കൊച്ചി: കെബിപിഎസിന്റെ നിരക്കുമായി യോജിക്കുന്ന നിരക്കില്‍ പാഠപുസ്തക അച്ചടി ഏറ്റെടുക്കാന്‍ സ്വകാര്യ പ്രസായ മണിപ്പാല്‍ ടെക്‌നോളജീസിനു കഴിയുമോയെന്നു ഹൈക്കോടതി ചോദിച്ചു. ഇക്കാര്യം പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി, കെബിപിഎസ് എംഡി, മണിപ്പാല്‍ ടെക്‌നോളജീസ് പ്രതിനിധി എന്നിവരുടെ യോഗം വ്യാഴാഴ്ച ചേരണം. ചര്‍ച്ചയുടെ ഫലം വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി വെള്ളിയാഴ്ച കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ നിര്‍ദേശിച്ചു. പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.
അതേസമയം, പാഠപുസ്തകം അച്ചടി വൈകിയ സംഭവത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഈ മാസം 23ന് അച്ചടി പൂര്‍ത്തിയാക്കും. 24 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടിയാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. തയാറായ പാഠപുസ്തകങ്ങള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.എ. ജലീല്‍ കോടതിയെ ബോധിപ്പിച്ചു.
Discussion about this post