
ആലുവ: മതേതരത്വം രാജ്യത്തിന്റെ ശക്തിയാണെന്നും ദൗര്‍ബല്യമല്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തില്‍ 92 സര്‍വമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതം എല്ലാ സംസ്‌കാരങ്ങളുടെയും നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഈ പാരമ്പര്യത്തിന് നേരെ ആര് വെല്ലുവിളികള്‍ നടത്തിയാലും വിജയിക്കില്ല.
സമൂഹത്തിനാകമാനം വെളിച്ചം നല്‍കാന്‍ കഴിയുന്ന രീതിയില്‍, എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്ന് തെളിയിക്കാന്‍ ശ്രീനാരായണ ഗുരു നടത്തിയ പരിശ്രമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ആലുവ ആശ്രമത്തിലെ സര്‍വമത സമ്മേളനം. ‘വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്’ എന്നാണ് സര്‍വമത സമ്മേളനത്തെക്കുറിച്ച് ഗുരു പറഞ്ഞത്. ഗുരു അദ്വൈതത്തിന് നല്‍കിയ പ്രാധാന്യം മതസൗഹാര്‍ദത്തിന് വിത്ത് പാകുന്നതായിരുന്നു.
മതങ്ങളും മതവിശ്വാസങ്ങളും മനുഷ്യ നന്മയ്ക്കുള്ളതാണ്. ഒരു മതവും മറ്റൊരു മതത്തെ കുറ്റം പറയുന്നില്ല. മറ്റു മതവിശ്വാസങ്ങളെ ബഹുമാനിക്കാനാണ് എല്ലാ മതങ്ങളും പറയുന്നത്. മതത്തില്‍ നിന്ന് ഉത്ഭവിച്ച ജാതിവ്യവസ്ഥ കേരളത്തിലുണ്ടാക്കിയ പ്രശ്‌നങ്ങള്‍ കൊണ്ടാണ് ‘മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന് ഗുരു പറഞ്ഞത്. അക്കാലത്ത് ജനങ്ങള്‍ക്ക് വിദ്യാഭ്യാസം കുറവായതിനാല്‍ ലളിതമായ ഭാഷയിലായിരുന്നു അദ്ദേഹം സംസാരിച്ചത്. ജാതിയല്ല, വിശ്വാസവും കര്‍മവുമാണ് ഒരു മനുഷ്യന്റെ മതം നിര്‍ണയിക്കുന്നതെന്നും ഇത് തിരിച്ചറിഞ്ഞാല്‍ വര്‍ഗീയത ഉണ്ടാവില്ലെന്നും ഇന്ത്യ ഇസ്ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
സ്വാമി വിശാലാനന്ദ അധ്യക്ഷത വഹിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ഡോ. സഖറിയാസ് മാര്‍ അപ്രേം, കുമ്മനം രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു. ശിവസ്വരൂപാനന്ദ സ്വാമി സ്വാഗതവും വിദ്യാനന്ദന്‍ സ്വാമി നന്ദിയും പറഞ്ഞു.
Discussion about this post