തിരുവനന്തപുരം: നിയമസഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനത്തിലൂടെയും പെരുമാറ്റത്തിലെ വ്യത്യസ്തതയിലൂടെയും ഇന്ത്യന്‍ ജനാധിപത്യത്തിനാകെ അനുകരണീയ മാതൃകതീര്‍ത്ത സ്പീക്കര്‍ ജി. കാര്‍ത്തികേയനു കേരള നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്നു നിയമസഭ ഇന്നലത്തേക്കു പിരിഞ്ഞു.
സ്‌നേഹിച്ചും ഉപദേശിച്ചും ഒപ്പം പ്രവര്‍ത്തിച്ച സ്പീക്കറെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചപ്പോള്‍ ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്റെ കണ്ഠമിടറി, കണ്ണുകള്‍ നിറഞ്ഞു തുളുമ്പി പലപ്പോഴും. കാര്‍ത്തികേയന്റെ ഉന്നതമായ ജനാധിപത്യ ബോധത്തെയും സമീപനത്തിലെ സൗമ്യതയെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും അനുസ്മരിച്ചു. തൊട്ടുപിന്നാലെ ചരമോപചാരമര്‍പ്പിച്ചു പ്രസംഗിച്ച കക്ഷിനേതാക്കളെല്ലാം ഒരേ സ്വരത്തിലും ഒരേ വികാരത്തിലുമാണു സ്മരണകള്‍ പങ്കുവച്ചത്.
നിയമസഭയില്‍ കാലോചിതവും നവീനവുമായ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ വരുത്തിയ അദ്ദേഹം സഭയെ കൂടുതല്‍ ജനകീയമാക്കിയെ ന്നു ശക്തന്‍ പറഞ്ഞു. എംഎല്‍എ ഹോസ്റ്റലില്‍ അടുത്തടുത്ത മുറികളിലായി താമസിക്കുമ്പോള്‍ രൂപപ്പെട്ട ആഴമേറിയ സൗഹൃദത്തെക്കുറിച്ച് ഓര്‍മിച്ചപ്പോള്‍ വികാരാധീനനായ ശക്തന്‍ ഒരു വിതുമ്പലോ ടെയാണു തന്റെ പ്രസംഗം പൂര്‍ത്തിയാക്കിയത്. ഭരണപ്രതിപക്ഷകക്ഷികള്‍ ഏതാണ്ടു തുല്യശക്തികളായിരുന്ന നിയമസഭയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞതായിരുന്നു കാര്‍ത്തികേയന്റെ ഏറ്റവും വലിയ വിജയമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചട്ടങ്ങളുടെ ചാട്ടവാ റിനേക്കാള്‍ സ്‌നേഹപൂര്‍ണമായ ശാസനകളാണു സ്പീക്കറെന്ന നിലയില്‍ കാര്‍ത്തികേയന്‍ ഇഷ്ടപ്പെട്ടിരുന്നതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
നിഷ്പക്ഷനും നീതിമാനുമായ സ്പീക്കര്‍ എന്ന നിലയിലായിരിക്കും കേരളം അദ്ദേഹത്തെ എക്കാലവും സ്മരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തികഞ്ഞ ജനാധിപത്യ വാദിയായ നേതാവായിരുന്നു ജി. കാര്‍ത്തികേയനെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ അനുസ്മരിച്ചു. സഭാംഗങ്ങളോടെല്ലാം സഹോദരനിര്‍വിശേഷമായി പെരുമാറാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
സുരക്ഷാജീവനക്കാരെ വിന്യസിച്ച് ഏകാധിപതികളായി സഭയെ നിയന്ത്രിച്ചിരുന്ന മുന്‍ സ്പീക്കര്‍മാരില്‍നിന്നു വ്യത്യസ്തമായ ഉന്നത ജനാധിപത്യബോധം പുലര്‍ത്തി. ഭരണപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ക്കു എല്ലാ പരിഗണനകളും നല്‍കുമ്പോള്‍ പോലും പ്രതിപക്ഷത്തിനുകൂടി ഒരിടം നല്‍കിക്കൊണ്ടുള്ള തീരുമാനങ്ങളാണ് അദ്ദേഹം എടുത്തിരുന്നത്. പ്രതിപക്ഷത്തോട് ഇത്രയേറെ ബഹുമാനവും പരിഗണനയും കാട്ടിയിട്ടുള്ള മറ്റൊരു നേതാവും സ്പീക്കറുടെ കസേരയില്‍ ഇതിന് മുമ്പുണ്ടായിട്ടില്ലെ ന്നും വിഎസ് ചൂണ്ടിക്കാട്ടി.
ഒപ്പമുള്ളവര്‍ക്ക് ഒരു പോസിറ്റീവ് എനര്‍ജി പകര്‍ന്നു നല്‍കുന്ന സാന്നിധ്യമായിരുന്നു ജി. കാര്‍ത്തികേയനെന്നു മുസ്‌ലിംലീഗ് നിയമസഭാ കക്ഷിനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. സഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഒഴിവാക്കാനുള്ള കാര്‍ത്തികേയന്റെ തീരുമാനം ധീരമായിരുന്നു. സഭാസാമാജികരില്‍ വിശ്വാസമര്‍പ്പിച്ച അവരുടെ മുന്നിലേക്കിട്ട ഒരു വെല്ലുവിളിയായിരുന്നു അത്. ജി.കെയുടെ ആ തീരുമാനം ജനാധിപത്യത്തിന്റെ വിജയമായി മാറുന്നതാണു പിന്നീടു കണ്ടതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
എതിരാളികളെ ശത്രുക്കളായി കാണുന്ന മനോഭാവം ഒരിക്കലും വച്ചുപുലര്‍ത്തിയിട്ടില്ലാത്ത നേതാവായിരുന്നു ജി.കെ എന്ന് സിപിഐ നിയമസഭാക്ഷി നേതാവ് സി. ദിവാകരന്‍ അനുസ്മരിച്ചു. ഭരണപക്ഷത്തിന്റെ എതിര്‍പ്പുണ്ടായാല്‍ പോലും പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. പലപ്പോഴും അത്തരം എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടു തന്നെ ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം പ്രതിപക്ഷത്തിനാണെന്നു സഭയില്‍ പ്രഖ്യാപിച്ച സ്പീക്കറായിരുന്നു കാര്‍ത്തികേയനെന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു. കേരള നിയമസഭ കണ്ടിട്ടുള്ള സ്പീക്കര്‍മാരില്‍ അദ്വിതീയനായിരുന്നു ജി. കാര്‍ത്തികേയനെന്നു മന്ത്രി കെ.എം. മാണി അനുസ്മരിച്ചു. സഭയുടെ ഉന്നതമായ നിലവാരം കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ചട്ടങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതിനൊപ്പം നല്ല നര്‍മബോധം കൂടി ഉണ്ടായിരുന്ന സ്പീക്കറായിരുന്നു അദ്ദേഹം. ആ നര്‍മബോധമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം.
സ്വന്തമായ ജീവിതദര്‍ശനമുണ്ടാ യിരുന്ന കാര്‍ത്തികേയന്‍ ചിന്തകനും ദാര്‍ശനികനും കൂടിയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. മാത്യു ടി. തോമസ്, മന്ത്രി കെ.പി. മോഹനന്‍, എ.കെ. ശശീന്ദ്രന്‍, എ.എ. അസീസ്, അനൂപ് ജേക്കബ്, കെ.ബി. ഗണേഷ്‌കുമാര്‍ എന്നിവരും അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി.
Discussion about this post