തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായുള്ള സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ആഭ്യന്തരവകുപ്പ് നടപടി ആരംഭിച്ചു. രണ്ടു കോടി രൂപ ചെലവില്‍ പൊതുജനങ്ങളെ കൂടി പങ്കാളികളാക്കിക്കൊണ്ടാണു പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തുതന്നെ ആദ്യമാണ് ഇത്തരമൊരു സംരംഭം.
സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതും സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വര്‍ധിക്കുന്നതും കണക്കിലെടുത്താണു പദ്ധതി നടപ്പിലാക്കുന്നത്. പൂര്‍ണമായും ആഭ്യന്തര വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. സ്വകാര്യ സോഫ്റ്റ്‌വെയര്‍ വിദഗ്ധരും പദ്ധതിയുമായി സഹകരിക്കും.
കേരളത്തില്‍ ഓരോ വര്‍ഷവും സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിവരുന്നുവെന്നാണു കണക്ക്. രാജ്യാന്തരബന്ധമുള്ള കേസുകള്‍ മുതല്‍ മൊബൈല്‍ മോഷണംവരെ സൈബര്‍ സെല്ലുകളിലും പോലീസ് സ്റ്റേഷനുകളിലുമെത്തുന്നു. ഇതെല്ലാം അന്വേഷിക്കാനുള്ള സംവിധാനങ്ങളോ പോലീസുകാരോ കേരളത്തിലില്ലാത്ത സാഹചര്യത്തിലാണു ടെക്കികളുടെ സഹകണത്തോടെ ഒരു അന്വേഷണ സംവിധാനത്തെക്കുറിച്ചു പോലീസ് ആലോചിച്ചത്. രാജ്യത്തിനകത്തും പുറത്തും ജോലി ചെയ്യുന്ന അഞ്ഞൂറിലധികം പേരുടെ അപേക്ഷകളാണു പോലീസിനു ലഭിച്ചത്.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലാണു സൈബര്‍ ഡോമിന്റെ സാങ്കേതിക സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുക. ടെക്‌നോപാര്‍ക്കിലെ വിദഗ്ധര്‍ ഈ കേന്ദ്രം വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധര്‍, നിയമപരമായി ഹാക്കിംഗ് നടത്തുന്ന എത്തിക്കല്‍ ഹാക്കേഴ്‌സ്, സൈബര്‍ പ്രഫഷണല്‍സ് തുടങ്ങിയവരെയും ഇതുമായി സഹകരിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ട വിദഗ്ധര്‍ ഇക്കാര്യത്തില്‍ പോലീസിനെ സഹായിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന സൈബര്‍ ഓഫീസര്‍മാര്‍ ആയിരിക്കും. താത്പര്യമുള്ള സൈബര്‍ സുരക്ഷാ വിദഗ്ധര്‍, എത്തിക്കല്‍ ഹാക്കര്‍മാര്‍, സൈബര്‍ പ്രഫഷണല്‍മാര്‍ തുടങ്ങിയവരില്‍ നിന്നു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അപേക്ഷ ക്ഷണിച്ചു. തൊഴില്‍പരമായ കാര്യക്ഷമതയ്ക്കും വൈദഗ്ധ്യത്തിനും പുറമേ അപേക്ഷകരുടെ പശ്ചാത്തലം ഉള്‍പ്പെടെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയ ശേഷമായിരിക്കും തെരഞ്ഞെടുക്കുക. ഇവര്‍ക്ക് ഐഡി കാര്‍ഡും റാങ്കും നല്‍കും. സൈബര്‍ ഡോം പദ്ധതിയില്‍ അവര്‍ നല്‍കുന്ന സംഭാവനകളുടെ അടിസ്ഥാനത്തില്‍ റാങ്കിനും വ്യത്യാസം വന്നുകൊണ്ടിരിക്കും.
ഇന്റര്‍നെറ്റ് മോണിട്ടറിംഗ്, വെര്‍ച്വല്‍ പോലീസിംഗ്, സോഷ്യല്‍ മീഡിയ ഇന്‍ വെര്‍ച്വല്‍ പോലീസിംഗ്, സൈബര്‍ ഫോറന്‍സിക്‌സ്, വെര്‍ച്വല്‍ കോടതി തുടങ്ങിയവ പദ്ധതിയുടെ ഭാഗമായിരിക്കും. ക്രൈം എഡിജിപിയുടെ മേല്‍നോട്ടത്തിലായിരിക്കും സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനം നടക്കുന്നത്.
Discussion about this post