തിരുവനന്തപുരം: ബജറ്റില്‍ കൂടുതല്‍ തുക നീക്കിവച്ചു സാംസ്‌കാരിക വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്ക് ബജറ്റില്‍ കൂടുതല്‍ തുക നീക്കിവച്ചതായി ധനകാര്യ മന്ത്രി കെ.എം.മാണി നിയമസഭയില്‍ ധനവിനിയോഗ ബില്‍ ചര്‍ച്ചയ്ക്ക് മറുപടിയായി മേശപ്പുറത്തുവെച്ച പ്രസംഗത്തില്‍ പറഞ്ഞു. പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള തൃപ്പൂണിത്തുറ ഹില്‍പാലസ് കോമ്പൗണ്ടില്‍ ഓപ്പണ്‍ എയര്‍ തീയേറ്റര്‍, ലേസര്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ എന്നീ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും, ഫോക്‌ലോര്‍ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ ഫോക്‌ലോര്‍ ഗ്രാമത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണത്തിനും, കണ്ണൂര്‍ കാക്കണ്ണംപാറയില്‍ സ്ഥാപിക്കുന്ന കലാഗ്രാമത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കും ഒരു കോടി രൂപ വീതം അനുവദിച്ചതായും ധനമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
തലശ്ശേരിയില്‍ കെ.രാഘവന്‍ മാസ്റ്റര്‍ സ്മാരകത്തിനും, കോഴിക്കോട് മലബാര്‍ കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപിക്കുന്നതിനും 50 ലക്ഷം രൂപ വീതം അനുവദിച്ചു. ചെങ്ങന്നൂരില്‍ പ്രശസ്ത കഥകളി ആചാര്യന്‍ ഗുരുചെങ്ങന്നൂരിന് സ്മാരകം പണിയുന്നതിന് 25 ലക്ഷം രൂപയും, മലയിന്‍കീഴ് മാധവകവി സംസ്‌കൃത കേന്ദ്രത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം രൂപയും അനുവദിച്ചു. സരസകവി മുലൂര്‍ സ്മാരകത്തിനും പല്ലന കുമാരനാശാന്‍ സ്മാരകത്തിനും വാര്‍ഷിക ഗ്രാന്റ് 10 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. കൊങ്ങിണി സാഹിത്യ അക്കാദമിക്ക് അഞ്ച് ലക്ഷം രൂപ വാര്‍ഷിക ഗ്രാന്റ് അനുവദിച്ചു. മഞ്ചേശ്വരത്തെ രാഷ്ട്രകവി ഗോവിന്ദപൈയുടെ മെമ്മോറിയല്‍ സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചു. സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം കോട്ടയത്ത് ദേശീയ സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നതിന് 25 ലക്ഷം രൂപയും, കേരളത്തിന്റെ ഭാവഗായകനായ ചങ്ങമ്പുഴ അന്ത്യവിശ്രമം കൊള്ളുന്ന ഇടപ്പള്ളിയില്‍ ചങ്ങമ്പുഴ സ്മൃതി മണ്ഡപം നിര്‍മ്മിക്കാനായി 10 ലക്ഷം രൂപയും വകയിരുത്തുന്നതായി ധനമന്ത്രി വ്യക്തമാക്കി.
Discussion about this post