ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍
അദ്ധ്യായം – 6
വിദ്യാഭ്യാസപദ്ധതി
ആത്മജ്ഞാനോദയമാണു ജീവിതത്തിന്റെ പരമലക്ഷ്യം. അതുനേടാനായി ഋഷിമാര്‍ കണ്ടെത്തിയ സുഗമമായ മാര്‍ഗ്ഗമാണ് ഇനി പറയാന്‍ തുടങ്ങുന്നത്. ആ മാര്‍ഗ്ഗത്തിന്റെ പേരാണ് വിദ്യാഭ്യാസം. ഋഷിപ്രോക്തമായ വിദ്യാഭ്യാസം ഇംഗ്ലീഷുകാരന്‍ ഏര്‍പ്പെടുത്തിയ ഇന്നത്തെ വിദ്യാഭ്യാസപദ്ധതിയല്ല. ശരീരാത്മബോധംവളര്‍ത്തി നിരീശ്വരവാദം ദൃഢമാക്കാനും ചൂഷണംവളര്‍ത്തി മാനവരാശിയെ സംഘര്‍ഷത്തിലേക്കു നയിക്കാനുമേ സായ്പിന്റെ വിദ്യാഭ്യാസക്രമം ഉപകരിക്കൂ.
ദേഹോfഹമെന്നുള്ള ബുദ്ധിമനുഷ്യര്‍ക്കു
മോഹമാതാവാമവിദ്യയാകുന്നതും
ദേഹമല്ലോര്‍ക്കില്‍ ഞാനായതാത്മാവെന്നു
മോഹൈകഹന്തിയായുള്ളതു വിദ്യകേള്‍
സംസാരകാരിണിയായതവിദ്യയും
ആകയാല്‍ മോക്ഷാര്‍ത്ഥിയാകില്‍ വിദ്യാഭ്യാസ-
മേകാന്തചേതസാ ചെയ്ക വേണ്ടുന്നതും.
വിദ്യയും അവിദ്യയും
ബന്ധനത്തിനു കാരണമായ അവിദ്യയും ബന്ധവിമുക്തിക്ക് അഥവാ മോക്ഷത്തിനു കാരണമായ വിദ്യയും എന്താണെന്ന് ശ്രീരാമന്‍ വളരെ ലളിതമായി ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. മനുഷ്യരുടെ അജ്ഞാനത്തിനും തജ്ജന്യമായ ബന്ധനത്തിനും കാരണം ഞാന്‍ ശരീരമാണെന്ന വിശ്വാസമാണ്. ‘ഞാന്‍’ ശരീരമല്ല ആത്മാവാണെന്ന ഉറച്ച അറിവാണ് അജ്ഞാനത്തെ നശിപ്പിക്കുന്ന വിദ്യ, സംസാരദുഃഖങ്ങള്‍ക്കുകാരണം അവിദ്യയും സംസാരവിമുക്തിക്കാസ്പദം വിദ്യയുമാണ്. അതിനാല്‍ മോക്ഷം അഥവാ അഖണ്ഡമായ ആനന്ദം ആഗ്രഹിക്കുന്നവര്‍ ഏകാന്തമായ മനസ്സോടെ വിദ്യ അഭ്യസിക്കണം.
