ചെങ്കല്‍ സുധാകരന്‍
ദീര്‍ഘബാഹുവാണ് കഥാകേന്ദ്രം! നീചാഗ്രയായിരുന്ന ആ രാജാവ്! പല കഥകളിലുമെന്നപോലെ ഇതിലും ശരീരാഭിമാനിയുടെ പ്രതീകമായിട്ടാണ് ഈ നീചനെ ചിത്രീകരിച്ചിരിക്കുന്നത്, ‘ദീര്‍ഘബാഹു’ എന്ന പേരുതന്നെ അതു സൂചിപ്പിക്കുന്നു. ബാഹുബലം പെരുതെന്ന് സ്വയം കരുതുന്നയാള്‍ രാജസ പ്രതീകവുമാണ്. താനെന്നഭിമാനിക്കുന്ന വ്യക്തി നീച വാസനയുള്ളവനുംകുടിയായാല്‍ പരദ്രോഹിയായി മാറും. ദീര്‍ഘബാഹുവും അത്തരത്തിലുള്ളൊരാളായിരുന്നു. ‘മാ കുരുധനജന യൗവന ഗര്‍വ്വം/ ഹരതി നിമേഷാത് കാലഃസര്‍വ്വം’ എന്ന ശ്രീ ശങ്കരോപദേശമൊന്നും ഇക്കൂട്ടര്‍ക്കു വകയില്ല! കായബലത്താലുന്മത്തനാകുമ്പോള്‍ ഔചിത്യചിന്തയേ ഉണ്ടാവുകയില്ല. അരുതാത്തവ ചെയ്ത് സാഹസികനാവാനാകും വെമ്പല്‍! ദീര്‍ഘബാഹുവിന് രാജസഗുണ പ്രേരിതമായ ശരീരഭിമാനവും താമസ പ്രചോദിതമായ പരദ്രോഹവാഞ്ചയും വളര്‍ന്നു. ആര്‍ക്കും തടയാനാകാത്തവിധം ദുരമുറ്റി. അണപൊട്ടിയൊഴുകുന്ന വെള്ളം പോലെ ആ ഖഗാഗ്രണിയുടെ മനസ്സ് പലേടം മേഞ്ഞു. അയാള്‍ വേശ്യാലമ്പടനും ബ്രഹ്മഹത്യാരതനും ഗര്‍ഭിണീഘാതകനുമായിമാറി. മനോനിയന്ത്രണം വിട്ട വ്യക്തി അങ്ങനെയാണ്. ഗുണാഗുണ നിര്‍ണ്ണയശേഷി അവനില്ലാതായി. അഹമ്മതിയാല്‍ ശരിതെറ്റുകള്‍ കാണാനായില്ല. ജിംഘാസമുറ്റി ഏതും തച്ചുടയ്ക്കാനൊരുമ്പെട്ടു. അജ്ഞാനിക്ക് ഇച്ഛാഭംഗമുണ്ടായാലങ്ങനെയാണ്. ‘യാമാന് ക്രോധോFഭിജായതേ’ എന്ന ഗീതാവാക്യം ഇവിടെ സഹായകമാകുന്നു. സ്വാര്‍ത്ഥ പൂരിതനാകുന്ന മനുഷ്യന്‍ എന്തിനേയുംതന്നെ കാല്‍കീഴമര്‍ത്താനാണ് തയ്യാറാവുക! അതിനു കഴിയാതെ വരുമ്പോള്‍ നന്മയെ ധ്വംസിക്കുന്നു. ക്രൗര്യകര്‍മ്മങ്ങള്‍ വളര്‍ത്തുന്നു.
