തിരുവനന്തപുരം: മികച്ച ഭരണ നിര്‍വഹണത്തിന് നിയമ പരിജ്ഞാനം ആവശ്യമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അഭിപ്രായപ്പെട്ടു. തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ സ്ഥാപക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നതിന് തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികള്‍ സഹായകരമാണ്. മികച്ച നിലയില്‍ ഇതു പ്രാവര്‍ത്തികമാകാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമ പരിജ്ഞാന പരിശീലനം നല്‍കേണ്ടതുണ്ട്. കര്‍ത്തവ്യ നിര്‍വ്വഹണത്തിന് നിയമാവബോധ പരിശീലനം സഹായകരമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്നപ്പോള്‍ താന്‍ കൊണ്ടുവന്ന നോട്ട നടപടി ശ്രദ്ധേയമായിരുന്നതായി പലതലങ്ങളില്‍ നിന്നും അഭിപ്രായം വന്നിരുന്നു. മത്സരാര്‍ത്ഥികള്‍ നികുതി/വരുമാനം ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പ് അസാധുവാകുന്നതരത്തിലുള്ള കമ്മീഷന്റെ ശക്തമായ നടപടികളും ജനാധിപത്യത്തിന് കരുത്തുപകരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തെ മികച്ച ജനാധിപത്യ രാഷ്ട്രമാക്കി മാറ്റുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍ പറഞ്ഞു. 2015 ലെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പിന് ഫോട്ടോപതിച്ച വോട്ടര്‍ പട്ടിക ഉപയോഗിക്കുമെന്നും ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍ പറഞ്ഞു. കൃത്യതയാര്‍ന്ന വോട്ടര്‍ പട്ടിക തയ്യാറാക്കും. എന്‍.ഐ.സിയുടെ സഹായത്തോടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിന് ഉപയോഗിക്കും. തിരഞ്ഞെടുപ്പിനായുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ചീഫ് ഇലക്ടറല്‍ ഓഫീസറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി പി.ഗീത, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എ.അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് തിരഞ്ഞെടുപ്പു സംബന്ധിച്ച വിവിധ വിഷയങ്ങളില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി.ബാലകിരണ്‍, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ അഡ്വ.മുരളി പുരുഷോത്തമന്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
Discussion about this post