്ധതികളും പൂര്‍ത്തിയായി കഴിഞ്ഞു. സാങ്കേതിക കാരണങ്ങളാല്‍ മാത്രമാണ് ചില പദ്ധതികള്‍ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ ദേവസ്വം മെമ്പര്‍ പി കെ കുമാരന്‍ എക്‌സ് എം.എല്‍.എ, കമ്മീഷണര്‍ പി വേണുഗോപാല്‍, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ കെ.ബാബു, ദേവസ്വം സെക്രട്ടറി പി ആര്‍ ബാലചന്ദ്രന്‍ നായര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ വി എസ് ജയകുമാര്‍, പി ആര്‍ ഒ മുരളി കോട്ടയ്ക്കകം തുടങ്ങിയവര്‍ പങ്കെടുത്തു.












