തിരുവനന്തപുരം: അറുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ദേശീയപതാകയുയര്‍ത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് തുറന്ന ജീപ്പില്‍ പരേഡ് പരിശോധിച്ചു. വിവിധ സേനാവിഭാഗങ്ങള്‍ ഗവര്‍ണര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റ് നടത്തി.
മദ്രാസ് റെജിമെന്റിലെ മേജര്‍ പി.എല്‍. രാഘവേന്ദര്‍ പരേഡ് കമാന്‍ഡറും, സതേണ്‍ എയര്‍ കമാന്‍ഡിലെ സ്‌ക്വാഡ്രണ്‍ ലീഡര്‍ അരുണ്‍ പന്‍വാര്‍ സെക്കന്റ് ഇന്‍ കമാന്റും ആയിരുന്നു. ഇന്ത്യന്‍ കരസേന, വായുസേന, അതിര്‍ത്തി രക്ഷാസേന, സി.ആര്‍.പി.എഫ്, റെയില്‍വേ സുരക്ഷാസേന, സ്‌പെഷ്യല്‍ ആംഡ് പോലീസ്, തിരുവനന്തപുരം സിറ്റി ആംഡ് റിസര്‍വ് പോലീസ്, ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍, കേരള പ്രിസണ്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നീ സായുധ സേനാ വിഭാഗങ്ങളും കേരള ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസ്, കേരള എക്‌സൈസ് വകുപ്പ്, വനം വകുപ്പ്, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്, ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, അശ്വാരൂഢ സേന എന്നീ സേവന സേനാ വിഭാഗങ്ങളും പരേഡില്‍ പങ്കെടുത്തു. സ്‌പെഷ്യല്‍ ആംഡ് പോലീസ്, തിരുവനന്തപുരം സിറ്റി പോലീസ്, ഇന്ത്യന്‍ ആര്‍മി എന്നിവയുടെ നേതൃത്വത്തിലുള്ള ബാന്റ്‌വാദ്യം പരേഡിന് പശ്ചാത്തല സംഗീതമൊരുക്കി. പരേഡിന് ശേഷം ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. തുടര്‍ന്ന് സ്‌കൂള്‍ കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, എം.എല്‍.എ. മാരായ കെ. മുരളീധരന്‍, ബി. സത്യന്‍, ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ജിജി തോംസണ്‍, നളിനി നെറ്റോ, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഒട്ടനവധി വിശിഷ്ടാതിഥികള്‍ സന്നിഹിതരായിരുന്നു.
Discussion about this post