ചെങ്കല്‍ സുധാകരന്‍
‘സിദ്ധാശ്രമം പുണ്യപ്രദമാണ്. ദര്‍ശനമാത്രയില്‍ത്തന്നെ എല്ലാ പാപങ്ങളും നശിക്കും. നാമം പോലും അതിന്റെ മഹിമ വെളിവാക്കുന്നു. ശ്രീകൃഷ്ണ വിയോഗം അനുഭവിക്കുന്നവര്‍ക്ക് ആ പാവന സ്ഥലത്തെത്തിയാല്‍, ഉടന്‍ കൃഷ്ണദര്‍ശനം ലഭിക്കും. നാരദമഹര്‍ഷി ദ്വാരകാതീര്‍ത്ഥങ്ങളില്‍ മുഖ്യമായ സിദ്ധാശ്രമപ്പെരുമ ബഹുലാശ്വ മഹാരാജാവിനെ കേള്‍പ്പിച്ചു.
‘ദര്‍ശനാദ്യസ്യ സാലോക്യം
സാമീപ്യം സ്പര്‍ശനാന്തഥാ
സാരൂപ്യം സ്‌നാനതോ യാതി
സായൂജ്യം തന്നിവാസതഃ’
(സിദ്ധാശ്രമദര്‍ശനത്താല്‍ സാലോക്യം, സ്പര്‍ശനത്താല്‍ സാമീപ്യം, സ്‌നാനത്താല്‍ സാരൂപ്യം, സഹവാസത്താല്‍ സായൂജ്യം – എന്നീമുക്തികള്‍ ലഭിക്കും.)
മനോജ്ഞമായ മാധവ പൗര്‍ണ്ണമിയില്‍ രാധാദേവിയും നൂറുയൂഥം ഗോപികമാരും സിദ്ധാശ്രമദര്‍ശനത്തിനായി യാത്രചെയ്തു. അപ്പോള്‍ത്തന്നെ സര്‍വ്വന്തര്യാമിയായ ശ്രീകൃഷ്ണഭഗവാനും പതിനാറായിരത്തിലധികം ഭാര്യമാരുമൊത്ത് പ്രസ്തുത തീര്‍ത്ഥത്തിലെത്തിച്ചേര്‍ന്നു. തീര്‍ത്ഥാടന പരിസരത്തില്‍ രാധയും കൂട്ടരും വിശ്രമിച്ചു. അവിടെ ബലവാന്മാരായ ഗോപാലന്മാര്‍ കാവല്‍ക്കാരായി നിന്നു. സ്‌നാനത്തിനൊരുങ്ങിയ രാധയ്ക്കു ചുറ്റും വേത്രപാണികളായ ഗോപികമാര്‍ രക്ഷാകവചം തീര്‍ത്തു. തൊട്ടടുത്തായി ദ്വാരകവാസികളും സ്‌നാനത്തിനിറങ്ങി. ഗോപീയൂഥങ്ങള്‍ അവരെ അകലേയ്ക്കാട്ടിയോടിച്ചു.!
രുക്മിണ്യാദി ഭഗവത്പത്‌നിമാര്‍ ഭഗവാനെ സമീപിച്ചു. തങ്ങള്‍ക്കുണ്ടായ പരാഭവത്തില്‍ മനംനൊന്ത് അവര്‍ ഭഗവാനോട് ചോദിച്ചു:-
‘കോfയം സ്‌നാതീതി പപ്രച്ഛര്‍-
ര്യസ്യാം വൈഭവമത്ഭുതം’
(അവിടെ കുളിക്കുന്നവള്‍ ആരാണ്? എന്താണവള്‍ക്കിത്ര വൈഭവം?) അങ്ങ് സര്‍വ്വജ്ഞനാണല്ലോ?…. അവള്‍ ആരുടെ ഭാര്യയാണ്? എവിടെ വസിക്കുന്നു?’ ഇപ്രകാരം പട്ടമഹിഷിമാര്‍ ചോദിച്ചപ്പോള്‍ ശ്രീകൃഷ്ണഭഗവാന്‍ സസ്മിതം പറഞ്ഞു:-
‘വൃഷഭാനു സുതാ സാക്ഷാത്
രാധേയം കീര്‍ത്തിനന്ദിനി
വ്രജേശ്വരീ മദ്ദയിതാ
ഗോപികാധീശ്വരീ വരാ’
(അവള്‍ വൃഷഭാനുവരന്റേയും കീര്‍ത്തീദേവിയുടേയും മകളാണ്. എനിക്ക് പ്രിയതമയായ രാധാദേവീ! വ്രജാധിപയായ രാധ ഗോപീമണ്ഡലത്തിനാകെ നാഥയുമാണ്.) അവള്‍ വ്രജത്തില്‍ നിന്ന് ഗോപികമാരോടൊപ്പം ഇവിടെ തീര്‍ത്ഥാനടത്തിനെത്തിയതാണ്. അസാധാരണമാണവളുടെ വൈഭവം!’
