തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ഗതാഗതത്തിരക്കേറിയ മൂന്ന് പ്രധാന റോഡുകള്‍ വീതി കൂട്ടി നവീകരിക്കുമെന്ന് സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. കൈതമുക്ക് – പാസ്‌പോര്‍ട്ട് ഓഫീസ് – കവറടി, ശംഖുമുഖം – വെട്ടുകാട് – വേളി, വഴുതക്കാട് – സനഡു ജംഗ്ഷന്‍ – ബേക്കറി ജംഗ്ഷന്‍ എന്നീ റോഡുകളാണ് നവീകരിക്കുക. സര്‍വേ നടപടികള്‍ ഉടന്‍ ആരംഭിക്കും. നഗരത്തിലെ മരാമത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
പേട്ട അഡീഷണല്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനായി നിശ്ചയിച്ച ഭൂമിക്ക് പൊന്നും വില നല്‍കുന്നതിന് ജില്ലാതല പര്‍ച്ചേസ് കമ്മിറ്റിയുടെ അടിയന്തര യോഗം ചേരാന്‍ നിര്‍ദ്ദേശിച്ചു. മേലാറന്നൂര്‍ റയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള നിര്‍ദ്ദേശം റവന്യൂ അധികൃതര്‍ക്ക് സമര്‍പ്പിക്കാന്‍ കേരളാ സ്റ്റേറ്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനെയും മരാമത്ത് വകുപ്പിനെയും ചുമതലപ്പെടുത്തി. തകരപ്പറമ്പ് ഫ്‌ളൈ ഓവറിന്റെ നിര്‍മാണം മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് മന്ത്രി അറിയിച്ചു. വള്ളക്കടവ് പാലം പുനര്‍നിര്‍മിക്കാന്‍ യത്തീംഖാനയില്‍ നിന്നുമാത്രം ഭൂമി ഏറ്റെടുക്കണമെന്ന മുന്‍ സര്‍ക്കാരിന്റെ തീരുമാനം മാറ്റി എതിര്‍വശത്തെ സ്വകാര്യ ഭൂമി കൂടി ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കും. തീരദേശത്തെ ഏറ്റവും റോഡപകടങ്ങള്‍ വര്‍ധിച്ച ആള്‍ സെയിന്റ്‌സ് ജംഗ്ഷന്‍ മുതല്‍ ജി.വി.രാജാ ജംഗ്ഷന്‍ വരെയുള്ള റോഡിനു നടുവില്‍ മീഡിയന്‍ നിര്‍മിക്കാന്‍ റോഡ് ഫണ്ട് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. വഴുതക്കാട് കോട്ടണ്‍ ഹില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ബഹുനില മന്ദിര നിര്‍മ്മാണത്തിനുള്ള എസ്റ്റിമേറ്റ് പുതുക്കി രണ്ട് ഭാഗമായി ടെന്‍ഡര്‍ നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
Discussion about this post