ധനലോഭിയായ മന്ത്രി ദീര്‍ഘബാഹുവിനെ വധിച്ചു. ജീവിതത്തിന്റെ വൈചിത്യമതാണ്. ദുഷ്ടതകള്‍ക്കു കൂട്ടു നില്‍ക്കുന്നവന്‍തന്നെ ഘാതകനായി മാറും! കര്‍മ്മങ്ങളില്‍ രാജാവിനെ സഹായിക്കുന്നത് മന്ത്രിയാണ്. പക്ഷേ, ധനതൃപ്പ അയാളെ മറ്റൊരാളാക്കിമാറ്റി. രാജാവ് ധര്‍മ്മമെങ്കില്‍ മന്ത്രകര്‍മ്മമാണ്. രാജനിര്‍ദ്ദേശങ്ങള്‍ പാലനതലത്തിലാക്കുന്നത് മന്ത്രിയാണ്. പിന്നെ പാപകര്‍മ്മം മാത്രമാചരിച്ച ദീര്‍ഘബാഹുവിനെപ്പറ്റി പറയേണ്ടതില്ലല്ലോ? ഉദ്ഗതിമുടക്കി, പരഗതിതടഞ്ഞ്, അധോഗതിയാക്കാന്‍ ‘മുഖ്യമന്ത്രി’യെപ്പോലെ മറ്റാര്‍ക്കും കഴിയുകയില്ല. ആര്‍ക്കും ആ സംഭവ്യത തടയാനും കഴിയില്ല! മന്ത്രിതന്നെ വധി എന്നതിലെ സാരമിതാണ്.
അപൂര്‍വ്വം ചിലര്‍ ‘പാഴ്‌വഴിയ’യേ നടന്നു തുടങ്ങിയാലും തിരിച്ചറിവുണ്ടായി ‘രാജവീഥിയിലെത്തും! അതിന് പൂര്‍വ്വാര്‍ജ്ജിതപുണ്യം കാരണമാകും!
‘നൈനമൂര്‍ദ്ധ്വം ന തിര്യഞ്ചം
ന മദ്ധ്യേ പരിജഗ്രഭത്
ന തസ്യേശേ കശ്ചന
തസ്യനാമ മഹദ്‌യശഃ’ (നാരായണോപനിഷത്ത് 1/10)
( ഈ ആത്മാവിനെ ഉയരത്തിലേയ്‌ക്കോ കുറുകേയോ ആരും അളന്നിട്ടില്ല. മദ്ധ്യകേന്ദ്രമേതെന്നും ഒര്‍ക്കുമറിയില്ല. അതിനെ ഒന്നും നിയന്ത്രിക്കുന്നുമില്ല. അതിന്റെ പേര് മഹായശസ്സു എന്നാകുന്നു!) എങ്ങും നിറഞ്ഞ പൊരുളൊന്നാണെന്നറിയുമാറ് അത്തരക്കാരുടെ വിവേകം വിടരുന്നു. അതിനുള്ള പലകരങ്ങളിലൊന്ന് സജ്ജന സംസര്‍ഗ്ഗമാണ്. ‘നാരായണമന്തസ്തമോഹാരി സാധവോ നതുഭാസ്തരഃ’ എന്ന തത്ത്വപ്രകാരം, സത്‌സംഗ-മാണ് അജ്ഞാന തിമിരാന്ധത നീക്കുന്നത്. ഗുരുനാഥനോ ക്ഷേത്രമോ തീര്‍ത്ഥഘട്ടമോ ഒക്കെ ഈ പരിണാമത്തിന് ഹേതുവാകും. ദീര്‍ഘബാഹുവിനാകട്ടെ ഗോപീഭൂമിയാണ് സഹായമായത്.