ശ്രീകൃഷ്ണവചനംകേട്ട്, സൗന്ദര്യംമദമാണ്ട സത്യഭാമ സപത്‌നിമാരോടിങ്ങനെ പറഞ്ഞു:- രാധ രൂപവതിയായിരിക്കാം. എന്താ,ഞാനും മനോജ്ഞാംഗിയല്ലേ? എന്നെ മോഹിച്ച്, തമ്മിലടിച്ച്, എത്രപേരാണ് മരണം വരിച്ചത്? ദിവസം എട്ടുഭാരം കനകം വിളയുന്ന സ്യമന്തകരണം അച്ഛന്‍, എനിക്കു തന്നിട്ടുണ്ട്. സ്വര്‍ഗ്ഗത്തിലെ പാരിജാതം ഇന്ന്, എന്റെ വീട്ടുപടിക്കലാണ്. എന്നോടുള്ളപ്രേമത്താല്‍ ഭഗവാന്‍, ഇന്ദ്രനോടിടഞ്ഞ് പോര്‍ചെയ്തു! എന്നെപ്പോലെ സുന്ദരിയും വൈഭവശാലിയുമായി മറ്റാരാണുള്ളത്?’ തുടര്‍ന്ന് ഭാമ, രുക്മണിയേയും മറ്റുറാണിമാരേയും പുകഴ്ത്തി. എല്ലാവര്‍ക്കും ഭാമയുടെ വാക്കുകള്‍ ശരിയാണെന്നുതോന്നി. അവര്‍ രൂപ-യൗവന ഗര്‍വ്വിതകളായി. രാധയെ കാണാന്‍ പോകണമെന്ന് അവര്‍, ഭഗവാനോടഭ്യര്‍ത്ഥിച്ചു. അവരുടെ മദാന്ധത മനസ്സിലാക്കിയ കൃഷ്ണന്‍ സാകൂതം പുഞ്ചിരിച്ച്, പത്‌നിമാരോടൊപ്പം രാധാദര്‍ശനത്തിനായി പുറപ്പെട്ടു.
‘കനകമയ പതാകാവലീ ലാളനീയമായ’ സുവര്‍ണ്ണഗിരിയില്‍ സഖീജന പരിവൃതയായ രാധയെ കൃഷ്ണപ്രിയമാര്‍ കണ്ടു അവളെ തോഴിമാര്‍ വെഞ്ചാമരം വീശി ശുശ്രൂഷിക്കുന്നുണ്ടായിരുന്നു. അവള്‍ ആകര്‍ഷകമായി ആഭരണങ്ങള്‍ അണിഞ്ഞിരുന്നു. പൂമെത്തമേല്‍ വച്ച് മൃദുലപാദങ്ങള്‍ മന്ദമന്ദം ചലിപ്പിക്കുകയായിരുന്നു. ബാലാര്‍ക്കപ്രഭയാര്‍ന്ന കുണ്ഡലങ്ങള്‍ ധരിച്ച്, നക്ഷത്രമദ്ധ്യേ പൂര്‍ണ്ണചന്ദ്രനെപ്പോലെ ശോഭിക്കുന്ന രാധയെക്കണ്ട് സത്യഭാമ ഉള്‍പ്പെടെയുള്ള റാണിമാര്‍ വിസ്മയഭരിതരായി.
‘ബാലാര്‍ക്ക കുണ്ഡലധരാ
വിദ്യുദ്ദാമ മനോഹരാ
കോടി ചന്ദ്രപ്രതീകാശാ
തന്വീകോമള വിഗ്രഹാ’
(ബാലസൂര്യപരിശോഭയാര്‍ന്ന കുണ്ഡലങ്ങള്‍ ധരിച്ചും മിന്നലൊളിയാര്‍ന്നും കോടിസൂര്യതുല്യം ശോഭയാവഹിച്ചും (കാണപ്പെട്ട) രാധ അധികം കോമളാംഗിയായിരുന്നു.)
രുക്മിണി, സത്യഭാമ മുതലായ മഹാറാണിമാര്‍ ശ്രീരാധയെക്കണ്ട് അത്യധികം വിസ്മയിച്ചു. ആ അനവദ്യ സൗന്ദര്യം അവരെ തെല്ലുനേരം, മോഹാലസ്യത്തിലാഴ്ത്തി. ‘തത്തേജസാ ഹരാരുചാഃ സൂര്യാത്താരാ ഗണാഃ ഇവ (സൂര്യതേജസാല്‍ നക്ഷത്രങ്ങള്‍പോലെ) അവര്‍ മ്ലാനവദനരായി. റാണിമാരുടെ സൗന്ദര്യമദം അസ്തമിച്ചു. അല്പസമയംകൊണ്ട് ബോധം തെളിഞ്ഞ അവര്‍ പരസ്പരം പറയാന്‍ തുടങ്ങി:-
‘അഹോ ഏതാദൃശം രൂപം
ത്രൈലോക്യാം നഹി ചാത്ഭുതം!
ശ്രുതം യഥാതഥാ ദൃഷ്ട-
മദ്വിതീയം മനോഹരം!’
(ആശ്ചര്യം ഇങ്ങനെയുള്ളൊരു സൗന്ദര്യം ത്രിലോകത്തിലാര്‍ക്കും കാണുകയില്ല. എപ്രകാരം കേട്ടിരുന്നുവോ അപ്രകാരംതന്നെ കണ്ടപ്പോഴും! ഇത് അദ്വിതീയവും അത്ഭുതകരവുമാണ് സംശയമില്ല. സംസാരിക്കാന്‍പോലും ശേഷിയില്ലാതായ രാജാക്കന്മാര്‍ ശ്രീകൃഷ്ണ സന്നിധിയില്‍ നിരന്നുനിന്നു.
Discussion about this post