കൊച്ചി: ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന് ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ പത്തു പ്രതികള്‍ക്ക് എട്ടു വര്‍ഷം തടവ്. മറ്റു മൂന്നുപ്രതികള്‍ക്ക് രണ്ടു വര്‍ഷം തടവും ശിക്ഷ വിധിച്ചു. മുഖ്യപ്രതികളെ സഹായിച്ചതിനാണ് ഇവരെ തടവിന് ശിക്ഷിച്ചത്. പിഴയില്‍ നിന്ന് അധ്യാപകന് എട്ടുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കൊച്ചി എന്‍ഐഎ കോടതി ഉത്തരവില്‍ പറയുന്നു.
ജമാല്‍, മുഹമ്മദ് ഷോബിന്‍, ഷംസുദ്ദീന്, ഷാനവാസ്, ജാഫര്‍, കെ.കെ.അലി, കെ.എം.പരീത്, യൂനസ് അലിയാര്, ഷജീര്‍, കെ.ഇ.കാസിം എന്നിവര്‍ക്കാണ് എട്ടുവര്‍ഷം തടവ് ലഭിച്ചത്. അബ്ദുല്‍ ലത്തീഫ്, അന്‍വര്‍ സാദിഖ്, എം.എം. റിയാസ് എന്നിവര്‍ക്കാണ് രണ്ടു വര്‍ഷം തടവ് ലഭിച്ചത്.
പ്രതികള്‍ നിലവില്‍ അനുഭവിച്ച ശിക്ഷയുടെ ബാക്കി അനുഭവിച്ചാല്‍ മതി. പരമാവധി ശിക്ഷ നല്‍കണമെന്ന എന്‍ഐഎയുടെ വാദം കോടതി തള്ളി. അതേസമയം, ശിക്ഷാ വിധിയില്‍ സംതൃപ്തിയില്ലെന്നും അപ്പീല്‍ നല്‍കുമെന്നും എന്‍ഐഎ അഭിഭാഷകന് പറഞ്ഞു. കേസില്‍ 13 പേര് കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ശിക്ഷയെപ്പറ്റി പ്രതികള്‍ക്ക് പറയാനുള്ള കേട്ടതിനു ശേഷമായിരുന്നു ശിക്ഷാവിധി. വിധി പ്രസ്താവം മുഴുവന്‍ പ്രതികളെ വായിച്ചു കേള്‍പ്പിച്ചു.
പ്രതികള്‍ക്ക് ജീവപര്യന്തം തടവ് നല്‍കണമെന്നായിരുന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ ആവശ്യം. പത്തു പ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചുമത്തിയ വധശ്രമം, സംഘടിത ഭീകരപ്രവര്‍ത്തനം, മതസ്പര്‍ധ വളര്‍ത്തല്‍, സ്ഫോടക വസ്തു ദുരുപയോഗം അടക്കമുള്ള അതീവഗൗരവമുള്ള വകുപ്പുകള്‍ ജഡ്ജി പി. ശശിധരന് ശരിവച്ചിരുന്നു.
54 പ്രതികളുള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട പ്രതികളില്‍ അറസ്റ്റിലായ 31 പ്രതികളുടെ വിചാരണയാണു കോടതി പൂര്‍ത്തിയാക്കിയത്. ഒന്നാംഘട്ട വിചാരണ നേരിട്ട 31 പ്രതികളില്‍ പ്രോസിക്യൂഷനു കുറ്റം തെളിയിക്കാന്‍ കഴിയാതെ പോയ 18 പേരെ കോടതി വിട്ടയച്ചിരുന്നു.
2010 ജൂലൈ നാലിനാണു പ്രതികള്‍ സംഘം ചേര്‍ന്നു പ്രൊഫ.ടി.ജെ. ജോസഫിനെ ആക്രമിച്ചത്. വാനില്‍ എത്തിയ സംഘം, പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന ജോസഫിനെ കാര്‍ വീടിനു സമീപം തടഞ്ഞുനിര്‍ത്തി ഗ്ലാസ് അടിച്ചുതകര്‍ത്ത് വലിച്ചു പുറത്തിറക്കിയാണ് ആക്രമിച്ചത്. കാറില്‍ ഒപ്പം ഉണ്ടായിരുന്ന മാതാവ് ഏലിക്കുട്ടി, സഹോദരി സിസ്റ്റര്‍ മേരി സ്റ്റെല്ല എന്നിവരെ തടഞ്ഞുവച്ചശേഷമായിരുന്നു ആക്രമണം. റോഡില്‍ പിടിച്ചു കിടത്തിയശേഷം മഴു ഉപയോഗിച്ചു വെട്ടുകയായിരുന്നു.












