കോട്ടയം (മള്ളിയൂര്‍): മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ നവതി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. 31നാണ് ആഘോഷങ്ങള്‍ സമാപിക്കുക. നവതി ആഘോഷങ്ങളുടെ ഭാഗമായി ഇന്നു മുതല്‍ 31 വരെ ഭാഗവത നവാഹയജ്‌ഞം, മഹാരുദ്രാഭിഷേകം, ആധ്യാത്മിക പ്രഭാഷണങ്ങള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ നടക്കും. പെരുമ്പള്ളി കേശവന്‍ നമ്പൂതിരി, മുംബൈ ചന്ദ്രശേഖര ശര്‍മ എന്നിവരാണ് ഭാഗവത നവാഹയജ്‌ഞത്തിന്റെ മുഖ്യ ആചാര്യന്‍മാര്‍.
ഭാഗവത നവാഹയജ്‌ഞത്തിലും മഹാരുദ്രാഭിഷേക ചടങ്ങുകളിലും പൂര്‍ണമായി പങ്കെടുക്കാന്‍ ഭക്‌തര്‍ക്ക് അവസരമൊരുക്കാന്‍ ഭാഗവതശിബിരത്തിനു രൂപം നല്‍കിയിട്ടുണ്ട്. മള്ളിയൂരില്‍ താമസിച്ച് ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള അവസരവുമുണ്ട്. ആത്മീയ പ്രഭാഷണങ്ങളും കലാപരിപാടികളും ഒത്തുചേര്‍ന്നതായിരിക്കും നവതി ആഘോഷ പരിപാടികള്‍. ആഘോഷങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെ മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട ഭാഗവത രഥഘോഷയാത്ര ഇന്ന് മള്ളിയൂരില്‍ എത്തി ച്ചേരും. ഇടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദഭാരതിയാണ് ഘോഷയാത്രയ്‌ക്ക് ദീപം തെളിച്ചത്. വൈകിട്ട് ഏഴിനു നടക്കുന്ന സമ്മേളനം ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ജസ്‌റ്റിസ് ചലമേശ്വര്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന് വെണ്‍മണി കൃഷ്‌ണന്‍ നമ്പൂതിരിയുടെ ഭാഗവതമാഹാത്മ്യ പ്രഭാഷണം. എട്ടിനു ഡോ. ദ്രൗപദി പ്രവീണിന്റെ നൃത്തം. ആഘോഷദിനങ്ങളില്‍ ഒട്ടേറെ കലാകാരന്മാരാണ് മള്ളിയൂരില്‍ എത്തുന്നത്. കാരൈക്കുടി ആര്‍. മണി, ശ്രീരാം പാര്‍ഥസാരഥി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എം. ജയചന്ദ്രന്‍, ടി.എസ്. രാധാകൃഷ്‌ണന്‍, കാവാലം ശ്രീകുമാര്‍, കെ.ജി. ജയന്‍, മാതംഗി സത്യമൂര്‍ത്തി, മഞ്ഞപ്ര മോഹനന്‍ തുടങ്ങിയവരാണ് വിവിധ ദിവസങ്ങളിലായി എത്തുക. വൃന്ദാവനത്തില്‍ നിന്നുള്ള വ്രജവാസികള്‍ അവതരിപ്പിക്കുന്ന രാസലീലയുമുണ്ട്.
വെണ്‍മണി കൃഷ്‌ണന്‍ നമ്പൂതിരി, പെരുമ്പള്ളി കേശവന്‍ നമ്പൂതിരി, ഒറവങ്കര, കല്ലാനിക്കാട് ചന്ദ്രശേഖരന്‍ നമ്പൂതിരി, വെണ്‍മണി രാധ അന്തര്‍ജനം, അശ്വതി തിരുനാള്‍ ലക്ഷ്‌മിബായി, പെരുമ്പള്ളി നാരായണദാസ്, കണ്‌ഠമംഗലം സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, പേരാറ്റുപുറം കൃഷ്‌ണന്‍ നമ്പൂതിരി, പള്ളിക്കല്‍ സുനില്‍, വിത്തല്‍ദാസ്, ജയകൃഷ്‌ണ ദീക്ഷിതര്‍, ശ്യാംസുന്ദര്‍ പരാശര്‍ ശാസ്‌ത്രി, ഫ്രഫ. വൈദ്യലിംഗ ശര്‍മ, എസ്. ഗോപാല്‍, ശശികല, അപ്പു വാരിയര്‍ കാടാമ്പുഴ, കിഴക്കേടം ഹരിനാരാണന്‍ നമ്പൂതിരി, ഗുരുവായൂര്‍ കേശവന്‍ നമ്പൂതിരി, തോട്ടം ശ്യാം നമ്പൂതിരി, മുംബൈ ചന്ദ്രശേഖര ശര്‍മ, ആഞ്ഞം കൃഷ്‌ണന്‍ നമ്പൂതിരി എന്നിവരാണ് മാഹാത്മ്യ പ്രഭാഷണം നടത്തുക.













Discussion about this post