തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള ഓപ്പറേഷന്‍ അനന്തയ്ക്കുവേണ്ടി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും അനുബന്ധ ഏജന്‍സികളുടെയും ഏകോപനത്തിന് കേരള സ്റ്റേറ്റ് റോഡ് ഫണ്ട് ബോര്‍ഡിനെ നോഡല്‍ ഏജന്‍സിയായി നിയമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഈ മാസം 31 ന് ആദ്യഘട്ടം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന രണ്ടാംഘട്ടം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരമുള്ള സര്‍ക്കാര്‍ നടപടിയാണ് ഓപ്പറേഷന്‍ അനന്ത. ഇതിന് നാനാതുറകളില്‍ നിന്നും വമ്പിച്ച പ്രശംസ ലഭിക്കുന്നുണ്ട്. സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സംഘത്തിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. ഇനിയുള്ള ദിവസങ്ങളില്‍ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് ഊര്‍ജ്ജിതമായ പ്രവര്‍ത്തനം തുടരണം. ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡിലെ വെള്ളപ്പൊക്കത്തിന് പരിഹാരം കാണുന്നതിന് ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നും ഡൈവെര്‍ഷന്‍ കനാല്‍ നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും വി.എസ്. ശിവകുമാര്‍ യോഗത്തില്‍ അറിയിച്ചു. വേളിയില്‍ പുലിമുട്ട് സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരികയാണ്. പാര്‍വ്വതീപുത്തനാറിലെ പായലും മറ്റ് മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന പദ്ധതി ഈ മാസം 20 ന് തുടങ്ങും. ഓപ്പറേഷന്‍ അനന്തയ്ക്ക് 10 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കൂടുതല്‍ വേണ്ടിവരുന്ന തുക എത്രതന്നെയായാലും അത് അനുവദിക്കുമെന്നും വി.എസ്. ശിവകുമാര്‍ പറഞ്ഞു. ചീഫ് സെക്രട്ടറി ജിജി തോംസണ്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. സുരേഷ് കുമാര്‍, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, സബ് കളക്ടര്‍ കാര്‍ത്തികേയന്‍, ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍; മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ്, പി.ഡബ്ല്യൂ.ഡി റോഡ്‌സ്, കെ.എസ്.യു.ഡി.പി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ മുതലായവയുടെ ഉന്നതഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post