ജക്കാര്‍ത്ത: കാണാതായ എയര്‍ ഏഷ്യ വിമാനത്തിനായുള്ള തെരച്ചില്‍ പുനരാരംഭിച്ചു. കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് ഞായറാഴ്ച രാത്രി നിര്‍ത്തിവച്ച തെരച്ചിലാണ് പുനരാരംഭിച്ചത്. ജാവ ദ്വീപ് സമൂഹത്തിലെ ബാലിറ്റംഗ് ദ്വീപ് കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുന്നത്. ഇവിടെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഞായറാഴ്ച രാവിലെയാണ് ഇന്തോനേഷ്യയില്‍ നിന്നും സിംഗപ്പൂരിലേക്ക് പോയ എയര്‍ ഏഷ്യ വിമാനം കാണാതായത്. യാത്രക്കാരും ജീവനക്കാരുമടക്കം 162 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. തെരച്ചിലിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
വിമാനം കാണാതാകുന്ന സമയത്ത് ഇവിടെ ശക്തമായ ചുഴലിക്കാറ്റുണ്ടായിരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്നവരില്‍ 155 പേരും ഇന്തോനേഷ്യന്‍ സ്വദേശികളാണ്.
Discussion about this post