തിരുവനന്തപുരം: 2010-11 ലെ തസ്തിക നിര്‍ണയം തന്നെ 2014-15 വര്‍ഷത്തേക്കുവരെ തുടരാന്‍ അനുമതി നല്‍കിക്കൊണ്ട് അധ്യാപക പാക്കേജ് മന്ത്രിസഭായോഗം അംഗീകരിച്ചു. 2010-11 ല്‍ നിലവിലുണ്ടായിരുന്ന തസ്തികകളില്‍ 2011-12 നുശേഷം രാജി, മരണം, റിട്ടയര്‍മെന്റ്, പ്രമോഷന്‍, സ്ഥലംമാറ്റം എന്നിങ്ങനെ വരുന്ന തസ്തികകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് 1:30, 1:35 അനുപാതം അനുസരിച്ച് അംഗീകാരം നല്‍കും. 2011-12 മുതല്‍ 2014-15 വരെ നടത്തിയ നിയമനങ്ങള്‍ക്ക് ഇപ്രകാരം അംഗീകാരം നല്‍കും. ഈ അധ്യയനവര്‍ഷം മുതല്‍ 1:45 അനുപാതം അനുസരിച്ചായിരിക്കും തസ്തികകള്‍ അനുവദിക്കുക.
ഈ അധ്യയനവര്‍ഷം മുതല്‍ തസ്തിക നിര്‍ണയം നടത്തുമ്പോള്‍ രാജി, മരണം, റിട്ടയര്‍മെന്റ്, പ്രമോഷന്‍, സ്ഥലം മാറ്റം എന്നിങ്ങനെ വരുന്ന തസ്തികകളില്‍ 2011-12 നുശേഷം നിയമിക്കപ്പെട്ടവര്‍ പുറത്തുപോകുന്ന സാഹചര്യം ഉണ്ടായാല്‍ അവരെ ശമ്പളം നല്‍കി സംരക്ഷിക്കും. അധ്യാപക ബാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്കും സംരക്ഷണം നല്‍കും. അവരെ എങ്ങനെ പുനര്‍വിന്യസിക്കണമെന്നതു സര്‍ക്കാര്‍ തീരുമാനിക്കും. കോര്‍പറേറ്റ് മാനേജ്‌മെന്റുകള്‍ അവരുടെ സ്‌കൂളുകളില്‍ ഉണ്ടാകുന്ന ഒഴിവില്‍ അവരെ നിയമിക്കേണ്ടതാണ്. വ്യക്തിഗത മാനേജ്‌മെന്റുകളും തങ്ങളുടെ സ്‌കൂളുകളില്‍ ഉണ്ടാകുന്ന ഒഴിവില്‍ അവരെ നിയമിക്കണം. ഇങ്ങനെ നിയമിക്കപ്പെടുന്നതുവരെ അവര്‍ക്ക് ഗവണ്‍മെന്റ് സംരക്ഷണം നല്‍കും.
കേരള വിദ്യാഭ്യാസ ചട്ടത്തില്‍ അനുശാസിക്കുന്നതനുസരിച്ചു കുട്ടികള്‍, പീരിയഡ് എന്നിവ ഉണെ്ടങ്കില്‍ സ്‌പെഷലിസ്റ്റ് അധ്യാപകരെ സ്‌കൂളുകളില്‍ നിയമിക്കാന്‍ ബന്ധപ്പെട്ട മാനേജ്‌മെന്റിന് അവകാശമുണ്ട്. ഒരു സ്‌കൂളില്‍ ആവശ്യത്തിനു പീരിയഡോ കുട്ടികളോ ഇല്ലെങ്കില്‍ കോര്‍പറേറ്റ് മാനേജ്‌മെന്റുകള്‍ക്ക് അവരുടെ കീഴിലുള്ള സ്‌കൂളുകള്‍ ക്ലബ് ചെയ്ത് അധ്യാപകരെ നിയമിക്കാം. വ്യക്തിഗത മാനേജ്‌മെന്റ് സ്‌കൂളുകള്‍ ക്ലബ് ചെയ്ത് സ്‌പെഷലിസ്റ്റ് അധ്യാപകരെ സര്‍ക്കാര്‍ നിയമിക്കുന്നതാണ്.
നടപ്പ് അധ്യയനവര്‍ഷം മുതല്‍ സര്‍ക്കാര്‍ അനുമതി വാങ്ങി മാത്രമേ മാനേജ്‌മെന്റിന് അധ്യാപകരെ നിയമിക്കാന്‍ അവകാശമുണ്ടായിരിക്കുകയുള്ളു. അര്‍ഹതയുള്ള തസ്തികകളിലെ നിയമനത്തിനു മാനേജ്‌മെന്റ് അവകാശം ഉന്നയിച്ചാല്‍ 30 ദിവസത്തിനകം സര്‍ക്കാര്‍ തീരുമാനം അറിയിക്കേണ്ടതാണ്. അങ്ങനെ തീരുമാനം അറിയിക്കുന്നില്ല എങ്കില്‍ മാനേജ്‌മെന്റിന് നിയമനവുമായി മുന്നോട്ടുപോകാം. സര്‍ക്കാര്‍ പരിശോധിച്ച് അംഗീകാരം നല്‍കുമ്പോള്‍ നിയമന തീയതി മുതല്‍ അധ്യാപകര്‍ക്ക് എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹത ഉണ്ടായിരിക്കും. ഇങ്ങനെ നിയമിക്കപ്പെട്ട അധ്യാപര്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍ 2014-15 വരെയുള്ള ശമ്പള കുടിശിക പിഎഫില്‍ ലയിപ്പിക്കും. 2019-20 നുശേഷം മാത്രമേ ഈ തുക പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു.
2011-12 നുശേഷം അഡീഷണല്‍ തസ്തികകളില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് കെഇആര്‍ വ്യവസ്ഥ പ്രകാരം 1:45 അനുപാതത്തില്‍ തസ്തികയ്ക്ക് അര്‍ഹതയുണെ്ടങ്കില്‍ മാത്രമേ അംഗീകാരം നല്‍കുകയുള്ളൂ. പിന്നീടുള്ള വര്‍ഷങ്ങളില്‍ തസ്തികനഷ്ടം കാരണം പുറത്താവുന്ന സാഹചര്യം ഉണ്ടായാല്‍ അവര്‍ക്ക് ചട്ടം 51 എ അവകാശത്തിനു മാത്രമേ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.
മെയിന്റനന്‍സ് ഗ്രാന്റിനുള്ള ആദ്യ ഒരു വര്‍ഷത്തെ കുടിശിക യുഐഡിയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഡിസംബറിനകം അനുവദിച്ചു നല്‍കും. മൂന്നുമാസം വരെയുള്ള അവധി ഒഴിവുകളിലെ നിയമനത്തിനു ബന്ധപ്പെട്ട മാനേജ്‌മെന്റുകള്‍ തന്നെ ക്രമീകരണം ഏര്‍പ്പെടുത്തേണ്ടതാണ്. അണ്‍ ഇക്കണോമിക് സ്‌കൂളുകളെ സംബന്ധിച്ചു നിലവിലുള്ള 2012 നവംബര്‍ ആറിലെ സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ തുടരുന്നതാണ്.
Discussion about this post