ശബരിമല: എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്കായിരുന്നു. എല്ലാ മനസ്സുകളും അയ്യപ്പനിലേക്കും. ശരണമന്ത്രങ്ങളാല്‍ മുഖരിതമായ കാത്തിരിപ്പിനു വിരാമമിട്ട് മകരജ്യോതി തെളിഞ്ഞപ്പോള്‍ അയ്യപ്പഭക്‌തര്‍ക്ക് പുണ്യദര്‍ശനത്തിന്റെ ശുഭമുഹൂര്‍ത്തം. സൂര്യന്‍ ധനുരാശിയില്‍ നിന്നും മകരം രാശിയിലേക്കും പ്രകൃതി ഉത്തരായനത്തില്‍ നിന്നും ദക്ഷിണായനത്തിലേക്കും സഞ്ചാരം ആരംഭിക്കുന്ന സംക്രമ മുഹൂര്‍ത്തമായ വൈകിട്ട് 6.44ന് ക്ഷേത്രത്തില്‍ മകരസംക്രമ പൂജകള്‍ ആരംഭിച്ചതോടെ ഭക്‌തര്‍ മകരജ്യോതിക്കായി കാത്തിരിപ്പ് തുടങ്ങി. തുടര്‍ന്ന് പന്തളം കൊട്ടാരത്തില്‍ നിന്നു ഘോഷയാത്രയായി കൊണ്ടുവന്ന തിരുവാഭരണങ്ങള്‍ ചാര്‍ത്തിയാണ് ദീപാരാധന നടന്നത്.
തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനു ദേവഗണങ്ങളുടെ ദീപാര്‍ച്ചനയായി ഈ സമയം കിഴക്കേ ചക്രവാളത്തില്‍ മകരനക്ഷത്രം ഉദിച്ചു. ശരണമന്ത്രം പാരമകോടിയിലെത്തിയപ്പോള്‍ 7.10ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ശരണംവിളിയും കര്‍പ്പൂരദീപവുമായി മകരജ്യോതിയെ വരവേറ്റ ഭക്‌തരുടെ കാത്തിരിപ്പിന്റെ മണിക്കൂറുകള്‍ക്ക് ശുഭസമാപ്‌തി. പുല്‍മേട്ടിലും അട്ടത്തോട്ടിലും പാണ്ടിത്താവളത്തിലുമാണ് ഏറ്റവുമധികം ഭക്‌തര്‍ മകരജ്യോതി ദര്‍ശിച്ചത്. സന്നിധാനത്തും പമ്പയിലും ജ്യോതി കാണാന്‍ കഴിയുന്ന എല്ലാ സ്‌ഥലങ്ങളും ദിവസങ്ങള്‍ക്കു മുന്‍പേ ഭക്‌തര്‍ കയ്യടക്കിയിരുന്നു. തിരക്ക് നിയന്ത്രണാതീതമായപ്പോള്‍ പമ്പയിലേക്കുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ പലര്‍ക്കും ജ്യോതി ദര്‍ശിക്കാന്‍ കഴിഞ്ഞില്ലെന്നും പരാതിയുണ്ട്. മകരജ്യോതിക്ക് ശേഷം തിരുവാഭരണവിഭൂഷിതനായ അയ്യപ്പനെ ദര്‍ശിക്കാന്‍ ലക്ഷങ്ങളാണ് വടക്കേ നടയിലേക്ക് എത്തിയത്. പൊലീസിന്റെയും കേന്ദ്രസേനകളുടെയും ശക്‌തമായ ഇടപെടലിലൂടെയാണ് തിരക്ക് നിയന്ത്രിക്കാനായത്. മകരവിളക്ക് ഉല്‍സവത്തിനു സമാപ്‌തി കുറിച്ച് ഇരുപതിനാണ് ക്ഷേത്രനട അടയ്‌ക്കുന്നത്. അഞ്ചു പതിറ്റാണ്ടിനു ശേഷം ദീപാരാധനക്കും മകരസംക്രമ പൂജക്ക് സാക്ഷ്യം വഹിക്കാനും മകരജ്യോതി ദര്‍ശനത്തിനുമായി ഭക്തലക്ഷങ്ങളാണ് അയ്യപ്പസന്നിധിയിലേക്ക് ഒഴുകിയെത്തിയത്.
Discussion about this post