തിരുവനന്തപുരം: ട്രാന്‍സ്‌ഫോര്‍മറിന്റെ പരിസരത്ത് പൊങ്കാലയിടുന്നവര്‍ സുരക്ഷിത അകലം പാലിക്കണം. ട്രാന്‍സ്‌ഫോര്‍മറിന്റെ ചുറ്റുവേലിക്കകത്ത് പ്രവേശിക്കുകയോ, വേലിയില്‍ തൊടുകയോ ചാരി നില്‍ക്കുകയോ ചെയ്യരുത്. വൈദ്യുത തടി പോസ്റ്റിന് തീ പിടിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ അതിനുസമീപം പൊങ്കാലയിടുന്നത് ഒഴിവാക്കണം.
താഴ്ന്ന് കിടക്കുന്ന ലൈനുകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തി അത് ഉയര്‍ത്തിക്കെട്ടുവാന്‍ വേണ്ട നടപടികള്‍ എടുക്കണം. ഇത്തരം ലൈനുകള്‍ക്ക് കീഴില്‍ പൊങ്കാലയിടാതിരിക്കുക. വഴിയരികില്‍ സ്ഥാപിക്കുന്ന ട്യൂബ് ലൈറ്റുകള്‍ പൊതുജനങ്ങള്‍ക്ക് കൈ എത്താത്ത ഉയരത്തില്‍ സ്ഥാപിക്കണം. വിളക്ക് കെട്ടിന് മുകളില്‍ ട്യൂബ് ലൈറ്റുകളോ ബള്‍ബുകളോ കെട്ടി കൈയില്‍ കൂടെ കൊണ്ടുപോകുന്നത് ഒഴിവാക്കണം. ദീപാലങ്കാരത്തിന് താല്‍ക്കാലികമായി സ്ഥാപിക്കുന്ന ജനറേറ്ററുകളില്‍ തൊടുകയോ സമീപത്ത് പൊങ്കാലയടുപ്പുകള്‍ സ്ഥാപിക്കുകയോ ചെയ്യരുത്. ഉത്സവ വേളകളില്‍ ജനറേറ്റര്‍ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുത ദീപാലങ്കാരങ്ങള്‍ അംഗീകാരമുള്ള കോണ്‍ട്രാക്ടര്‍ മുഖാന്തിരം നടത്തി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ബാനറുകള്‍, കമാനങ്ങള്‍, പരസ്യ ബോര്‍ഡുകള്‍ മുതലായവ ലൈനുകള്‍ക്ക് സമീപം സ്ഥാപിക്കരുത്. ഗേറ്റുകള്‍, ഇരുമ്പു തൂണുകള്‍, ഗ്രില്ലുകള്‍, ലോഹ ബോര്‍ഡുകള്‍ എന്നിവയില്‍ കൂടി വൈദ്യുത ദീപാലങ്കാരങ്ങള്‍ ചെയ്യാതിരിക്കുക. ഇന്‍സുലേഷന്‍ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴകിയതോ ആയ വയറുകള്‍ വയറിംഗിനായി ഉപയോഗിക്കാരിതിരിക്കുക. ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് അപകടങ്ങള്‍ ഒഴിവാക്കണമെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ നിര്‍ദ്ദേശിച്ചു.
Discussion about this post