തിരുവനന്തപുരം: ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കുള്ള തടസങ്ങള്‍ കണ്ടെത്തുന്നതിനും പരിഹാര നടപടികള്‍ സ്വീകരിച്ച് പദ്ധതികള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശം നല്‍കി. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ് എന്നിവരുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ 23 എണ്ണത്തില്‍ നാലെണ്ണത്തിന് വനഭൂമി ആവശ്യം വരാത്ത പശ്ചാത്തലത്തില്‍ പദ്ധതികള്‍ തുടങ്ങുന്നതിന് തടസമില്ല. ഇതിന് ആവശ്യമായ സര്‍വേ നടപടികള്‍ ഉടന്‍ ആരംഭിക്കണം. മരം മുറി ആവശ്യമില്ലാത്ത പശ്ചാത്തലത്തില്‍ സര്‍വേക്കുള്ള നടപടികള്‍ക്കായി വനം വകുപ്പ് നോഡല്‍ ഓഫീസര്‍ക്ക് ഇ.എം.സി. നേരിട്ട് അപേക്ഷ നല്‍കണം. നോഡല്‍ ഓഫീസര്‍ അടിയന്തരമായി സര്‍വേക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ തീരുമാനമായി. കെ.എസ്.ഇ.ബി.യുടെ 11 പദ്ധതികളുള്‍പ്പെടെ അടിയന്തരമായി പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്ത് നടപടികള്‍ ആരംഭിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
Discussion about this post