ശബരിമല: കഠിന വ്രതനിഷ്‌ഠയില്‍ മലകയറി എത്തിയ ഭക്‌തര്‍ക്ക് ആത്മനിര്‍വൃതിയേകി അയ്യപ്പ ദര്‍ശനം പൂര്‍ത്തിയായി. 65 നാള്‍ നീണ്ട തീര്‍ഥാടനത്തിന് സമാപ്‌തി കുറിച്ച് ശബരിമല ക്ഷേത്രനട ഇന്ന് അടയ്‌ക്കും. ദര്‍ശനത്തിന്റെ അവസാന ദിവസമായ ഇന്നലെ ആയിരക്കണക്കിന് തീര്‍ഥാടകരാണ് സ്വാമിയെ ദര്‍ശിക്കാനെത്തിയത്.
ഇന്നു രാവിലെ ആറിന് രാജപ്രതിനിധി തിരുനടയില്‍ എത്തി അയ്യപ്പ ദര്‍ശനം നടത്തും. ഇന്ന് രാജപ്രതിനിധിക്കല്ലാതെ ഭക്‌തന്മാര്‍ക്ക് ദര്‍ശനമില്ല. മേല്‍ശാന്തി എഴിക്കോട് ശശി നമ്പൂതിരി അയ്യപ്പനെ ഭസ്‌മാഭിഷേകം നടത്തി ധ്യാനനിരതനാക്കി ഹരിവരാസനം ചൊല്ലി നട അടയ്‌ക്കും. തുടര്‍ന്ന് ശ്രീകോവിലിന്റെ താക്കോല്‍ മേല്‍ശാന്തി രാജപ്രതിനിധിക്കു കൈമാറും. പതിനെട്ടാംപടിയിറങ്ങിയ ശേഷം അടുത്ത ഒരുവര്‍ഷത്തെ പൂജകള്‍ക്കായി രാജപ്രതിനിധി ശ്രീകോവിലിന്റെ താക്കോല്‍ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ക്ക് കൈമാറും. തുടര്‍ന്ന് തിരുവാഭരണവുമായി പന്തളത്തേക്കുള്ള മടക്കയാത്ര തുടങ്ങും.
അതേസമയം പുല്ലുമേട് ദുരന്തം സംബന്ധിച്ച് ഡിജിപി ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോടതി സ്വമേധയാ ആവശ്യപ്പെട്ടപ്രകാരമാണ് പൊലിസ് റിപ്പോര്‍ട്ട് നല്‍കുന്നത്. തിക്കും തിരക്കുമാണ് ദുരന്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക പഠനവിവരം.
Discussion about this post