തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര സുരക്ഷയ്ക്കായുള്ള ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി സ്‌കീമിന്റെ ഭാഗമായി സ്ഥാപിച്ച ഹൈടെക് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ആഭ്യന്തര, വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെല്‍ട്രോണിന്റെ സാങ്കേതിക സംവിധാനമുപയോഗിച്ച് സജ്ജീകരിച്ച കമാന്‍ഡ് കണ്‍ട്രോള്‍ റൂമിന്റെ താക്കോല്‍ കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടര്‍ ഡി.പ്രസന്നകുമാര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറി.
സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന്‍, എഡിജിപി ലോക്‌നാഥ് ബെഹ്‌റ, ദക്ഷിണമേഖലാ എഡിജിപി കെ.പത്മകുമാര്‍, തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം, ദേവസ്വം – പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി എച്ച്.വെങ്കിടേഷ്, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷ് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. ഗ്രീസ്, യു.എസ്., യു.കെ., ജര്‍മനി തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത സിസി ടിവികള്‍, എണ്‍പത് കിലോമീറ്റര്‍ വേഗതയില്‍ വന്നാല്‍പ്പോലും വാഹനങ്ങളെ തടഞ്ഞുനിര്‍ത്താന്‍ ശേഷിയുള്ള ബൊള്ളാര്‍ഡുകള്‍, റോഡ് ബ്ലോക്കറുകള്‍, കിഴക്കേനടയിലും തെക്കേനടയിലുമുള്ള ബുള്ളറ്റ് പ്രൂഫ് സെന്‍ട്രി ബൂത്തുകള്‍, സന്ദര്‍ശകരുടെ എണ്ണം തിട്ടപ്പെടുത്തുന്നതുള്‍പ്പെടെ ആധുനിക സംവിധാനങ്ങളുള്ള ഡോര്‍ ഫ്രെയിം, മെറ്റല്‍ ഡിറ്റക്ടറുകള്‍, പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാനുള്ള സംവിധാനം, പ്രകാശ സംവിധാനം എന്നിവയുള്‍പ്പെടുന്നതാണ് രണ്ടാം ഘട്ട സുരക്ഷാ സജ്ജീകരണം.
Discussion about this post