തിരുവനന്തപുരം: സൂര്യതാപത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അന്തരീക്ഷതാപം പരിധിക്കപ്പുറമായി ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപ നിയന്ത്രണ സംവിധാനം തകരാറിലാവും. ഇത് ശരീരത്തിന്റെ പല നിര്‍ണ്ണായക പ്രവര്‍ത്തനങ്ങളും തകരാറിലാക്കുന്ന അവസ്ഥയാണ് സൂര്യാഘാതം.
ദാഹം തോന്നിയില്ലെങ്കിലും വേനല്‍ക്കാലത്ത് ധാരാളം വെളളം കുടിക്കണം. വെയിലത്ത് ജോലി ചെയ്യുന്നവര്‍ ഇടക്കിടെ തണലത്ത് നില്‍ക്കുകയും ധാരാളം വെള്ളംകുടിക്കുകയും ചെയ്യുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ വിടരുത്. വെയിലത്ത് യാത്ര ഒഴിവാക്കണം. വീടിനുളളില്‍ വായുസഞ്ചാരം സുഗമമാക്കാന്‍ പകല്‍ ജനലുകളും വാതിലുകളും തുറന്നിടുക. ത്വക്കിലും ശരീരത്തിലും അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ വെയിലത്ത് നിന്ന് മാറി തണുത്ത വെളളംകൊണ്ട് ശരീരം തുടയ്ക്കണം. കൈകാലുകളും മുഖവും കഴുകണം. പൊളളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടായാല്‍ അവ പൊട്ടിക്കാതെ ഡോക്ടറെ കാണുക. കൃത്രിമ പാനീയങ്ങളും കോളകളും കളര്‍വെള്ളവും ഒഴിവാക്കി ശുദ്ധജലം കുടിക്കുക. ചൂടേല്‍ക്കുന്ന പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് ചില രാസപദാര്‍ത്ഥങ്ങള്‍ വെളളത്തില്‍ കലരും. അത് ക്യാന്‍സറിന് ഇടയാക്കും. അതുകൊണ്ട് തിളപ്പിച്ചാറിയ വെള്ളം കരുതുകയാണ് ഉത്തമം. എറിത്രോസിന്‍ ബി, എന്ന രാസപദാര്‍ത്ഥം കുത്തിവച്ച് തണ്ണിമത്തനെ കടുത്ത ചുവപ്പാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതും ക്യാന്‍സറിന് കരണമാകും. സ്വന്തം വീട്ടുവളപ്പിലെ പഴവര്‍ഗ്ഗങ്ങള്‍ പരമാവധി ഉപയോഗിക്കുക. വെയിലത്ത് പണിയെടുക്കുന്നവര്‍ രാവിലെ 11 വരെയും ഉച്ചക്ക് മൂന്ന് മണിക്ക് ശേഷവും ജോലി ചെയ്യണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Discussion about this post