തിരുവനന്തപുരം: 22നു സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കില്‍ പങ്കെടുത്ത് ഓഫീസില്‍ ഹാജരാകാതിരിക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തി ഉത്തരവായി. എല്ലാ വകുപ്പധ്യക്ഷന്മാരും 22 ലെ ഹാജര്‍ പട്ടിക എല്ലാ സബ് ഓഫീസുകളില്‍നിന്നും സമാഹരിച്ച് ടെലിഫോണ്‍ മുഖേന (2327559/2518399) രാവിലെ 10.30-ന് മുമ്പായി അറിയിക്കുന്നതിനോടൊപ്പം അന്നേ ദിവസം ഓഫീസില്‍ ഹാജരാകാത്ത ജീവനക്കാരുടെ പേര്, തസ്തിക, സ്ഥാപനത്തിന്റെ പേര് എന്നിവ തയാറാക്കി അയച്ചു നല്‍കാനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും 22 ന് ഹാജര്‍ രാവിലെ 10.30 മണിക്ക് മുമ്പായി ഫോണ്‍ മുഖേന അറിയിക്കുന്നതിലും വീഴ്ചയുണ്ടാകാതെ ശ്രദ്ധിക്കുവാന്‍ സബ് ഓഫീസുകള്‍ക്കു നിര്‍ദേശം നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒഴിവാക്കാനാവാത്ത സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി മാത്രമേ പണിമുടക്കു ദിവസം അവധി അനുവദിക്കുകയുള്ളൂ. മെഡിക്കല്‍ അവധിക്കുളള അപേക്ഷയോടൊപ്പം മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഏതു വിധത്തിലുളള അപേക്ഷയും നിരസിക്കാന്‍ അവധി അനുവദിക്കുന്ന ഓഫീസര്‍ക്ക് അധികാരമുണ്ടായിരിക്കും. അതേസമയം സമരം ചെയ്യാത്ത ജീവനക്കാര്‍ക്കു സംരക്ഷണം നല്‍കും. ഓഫീസ് ഗേറ്റുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കും. ജീവനക്കാര്‍ തടസങ്ങളില്ലാതെ ഓഫീസിലെത്താന്‍ സൗകര്യമൊരുക്കും.
ഓഫീസ് തലവന്‍ സമരത്തിലേര്‍പ്പെട്ട് ഓഫീസ് തുറക്കാതെവരുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ ജില്ലാ ഓഫീസര്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യേണ്ടതും ജില്ലാ ഓഫീസര്‍, ഓഫീസ് പ്രവര്‍ത്തനം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതിനു നടപടികള്‍ കൈക്കൊളേളണ്ടതുമാണ്.
ഓഫീസ് മേധാവികള്‍ ഓഫീസിന്റെ താക്കോല്‍ സൂക്ഷിക്കേണ്ടതും കൃത്യസമയത്ത് ഓഫീസ് തുറക്കുന്നതിനു നടപടികള്‍ കൈക്കൊള്ളേണ്ടതുമാണ്. ഡിജിപിയുമായി കൂടി ആലോചിച്ച് വകുപ്പു മേധാവികള്‍ക്ക് ഓഫീസില്‍ രാത്രി കാവല്‍ ഏര്‍പ്പെടുത്താം.
ജില്ലാ കളക്ടര്‍മാര്‍ക്ക് ആവശ്യാനുസരണം സ്വകാര്യവാഹനം വാടകയ്‌ക്കെടുക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഡയസ്‌നോണ്‍ ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തില്‍ നിന്നു പിടിക്കും. ഗസറ്റഡ് ഓഫീസര്‍മാര്‍ ശമ്പള ബില്ലിനൊപ്പം അറ്റന്‍ഡന്‍സ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.
അക്രമത്തിനു മുതിരുകയോ പൊതുവകകള്‍ക്കു നാശനഷ്ടം വരുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കും. പണിമുടക്കുദിവസം ഹാജരാകാത്ത പ്രൊവിഷണല്‍ ജീവനക്കാരെ സര്‍വീസില്‍നിന്നു നീ ക്കം ചെയ്യും. 22ലെ ഹാജര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഫോണ്‍ മുഖേന കളക്ടര്‍മാക്കും വകുപ്പുതലവന്‍മാര്‍ക്കും രാവിലെ 10.30 നു മുമ്പുതന്നെ പൊതുഭരണ വകുപ്പില്‍ അറിയിക്കാം. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ജനുവരി 23 നു തന്നെ പൊതുഭരണ വകുപ്പിന് നല്‍കുകയും വേണം. അവശ്യസര്‍വീസുകളുടെ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനു നടപടികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിക്കണം.
സംഘര്‍ഷം ഒഴിവാക്കുന്നതിനു പോലീസ് നടപടി സ്വീകരിക്കും. നിര്‍ദേശങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
Discussion about this post