തിരുവനന്തപുരം: സ്വയം സംരംഭകയൂണിറ്റുകള്‍ക്ക് നല്‍കുന്ന വായ്പ തുക വര്‍ദ്ധിപ്പിക്കുമെന്ന് ധനമന്ത്രി കെ എം മാണി അറിയിച്ചു.യുവസംരംഭകരുടെ കൂട്ടായ്മയുടെ ഉദ്ഘാടനം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സ്വയം സംരംഭക യൂണിറ്റുകള്‍ക്കുള്ള തുക നാലു ലക്ഷത്തില്‍ നിന്നും ഏഴു ലക്ഷമാക്കിയും ടെക്‌നോക്രാറ്റ്‌സിനുള്ള തുക 10ല്‍ നിന്ന് 15 ലക്ഷമാക്കിയും വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഏഴ് ലക്ഷം രൂപ 10 ലക്ഷമായും 15 ലക്ഷം രൂപ 20 ലക്ഷമായും ഉയര്‍ത്താന്‍ സര്‍ക്കാര്‍ പരിശ്രമിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിന് ഏല്ലാ രംഗങ്ങളിലും സ്വാശ്രയത്വം കൈവരിക്കാനാകണം. അതിന്റെ ഭാഗമായി കേരള ഫിനാന്‍സ് കോര്‍പറേഷന്‍ പുതിയ സംരംഭകര്‍ക്ക് വായ്പ മാത്രമല്ല പരിശീലനവും നല്‍കുന്നുണ്ട്. സംരംഭക സമൂഹം വാര്‍ത്തെടുക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. സാങ്കേതിക വിദ്യ ശരിയായി വിനിയോഗിക്കുന്നതിലൂടെ തൊഴില്‍ രംഗം നവീകരിക്കാനും പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനാകുമെന്നും യുവ സംരംഭക സംഗമം കേരളത്തില്‍ വലിയ മാറ്റത്തിന് വഴിതെളിയിക്കുമെന്നും മന്ത്രി പറഞ്ഞു.
എം എ വാഹിദ് എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബാഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രൊഫസര്‍ എ ദാമോദരന്‍ മുഖ്യപ്രഭാഷണം നടത്തി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ പി ജോയ് ഉമ്മന്‍, ജനറല്‍ മാനേജര്‍ എന്‍ അശോക് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള യുവ സംരംഭകത്വമിഷന്‍ അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. മലപ്പുറം ബ്രാഞ്ച് മാനേജര്‍ പി കെ അശോകന്‍, തിരുവനന്തപുരം ബ്രാഞ്ച് മാനേജര്‍ ജലജ കുമാര്‍, കട്ടപ്പന ബ്രാഞ്ച് മാനേജര്‍ മനു ജോസഫ് തുടങ്ങിയവര്‍ അവാര്‍ഡിന് അര്‍ഹരായി.
Discussion about this post