കൊച്ചി: കേരള പേപ്പര്‍ ലോട്ടറി നികുതി ചട്ടങ്ങളില്‍ സംസ്‌ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി വിജ്‌ഞാപനം നടപ്പാക്കുന്നതു ഹൈക്കോടതി തടഞ്ഞു. അതേസമയം, ലോട്ടറി ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യാതെ, നിയമസാധുത വിലയിരുത്താനായി ഡിവിഷന്‍ ബെഞ്ചിലേക്കു വിട്ടു. സമൂഹത്തിലെ താഴേക്കിടയിലുള്ളവരെ ചൂഷണത്തില്‍ നിന്നു സംരക്ഷിക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ സംസ്‌ഥാനം ലോട്ടറി വിമുക്‌ത മേഖലയായി പ്രഖ്യാപിക്കുകയാണു വേണ്ടതെന്നു ജസ്‌റ്റിസ് സി.കെ. അബ്‌ദുല്‍ റഹിം അഭിപ്രായപ്പെട്ടു.
കേരള പേപ്പര്‍ ലോട്ടറി നികുതി നിയമത്തില്‍ സംസ്‌ഥാനം കഴിഞ്ഞ സെപ്‌റ്റംബര്‍ 13നു കൊണ്ടുവന്ന ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ പാലക്കാട്ടെ മേഘ ഡിസ്‌ട്രിബ്യൂട്ടേഴ്‌സും മറ്റും സമര്‍പ്പിച്ച ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചുകൊണ്ടാണു കോടതിയുത്തരവ്. ഭേദഗതി ചട്ടത്തിലെ വ്യവസ്‌ഥകള്‍ നിഷ്‌കര്‍ഷിക്കാതെ ഡിവിഷന്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവനുസരിച്ച് മുന്‍കൂര്‍ നികുതി സ്വീകരിക്കണമെന്ന നിര്‍ദേശം ലോട്ടറി വിതരണക്കാര്‍ക്ക് അനുകൂലമായി. എന്നാല്‍ ഓര്‍ഡിനന്‍സില്‍ സ്‌റ്റേ ഇല്ലാതെ, ചട്ടം തടയുന്നത് ആശയക്കുഴപ്പത്തിനിടയാക്കുമെന്നും നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നു.
Discussion about this post