ആറന്മുള: ശബരിമല ക്ഷേത്രത്തില്‍ 27നു നടക്കുന്ന മണ്ഡലപൂജയ്ക്കു ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ടു.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ നടയ്ക്കുവച്ച തങ്കഅങ്കി ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലാണു സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ തങ്കഅങ്കി ദര്‍ശിക്കാന്‍ നൂറുകണക്കിനു അയ്യപ്പഭക്തരാണ് എത്തിയിരുന്നത്. ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഏറ്റുവാങ്ങി സായുധ പോലീസിന്റെ അകമ്പടിയോടെയാണ് തങ്കഅങ്കി പ്രത്യേകം തയാറാക്കിയ രഥത്തിലേക്കു കയറ്റിയത്. ശബരിമല ക്ഷേത്ര മാതൃകയിലാണ് രഥം തയാറാക്കിയിരിക്കുന്നത്. വിവിധ ക്ഷേത്രങ്ങളില്‍ ആചാരപരമായ വരവേല്പ് ഘോഷയാത്രയ്ക്ക് ഒരുക്കിയിരുന്നു.
ഇന്നലെ രാത്രി ഓമല്ലൂരിലെത്തി തങ്ങുന്ന ഘോഷയാത്ര ഇന്നു രാവിലെ പത്തനംതിട്ട വഴി രാത്രിയില്‍ കോന്നിയിലെത്തും. നാളെ പെരുനാട്ടിലാണ് വിശ്രമം. 26ന് ഉച്ചയോടെ പമ്പയിലെത്തും. അവിടെനിന്നു അയ്യപ്പസേവാസംഘം വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ സന്നിധാനത്തേക്ക് ആനയിക്കും. വൈകുന്നേരം അയ്യപ്പവിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടക്കും.
Discussion about this post