ആലുവ: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ശ്രീപാര്‍വതീ ദേവിയുടെ നടതുറപ്പു മഹോത്സവം ആരംഭിച്ചതോടെ ദര്‍ശനത്തിനായി വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. നടതുറപ്പു ദിവസംതന്നെ അഭൂതപൂര്‍വമായ തിരക്കുണ്ടായിരുന്നു. പുലര്‍ച്ചെ 2 വരെ ഭക്തജനത്തിരക്കായിരുന്നു. നടതുറപ്പിനുശേഷം തിരുവാതിരരാവില്‍ ക്ഷേത്രത്തില്‍ തിരുവാതിരകളിയും അരങ്ങേറി. നടതുറന്നശേഷം ദേവിയെ ബ്രാഹ്മിണിയമ്മ പാട്ടുപുരക്കലേക്ക് ആനയിക്കുന്നതിനാല്‍ തിരുവാതിരകളിക്കൊപ്പം ദേവിസാന്നിധ്യം ഉണ്ടെന്നാണ് വിശ്വാസം. തിരുവൈരാണിക്കുളത്തിന്റെ ഈ പ്രത്യേകത മറ്റെങ്ങും ഇല്ല. നടതുറക്കുന്ന ദിവസംതന്നെ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്നു വന്ന് ദേവിയെ തൊഴുത് തിരുവാതിര ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന സംഘം ഈ വര്‍ഷവും മുടങ്ങാതെ എത്തി. വര്‍ഷത്തില്‍ 12 ദിവസം മാത്രം നടതുറന്ന് ദര്‍ശനം നല്‍കുന്ന ഇവിടെ ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യം,എ ഡി ജി പി പദ്മകുമാര്‍ സിനിമാതാരങ്ങളായ സുബലക്ഷ്മി, താരാ കല്യാണ്‍ തുടങ്ങിയവര്‍ എത്തി. ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അന്നദാനവും ആരംഭിച്ചു. അന്നദാനത്തിന്റെ ഉദ്ഘാടനം സിനിമാതാരം താരാ കല്യാണ്‍ നിര്‍വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കെ എ പ്രവീണ്‍കുമാര്‍, സെക്രട്ടറി പി വി വിനോദ് എന്നിവര്‍ സംബന്ധിച്ചു.
Discussion about this post