തിരുവനന്തപുരം: മകരവിളക്കിന് ഒരുക്കുന്ന എല്ലാ ക്രമീകരണങ്ങളിലും കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു. ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെയും ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
ഭക്തജനത്തിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുവാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. അരവണ, അപ്പം നിവേദ്യങ്ങളുടെ ലഭ്യതയും വിതരണവും പരാതിരഹിതമായി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ദേവസ്വം ബോര്‍ഡ് അധികൃതരോട് നിര്‍ദേശിച്ചു. വിവിധ വകുപ്പുകളുടെ മകരവിളക്ക് സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. മകരവിളക്കുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഓരോ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങളില്‍ വേണ്ട മാറ്റങ്ങളും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പോലീസ്, ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ് സേനകളുടെ ചിട്ടയാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷയ്ക്കും പ്രത്യേക ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മകരജ്യോതി ദര്‍ശനത്തിന് വിവിധ സ്ഥലങ്ങളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിവരികയാണ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലെല്ലാം കുടിവെള്ള വിതരണത്തിനായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മകരവിളക്കിനോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ആയിരം സ്‌പെഷ്യല്‍ ബസ്സുകള്‍ ഭക്തജനങ്ങള്‍ക്കായി ലഭ്യമാക്കും. ആരോഗ്യവകുപ്പ് വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്കായി കൂടുതല്‍ സ്‌ക്വാഡുകളെ വിന്യസിപ്പിക്കും. കൂടുതല്‍ വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി സര്‍ക്കാര്‍ 40 ലക്ഷം രൂപ അനുവദിച്ചു. പോലീസ് മെസ്സ് അലവന്‍സ് ഒന്നരക്കോടി രൂപയില്‍ നിന്നും 2.1 കോടി രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാത്രികാല പട്രോളിംഗിന് കൂടുതല്‍ വാഹനങ്ങളെ വിന്യസിപ്പിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ദേവസ്വം ബോര്‍ഡിന്റെയും മകരവിളക്കിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെല്ലാം തൃപ്തികരമാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ജനുവരി ഒമ്പതിന് വൈകുന്നേരം മൂന്നു മണിക്ക് പമ്പയില്‍ ജനപ്രതിനിധികളെയും വിവിധ വകുപ്പ് മേധാവികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള അവലോകനയോഗം ചേരും.
ശബരിമല സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് വിഷുവിന് കമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി യോഗത്തില്‍ ദേവസ്വം മന്ത്രി പറഞ്ഞു. കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടല്‍ ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലും എ.ബി.സി കേബിളുകള്‍ സ്ഥാപിച്ച് വൈദ്യുതി വിതരണം സുഗമമാക്കുക, സ്വാമി അയ്യപ്പന്‍ റോഡില്‍ ആരംഭിച്ച ചികിത്സാ കേന്ദ്രത്തിനോടനുബന്ധിച്ച് ഡോക്ടര്‍മാര്‍ക്കും മറ്റും സ്ഥിരം താമസസൗകര്യമൊരുക്കല്‍, സന്നിധാനത്ത് പോലീസ് മെസ്സിനുവേണ്ടിയുള്ള പ്രത്യേക കെട്ടിടം എന്നിവയ്ക്കായി മകരവിളക്ക് കഴിഞ്ഞാലുടന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗങ്ങള്‍ വിളിക്കും.
അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഡി.ജി.പി: ബാലസുബ്രഹ്മണ്യം, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ബോര്‍ഡ് കമ്മീഷണര്‍ പി. വേണുഗോപാല്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍, മെമ്പര്‍ പി.കെ. കുമാരന്‍, ദക്ഷിണ മേഖലാ എ.ഡി.ജി.പി: പത്മകുമാര്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഹരികിഷോര്‍, ഫുഡ് സേഫ്ടി കമ്മീഷണര്‍ റ്റി.വി. അനുപമ, ചീഫ് എന്‍ജിനീയര്‍ പി.എസ്. ജോളി ഉല്ലാസ്,ദേവസ്വം , പോലീസ്, ഫയര്‍ഫോഴ്‌സ്, ഫുഡ് സേഫ്റ്റി,ഫോറസ്റ്റ്,മോട്ടോര്‍ വെഹിക്കിള്‍സ്, ആരോഗ്യം,പൊതുമരാമത്ത്,വാട്ടര്‍ അതോറിട്ടി,ഇറിഗേഷന്‍,കെഎസ്ഇബി,മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരും വിലയിരുത്തല്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post