തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന റോഡ് ഗതാഗത സുരക്ഷാബില്‍ നിയമമാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓള്‍ ഇന്ത്യാ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ദേശീയവാഹന പണിമുടക്കിന് ആഹ്വാനം ചെയ്തു. ഇത് നിയമമായാല്‍ ദേശീയവും അന്തര്‍ദേശീയവുമായ കുത്തകകള്‍ ഗതാഗത മേഖല നിയന്ത്രിക്കും. നിലവിലുള്ള െ്രെഡവിങ് ലൈസന്‍സുകള്‍ അസാധുവാകും. സ്വകാര്യബസ് വ്യവസായം തകരുമെന്നും അന്താരാഷ്ട്ര ട്രാക്‌സി കമ്പനികള്‍ ഗതാഗതരംഗം കൈക്കലാക്കുമെന്നും ഫെഡറേഷന്‍ സെക്രട്ടറി കെ.കെ.ദിവാകരന്‍ അഭിപ്രായപ്പെട്ടു.
കേരളത്തില്‍ സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എന്‍.ടി.യു.സി., ബി.എം.എസ്., എച്ച്.എം.എസ്., എ.ഐ.സി.സി.ടി.യു., ടി.യു.സി.ഐ., യു.ടി.യു.സി., എന്‍.എല്‍.ഒ. തുടങ്ങിയ സംഘടനകളുടെയും സ്വതന്ത്ര യൂണിയനുകളുടെയും ആഭിമുഖ്യത്തിലാണ് പണിമുടക്ക്.
എന്നാല്‍ തിരുവനന്തപുരം ജില്ലയില്‍ സംയുക്ത സമരസമിതിയില്‍ നിന്ന് എ.ഐ.ടി.യു.സി. പിന്മാറിയതായി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി പട്ടം ശശിധരന്‍ അറിയിച്ചു. സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന സി.ഐ.ടി.യു.വിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണിത്. 30ന് എ.ഐ.ടി.യു.സി. തൊഴിലാളികള്‍ പണിമുടക്കി പ്രത്യേക പ്രകടനം നടത്തുമെന്നും പട്ടം ശശിധരന്‍ അറിയിച്ചു.
Discussion about this post