തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിന് ഉറപ്പായി. അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ സോണിനു തുറമുഖ പദ്ധതി നല്‍കാന്‍ ഉന്നതാധികാര സമിതിയോഗം തീരുമാനിച്ചു. വിഴിഞ്ഞം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് 13ന് യോഗം ചേര്‍ന്ന് തീരുമാനം അംഗീകരിക്കും. അതുകഴിഞ്ഞാല്‍ അദാനി ഗ്രൂപ്പിനു പദ്ധതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുക്കും. ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കുകയും നിര്‍മാണ കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്യുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. ഇത്രയും കാര്യങ്ങള്‍ ഈമാസം നടക്കും.
വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് ആസൂത്രണ ബോര്‍ഡ് ഓഫീസില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതിയംഗവും ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനുമായ കെ.എം. ചന്ദ്രശേഖറും പങ്കെടുത്തു. കമ്പനി നല്‍കിയ ബിഡ് യോഗം പരിശോധിച്ചു. ഒറ്റ ടെന്‍ഡറാണു ലഭിച്ചതെങ്കിലും നിയമ തടസങ്ങളൊന്നുമില്ലെന്ന ലീഗല്‍ റിപ്പോര്‍ട്ട് സമിതി വിലയിരുത്തി. അതിനുശേഷമാണ് അദാനി ഗ്രൂപ്പിനു പദ്ധതി നല്‍കാന്‍ തീരുമാനമെടുത്തത്.
വിഴിഞ്ഞം പദ്ധതിയുടെ ഒന്നാംഘട്ടമായി 7525 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. ഇതില്‍ അദാനി മുടക്കേണ്ടതു 4089 കോടി രൂപയാണ്. ഈ തുകയില്‍ 1635 കോടി രൂപയാണു ഗ്രാന്റായി അദാനി ആവശ്യപ്പെട്ടത്. ഗ്രാന്റ് തുകയില്‍ പകുതി നല്‍കാമെന്നു കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. അതിനാല്‍ 818 കോടിയോളം രൂപ കേന്ദ്ര സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ടായി നല്‍കും. അത്രയും തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. ബാക്കി 2454 കോടി രൂപയാണ് അദാനി പദ്ധതിക്കായി മുടക്കേണ്ടത്.
ഒറ്റ ടെന്‍ഡര്‍ മാത്രം ലഭിച്ച സാഹചര്യത്തില്‍ സംസ്ഥാനം നല്‍കേണ്ട 818 കോടിയോളം രൂപയില്‍ നിന്നു കുറവു ചെയ്തുകിട്ടാനായി അദാനിയോടു വിലപേശണമെന്ന നിര്‍ദേശമാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന വ്യവസായിയാണ് അദാനി. അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അടുപ്പം കാരണം പദ്ധതിയുടെ അടുത്തഘട്ടങ്ങള്‍ സുഗമമായി നടപ്പാക്കാന്‍ കഴിയുമെന്ന കാര്യവും ടെന്‍ഡര്‍ പരിഗണിക്കാന്‍ പ്രേരകമായി.
ആദ്യഘട്ടത്തില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ കമ്പനികളില്‍ ആരും എത്തിയിരുന്നില്ല. പിന്നീടു മുഖ്യമന്ത്രി കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നു വിഴിഞ്ഞം പദ്ധതിപ്രദേശത്ത് എണ്ണ കമ്പനികള്‍ക്കായി സ്ഥലം എടുത്തുനല്‍കുന്നതു സംബന്ധിച്ച് ധാരണയായിരുന്നു. കൊച്ചിയില്‍ വീടുകളില്‍ പാചകവാതക ലൈന്‍ എത്തിക്കുന്നതിന്റെ കരാര്‍ അദാനിയാണ് എടുത്തിട്ടുള്ളത്. അദാനി വിഴിഞ്ഞം എടുത്താല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വിഴിഞ്ഞത്തു നിന്നാകും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകുകയെന്നു വിലയിരുത്തപ്പെടുന്നു.
Discussion about this post