കൊല്ലപ്പെട്ടരാജാവിനെ യമഭടര്‍ കാലപുരിയിലെത്തിച്ചു. ശിക്ഷ നിര്‍ണ്ണയിച്ചു. എന്നാല്‍ ആ ശിക്ഷ നടപ്പിലാക്കാനായില്ല. കുംഭീപാകനരകത്തില്‍ തിളച്ച എണ്ണയിലിടാനാണ് ആദ്യശിക്ഷാവിധി! പക്ഷേ, രാജശരീരം എണ്ണയില്‍ സ്പര്‍ശിച്ചപ്പോള്‍ത്തന്നെ തിളച്ചുകൊണ്ടിരുന്ന എണ്ണ ശീതളമായി. ഏവരും അത്ഭുതപ്പെട്ടു. യമധര്‍മ്മന്റേയും ചിത്രഗുപ്തന്റേയും ഉല്‍ക്കണ്ഠ വ്യാസഭഗവാന്‍ അകറ്റി. ‘ഈയാളുടെ മേനിയില്‍ ദ്വാരകമണ്ണ്-ഗോപീഭുമിയിലെ മണ്ണ്-സ്പര്‍ശിച്ചിട്ടുണ്ടാകും. അതിനാലാണിങ്ങനെ സംഭവിച്ചത് എന്ന് വ്യാസമുനി പറഞ്ഞു. കുമാര്‍ഗ്ഗചാരിതയ്ക്കിടയിലും ദീര്‍ഘബാഹു ‘ഗോപീഭൂമി’ സന്ദര്‍ശിച്ചു. സോദ്ദേശ്യസന്ദര്‍ശനമായിരുന്നില്ല. കാമപ്പാച്ചിലിനിടയിലെ യാദൃച്ഛികത! അതുപോലും അയാളുടെ രക്ഷയ്‌ക്കെത്തി എന്നതാണ് ഈ കഥയിലെ വൈചിത്ര്യം!
കൊല്ലപ്പെടുക, യമഭടര്‍ കാലപുരിയിലെത്തിക്കും. തിളച്ച എണ്ണയിലിടുക, അതു ശീതളമാവുക ഈ വൈചിത്ര്യവൈശിഷ്ട്യങ്ങള്‍ സൂക്ഷ്മ ചിന്തയര്‍ഹിക്കുന്നവയാണ്. കര്‍മ്മഫലങ്ങള്‍ പിന്തുടരും! ഏതുതരം കര്‍മ്മമായാലും. പ്രവര്‍ത്തിക്കുക ഫലമനുഭവിക്കുക എന്നതാണ് മേല്പറഞ്ഞതിന്റെ ആദ്യതലദുഷ്‌കൃതീഫലമായ യാതനകള്‍ക്കു വിധേയമാവുക, അതിന്മദ്ധ്യേ ദിവ്യാനുഗ്രഹങ്ങള്‍ ചിലരുടെ ജീവിതഗതിതന്നെ പാടേമാറ്റും ദീര്‍ഘബാഹുവിന് ഗോപീഭു സ്പര്‍ശമാണ് ഈ അത്ഭുതം സാദ്ധ്യമാക്കിയത്. യാത്രയ്ക്കിടയില്‍ യാദൃച്ഛികമായാണ് ഗോപീഭുമി സ്പര്‍ശിക്കാനിടയായത്. ഇത് അപൂര്‍വ്വമാണെങ്കിലും അസംഭവ്യമല്ല. നീചകര്‍മ്മങ്ങളിലൂടെ പ്രസിദ്ധിയാര്‍ജ്ജിച്ചു പുളയ്ക്കുന്നതിനിടയില്‍ പൂര്‍വ്വകാലാര്‍ജ്ജിതജ്ഞാനം മിന്നലൊളിയായി അന്ധകാരം കീറിമുറിക്കുന്നു. സഞ്ചാരപഥത്തിന്റെ ദുര്‍ഗ്ഗമ സ്വഭാവം സ്പഷ്ടമാക്കുന്നു. ജീവന്‍/വ്യക്തി ആ തിരിച്ചറിവിന്‍ പ്രകാശത്തിലേയ്ക്കാനയിക്കപ്പെടുന്നു. അതോടെ തീവ്രപീഡാനുഭവങ്ങള്‍ നല്‍കുന്നു. തിളച്ചുമറിയുന്ന എണ്ണയും ശീതളമായി എന്ന സൂചന ആ സത്യം വ്യക്തമാക്കുന്നു. നാശം വരുത്താന്നൊരുങ്ങുന്ന യമനേ പാപപ്പെരുപ്പം തെളിയിക്കാന്‍ ശ്രമിക്കുന്ന ‘ചിത്രഗുപ്തനോ’ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. എല്ലാ ദുഃഖവും മറന്ന് ആനന്ദചിന്മയഹരേയെന്നുറച്ച് യാതൊന്നതൊക്കെ ഹരി നാരായണായ നമ: എന്ന ഭാവനയില്‍ മുഴുകി ആനന്ദമടയുന്ന ജീവന് സുഖമോ ദുഃഖമോ ഇല്ല. ‘തസ്യകോ മോഹ: കശ്ശോക:’ എന്നാണല്ലോ ഉപനിഷഭുക്തി!
