കണ്ണൂര്‍: വളപട്ടണം മന്നയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് ചിറക്കല്‍ പഞ്ചായത്തില്‍ പാര്‍ട്ടി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. വളപട്ടണം മൂപ്പന്‍പാറയില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രാത്രിയാണ് വളപട്ടണം മന്ന മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപം ബസ്‌ഷെല്‍ട്ടറില്‍ ഇരിക്കുകയായിരുന്ന ബിജെപി ചിറക്കല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹൈവേയ്ക്കു സമീപത്തെ ഉണ്ണികൃഷ്ണന്‍ (37), വിഎച്ച്പി പ്രചണ്ഡ് പ്രമുഖ് ജീവന്‍ (32) എന്നിവര്‍ക്കാണു വെട്ടേറ്റത്. ഇവരെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരകായുധങ്ങളുമായി നാല് ബൈക്കുകളിലായെത്തിയ എട്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. ഇതില്‍ മൂന്നു സിപിഎം പ്രവര്‍ത്തകരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
എസ്‌ഐ സുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പുതിയതെരുവില്‍ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനം ഹൈവെ ജംഗ്ഷന്‍ ചുറ്റി ടൗണില്‍ സമാപിച്ചു. പ്രതിഷേധ പ്രകടനത്തിന് ബിജെപി നേതാക്കളായ കൂനത്തറ ഗിരിധരന്‍, പള്ളിപ്പുറത്ത് പ്രകാശന്‍, വിനീഷ് ബാബു, സുരേഷ് വര്‍മ, സുധീര്‍ ബാബു, സുജിത്ത്, കെ. രഘു എന്നിവര്‍ നേതൃത്വം നല്‍കി.
കഴിഞ്ഞദിവസം പൂതപ്പാറയില്‍ ബിജെപി പ്രവര്‍ത്തകന്‍ നവനീതിനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മിഥുനിനും മര്‍ദനമേറ്റിരുന്നു. കടലായി തെരുവില്‍ വീടുകള്‍ക്കു നേരേയും ആക്രമണമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകുന്നേരം ബിജെപി പ്രവര്‍ത്തകര്‍ പുതിയതെരുവില്‍ പ്രകടനം നടത്തിയിരുന്നു. പിന്നാലെ സിപിഎം പ്രവര്‍ത്തകരും പ്രകടനമായെത്തി. സംഘര്‍ഷാവസ്ഥ ഉണ്ടായതിനെ തുടര്‍ന്നു വളപട്ടണം പോലീസെത്തി ഇരുവിഭാഗത്തേയും പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ദിവസത്തെ അക്രമത്തിന്റെ തുടര്‍ച്ചയാണ് മന്നയിലെ ആക്രമണമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.
Discussion about this post