തിരുവനന്തപുരം: ശബരിമല മണ്ഡലം-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെത്തുന്ന തീര്‍ത്ഥാടകര്‍ക്കുവേണ്ടിയുള്ള ആറ്റുകാല്‍ ഇടത്താവളത്തിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വ്വഹിച്ചു. ശ്രീപത്മനാഭസ്വാമിക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്നതിനുള്ള സൗകര്യം ആറ്റുകാല്‍ക്ഷേത്ര പരിസരത്തും ഐരാണിമുട്ടം ഹോമിയോ കോളേജ് പരിസരത്തും ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്നും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലേക്കും തിരികെയും കെഎസ്ആര്‍ടിസി ബസ്സുകള്‍ ആവശ്യാനുസരണം സര്‍വ്വീസ് നടത്തുന്നുണ്ട്.
ഗതാഗതനിയന്ത്രണത്തിനും തീര്‍ത്ഥാടകസുരക്ഷയ്ക്കും ആവശ്യമായ ക്രമീകരണങ്ങളെല്ലാം പോലീസ് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. തിരക്കുവര്‍ധിക്കുന്നതോടെ ഹോംഗാര്‍ഡുകളുടെ സേവനവും പ്രയോജനപ്പെടുത്തും. പോലീസ്, റവന്യൂവകുപ്പ്, ആരോഗ്യവകുപ്പ്, കെ.എസ്.ആര്‍.ടി.സി എന്നിവ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ആരോഗ്യവകുപ്പ് മൊബൈല്‍ ക്ലിനിക്കുകള്‍ ഏര്‍പ്പെടുത്തും. നഗരസഭയുടെ ആഭിമുഖ്യത്തിലാണ് ശുചീകരണം. കെഎസ്ഇബി, ജല അതോറിറ്റി, ഫയര്‍ ഫോഴ്‌സ് മുതലായവ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പും സിവില്‍ സപ്ലൈസ് വകുപ്പും സ്‌ക്വാഡുകളെ വിന്യസിപ്പിക്കും. വില നിയന്ത്രണം കര്‍ശനമാക്കും. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മകരവിളക്കിനോടനുബന്ധിച്ചുള്ള അവസാനത്തെ ആഴ്ചകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. തീര്‍ത്ഥാടകര്‍ക്കുവേണ്ടി ബൈപ്പാസ് വേള്‍ഡ് മാര്‍ക്കറ്റിനുസമീപം പാര്‍ക്കിംഗ് ഗ്രൗണ്ട് സജ്ജമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.
വി. ശിവന്‍കുട്ടി എംഎല്‍എ യുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന ചടങ്ങില്‍ എ.ഡി.എം: വി.ആര്‍. വിനോദ്, തഹസില്‍ദാര്‍ ശശികുമാര്‍, കൗണ്‍സിലര്‍ സി.ജയന്‍, ഉത്സവകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ചന്ദ്രശേഖര പിള്ള, ക്ഷേത്രം ട്രസ്റ്റ് വൈസ് പ്രസിഡന്റ് കെ. ഗിരിജ കുമാരി, സുഭാഷ് ബോസ് മുതലായവര്‍ പങ്കെടുത്തു.
Discussion about this post