തിരുവനന്തപുരം: നാട്യശാസ്ത്ര കര്‍ത്താവായ ഭരതമുനിയുടെ പ്രതിമ തിങ്കളാഴ്ച വൈകീട്ട് 5ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനാവരണം ചെയ്യും. വട്ടിയൂര്‍ക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ദേശീയ നൃത്ത മ്യൂസിയത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന അഞ്ചടി ഉയരമുള്ള പാറമേല്‍ വന്ദനസൂചകമായി നൃത്തരൂപത്തില്‍ ഇരുകൈകളും കൂപ്പിനില്‍ക്കുന്ന 25 അടി ഉയരമുള്ള പ്രതിമയാണ് നിര്‍മിച്ചിരിക്കുന്നത്. പ്രശസ്ത ശില്പി ജിനനും സഹായി ബിനു ഹരിദാസും ചേര്‍ന്നാണ് പ്രതിമയുടെ നിര്‍മാണം നടത്തിയത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഭരതമുനിക്ക് ദൃശ്യരൂപം നല്‍കുന്നതും പ്രതിമ സ്ഥാപിക്കുന്നതും. 25 ലക്ഷം രൂപ ചെലവിട്ടാണ് പ്രതിമ, കൃത്രിമ ജലാശയം, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ നിര്‍മിച്ചത്.












