തിരുവനന്തപുരം: യമനില്‍നിന്നും മടങ്ങിയെത്തിയവര്‍ക്ക് വിദേശമലയാളികളുടെ സ്ഥാപനങ്ങളില്‍ ജോലി ലഭ്യമാക്കാന്‍ സംസ്ഥാന ഗവ. നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പ്രവാസികാര്യമന്ത്രി കെ.സി.ജോസഫ് അറിയിച്ചു. പ്രവാസി ബിസിനസ്സുകാരായ ചില വ്യക്തികള്‍ ജോലി നല്‍കാന്‍ താല്‍പര്യം കാണിച്ചിട്ടുണ്ട്.
2437 മലയാളികളാണ് ജോലി നഷ്ടപ്പെട്ട് യമനില്‍നിന്നും മടങ്ങിയെത്തിയത്. ഇത്രയും ആളുകള്‍ക്ക് ജോലി കണ്ടെത്തുകയെന്നുള്ളത് വലിയ പ്രയാസമുള്ള കാര്യമാണ്. പി.എസ്.സി. മുഖേനയല്ലാതെ ആര്‍ക്കും ജോലി നല്‍കാന്‍ സംസ്ഥാന ഗവണ്മെന്റിന് കഴിയാത്ത സാഹചര്യത്തിലാണ് വിദേശമലയാളികളുടെ സഹകരണം തേടാന്‍ തയ്യാറായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. യമനില്‍നിന്നും മടങ്ങിയെത്തിയവര്‍ക്ക് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് ചിലര്‍ സമരത്തിലേക്ക് തിരിയുന്നതും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അതിന് നേതൃത്വം നല്‍കാന്‍ തയ്യാറായി കാണുന്നതും നിര്‍ഭാഗ്യകരമാണ്. വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിനാണ് ഇവര്‍ ശ്രമിക്കുന്നത്. യമനില്‍നിന്നും സര്‍ക്കാര്‍ ജോലി വാഗ്ദാനവുമായി ആരെയും വിളിച്ചുകൊണ്ടുവന്നതല്ല. അവിടത്തെ അപകടകരമായ സാഹചര്യത്തില്‍ ജീവനുപോലും ഭീഷണി ഉണ്ടായപ്പോഴാണ് മടങ്ങിവരാന്‍ ആഗ്രഹിച്ചവരെ സുരക്ഷിതരായി മടക്കിയെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള്‍ നടപടി സ്വീകരിച്ചത്.
മടങ്ങിയെത്തിയവരെ സംബന്ധിച്ച് വിമാനത്താവളത്തിലെ ഹെല്‍പ്പ് ഡെസ്‌കുകള്‍ മുഖേന നോര്‍ക്ക പ്രാഥമിക വിവരശേഖരണം നടത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമായി നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റില്‍ പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ തിരികെ എത്തിയ 264 പേര്‍ ഇതിലൂടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പേര്, മേല്‍വിലാസം, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, ചെയ്തുവന്നിരുന്ന തൊഴില്‍, വിദ്യാഭ്യാസ യോഗ്യത, പാസ്‌പോര്‍ട്ട് മറ്റ് രേഖകള്‍, ലഭിച്ചിരുന്ന ശമ്പളം തുടങ്ങിയ വിവരങ്ങള്‍ നല്‍കുന്നതിന് രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പാസ്‌പോര്‍ട്ടും സേവന സര്‍ട്ടിഫിക്കറ്റും ലഭിക്കാത്തവര്‍ക്ക് അത് ലഭ്യമാക്കാന്‍ നോര്‍ക്ക നടപടികള്‍ സ്വീകരിക്കും. അതിലേക്കുകൂടിയാണ് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തി യിരിക്കുന്നത്.
നോര്‍ക്കയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഓണ്‍ലൈനായി നോര്‍ക്ക റൂട്‌സിന്റെwww.norkaroots.netഎന്ന വെബ്‌സൈറ്റില്‍ എത്രയുംവേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
Discussion about this post