തിരുവനന്തപുരം: പാഠപുസ്തകം അച്ചടി വൈകിയതിനെക്കുറിച്ചു ചീഫ് സെക്രട്ടറി അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച വിദ്യാര്‍ഥി സംഘടനകളുടെ യോഗത്തിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പാഠപുസ്തകങ്ങളുടെ അച്ചടി വരും വര്‍ഷങ്ങളില്‍ വൈകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഈ വര്‍ഷം വൈകിയതിനു കാരണം വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണോ എന്നാകും ചീഫ് സെക്രട്ടറി അന്വേഷിക്കുക എന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. മുന്‍നിശ്ചയപ്രകാരം ഈ മാസം 20നു തന്നെ പാഠപുസ്തകം വിതരണം പൂര്‍ത്തിയാക്കുമെന്നു വിദ്യാഭ്യാസമന്ത്രിയും യോഗത്തില്‍ പറഞ്ഞു. അച്ചടി സ്വകാര്യ പ്രസിനു നല്കാന്‍ സര്‍ക്കാര്‍ ഒരുഘട്ടത്തിലും തീരുമാനിച്ചിരുന്നില്ല. വിദ്യാര്‍ഥി സംഘടനകള്‍ സമരങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
എന്നാല്‍ അച്ചടി വൈകിയതിനെക്കുറിച്ചു ജുഡീഷല്‍ അന്വേഷണം വേണമെന്ന് എസ്എഫ്‌ഐയും എഐഎസ്എഫും നിലപാടെടുത്തു. ചീഫ് സെക്രട്ടറി അന്വേഷിച്ചാല്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാവില്ല. അതിനാല്‍ സ്വതന്ത്ര ഏജന്‍സിക്ക് അന്വേഷണം കൈമാറണമെന്നും വിഷയത്തില്‍ സമരം തുടരുമെന്നും ഇടതു വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു.
Discussion about this post