അവസാനം ധര്‍മ്മരാജന്‍ ഒരു ദിവ്യരഥം വരുത്തി ദീര്‍ഘബാഹുവിനെ ഗോലോകത്തെത്തിച്ചു. അതാണ് കര്‍മ്മഗതി. അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന പാപം ദോഷഫലമനുഭവിപ്പിക്കുന്നു. അതേ രീതിയില്‍ യദൃച്ഛാലബ്ധപുണ്യം. നല്ലഫലവുമുളവാക്കുന്നു. നിര്‍ണ്ണീത സന്ദര്‍ഭത്തില്‍ സഹായത്തിനെത്തുന്ന ആത്മസുഹൃത്തിനെപ്പോലെയാണ് സത്‌സംഗപുണ്യം! മനുഷ്യനെ അമര്‍ത്യതയിലെത്തിക്കാന്‍ മറ്റൊന്നിനും ഇത്ര ശക്തിയില്ല.
‘ഗോപീചന്ദന മാഹാത്മ്യം
യഃ ശൃണോതി നരോത്തമഃ
സ യാതി പരം ധാമ
ശ്രീകൃഷ്ണസ്യ മഹാത്മനഃ’
(ഗോപീചന്ദനമാഹാത്മ്യം ശ്രവിക്കുന്നവര്‍ ശ്രീകൃഷ്ണപരമധാമമായ ഗോലോകത്തെത്തും). എന്ന ഫലശ്രുതിയും പറഞ്ഞാല്‍ ശ്രീഗര്‍ഗ്ഗന്‍ ഈ വിശിഷ്ടകഥ അവസാനിപ്പിക്കുന്നത്.
സത്യദ്രഷ്ടാവായ ജീവന്‍ (ഗോപീചന്ദനമണിഞ്ഞ വ്യക്തി) ഗോലോകത്തല്ലാതെ മറ്റെവിടെയാണെത്തുക? സര്‍വ്വ ബ്രഹ്മമയം എന്നു കരുതുന്ന ജീവന്‍ സര്‍വ്വാത്മനാ (സര്‍വ്വേന്ദ്രിയദ്വാരാ) എല്ലാറ്റിലും ഈശ്വരനെക്കാണുന്നു. ഇത്തരക്കാരെവിടെയിരുന്നാലും അവിടം ഗോലോകം തന്നെ. അവര്‍ക്ക് തിക്താനുഭവങ്ങളൊന്നും (കുണ്ഠത) ഉണ്ടാവുകയില്ല. ഐന്ദ്ര്യസാഫല്യം നേടി ആനന്ദമനുഭവിക്കുന്നയാള്‍ക്ക് നരകാനുഭവമേ ഉണ്ടാവൂകയില്ലെന്നു സാരം!
‘സര്‍വ്വഭൂതസ്ഥിതം യോ മാം
ഭജത്യേകത്വമാസ്ഥിതഃ
സര്‍വ്വഥാ വര്‍ത്തമാനോപി
സ യോഗീ മയി വര്‍ത്തതേ’. (ഭ.ഗീ.6-31)
(ആരാണോ അഭേദഭാവത്തില്‍ സര്‍വ്വാന്തര്യാമിയായ എന്നെ ഭജിക്കുന്നത് ആ യോഗി, അയാള്‍ ഏതു മാര്‍ഗ്ഗം പ്രവര്‍ത്തിക്കുന്നയാളായാലും, എന്നില്‍ തന്നെയിരിക്കുന്നു. ദീര്‍ഘബാഹുവിന്റെ പരിണാമവും ആവിധത്തിലായിരുന്നു. ആ നന്ദികലങ്ങി മറിഞ്ഞൊഴുകിയ ഭൂതകാലം പ്രസക്തമേ അല്ല. ‘ബ്രഹ്മവിത് ബ്രഹ്മൈവ ഭവതി’ അതുതന്നെ.
Discussion about this post