ഞാന്‍ ശരീരമാണെന്ന വിചാരമാണു സകലദുഃഖങ്ങള്‍ക്കും കാരണമെന്നു വ്യക്തമാക്കിയല്ലൊ. അതുമാറിയാലല്ലാതെ ആനന്ദപ്രാപ്തി ഉണ്ടാകാന്‍ പോകുന്നില്ല. കണ്ണിനു കാണാനുള്ളശക്തിയായും കാതിനു കേള്‍ക്കാനുള്ളശക്തിയും വാഗിന്ദ്രിയത്തിനു പറയാനുള്ള ശക്തിയായും പ്രാണനു ചലനശക്തിയായും കുടികൊള്ളുന്ന ചൈതന്യമാണു ഞാനെന്നറിയുന്നതോടെ ദുഃഖങ്ങളെല്ലാമസ്തമിക്കുന്നു. മരണരഹിതമായ അവസ്ഥയില്‍ എത്തിച്ചേരുന്നു. എന്തെന്നാല്‍ ആ ചൈതന്യം ജനനമരണരഹിതവും ആനന്ദസ്വരൂപവുമാണ്. ജനനമരണങ്ങള്‍ ശരീരത്തിനുള്ളതാണ്. ആത്മാവിന്റേതല്ല. ഈ അറിവാണു വിദ്യ. ഇത് ഉറയ്ക്കുക അത്ര എളുപ്പമല്ല. ആദ്യം ഗുരുവചനത്തില്‍നിന്നും ഉപനിഷത്ത്, ഭഗവദ്ഗീത, രാമായണം തുടങ്ങിയ മഹാഗ്രന്ഥങ്ങളുടെ പാരായണത്തില്‍ നിന്നും ഈ വസ്തുത അറിയണം. ഈ അറിവ് ബുദ്ധിയുടെ തലത്തിലുണ്ടാകുന്നതു മാത്രമാണ്. അനുഭവജ്ഞാനമല്ല. പഞ്ചസാര രുചിച്ചിട്ടില്ലാത്ത ഒരാള്‍ പഞ്ചസാര മധുരമാണെന്നു ആരെങ്കിലും പറഞ്ഞോ പുസ്തകം വായിച്ചോ അറിയുന്നതിനു തുല്യമാണിത്. പഞ്ചസാര മധുരമാണെന്നു മനസ്സിലാക്കിയെന്നല്ലാതെ അതിന്റെ മാധുര്യം അയാള്‍ അനുഭവിച്ചറിഞ്ഞിട്ടില്ല. ഈ വിധമുള്ള ജ്ഞാനം പരോക്ഷജ്ഞാനമാണ്. ഇതാണു ജ്ഞാനോദയത്തിന്റെ ആദ്യപടി. ഇതു നേടിയാലേ ജ്ഞാനമാര്‍ഗ്ഗത്തില്‍ മുന്നേറാനാവൂ. പക്ഷേ ഈ അവസ്ഥയില്‍ എത്തിയതുകൊണ്ടുമാത്രം സംശയം അവസാനിക്കുകയില്ല. പഞ്ചസാര കയ്ചിട്ടാണെന്നു ആരെങ്കിലും പറഞ്ഞാല്‍പിന്നെ സംശയമായി. അതു തീരാന്‍ പ്രത്യക്ഷജ്ഞാനമുണ്ടാകണം. ഒരുനുള്ളുപഞ്ചസാര നാവില്‍വച്ചു രുചിച്ചുനോക്കണം. പഞ്ചസാരയുടെ മാധുര്യം അറിയാന്‍ കഴിയുമെന്നു മാത്രമല്ല പിന്നീട് അതേപ്പറ്റി ആരെന്തുപറഞ്ഞാലും സംശയമുണ്ടാവുകയുമില്ല. ഇങ്ങനെ പുസ്തകംവായിച്ചും ഗുരുക്കന്മാരില്‍നിന്നു കേട്ടും പരമാത്മാവാണു ഞാനെന്നറിയുന്ന പരോക്ഷജ്ഞാനത്തിന്റെ പിന്‍ബലത്തോടെ ആചാര്യന്മാര്‍ കാണിച്ചുതന്ന കര്‍മ്മ, ഭക്തി, ജ്ഞാന, യോഗാദികളായ മാര്‍ഗ്ഗങ്ങളില്‍ ഏതെങ്കിലും ഒന്നവലംബിച്ച് അനുഭവം നേടണം. ദുഃഖങ്ങളും മരണാദിഭയങ്ങളുമകന്ന് അഖണ്ഡമായ ജ്ഞാനാനന്ദങ്ങളുടെ പൂര്‍ണത അതോടെ തെളിയുന്നു.
ഭിദ്യതേ ഹൃദയഗ്രന്ഥിഃ
ഛിദ്യന്തേ സര്‍വസംശയാഃ
ക്ഷീയന്തേചാസ്യ കര്‍മ്മാണി
തസ്മിന്‍ ദൃഷ്ടേപരാവരേ.
എന്നു മുണ്ഡകോപനിഷത്ത് വര്‍ണ്ണിക്കുന്ന അവസ്ഥയാണത്. ഇതിനുവേണ്ടിയുള്ള പരിശ്രമമാണു വിദ്യാഭ്യാസം.
Discussion about this post