പൂന: പ്രശസ്‌ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഭീംസെന്‍ ജോഷി (90) അന്തരിച്ചു. രോഗബാധമൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നു. പൂനെയിലെ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം.
ഹിന്ദുസ്ഥാനി സംഗീതരംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഭീംസെന്‍ ജോഷിയ്‌ക്ക് 2008ലെ ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയിലും പുറത്തും നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തി. 1967ല്‍ പത്മശ്രീയും തുടര്‍ന്ന് പത്മഭൂഷണും പത്മവിഭൂഷണും ഭീംസെന്‍ ജോഷിക്കു നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.ഹിന്ദുസ്‌ഥാനി സംഗീതലോകത്ത് ഏഴു പതിറ്റാണ്ടായി നിറഞ്ഞുനില്‍ക്കുന്നതാണു ജോഷിയുടെ സാന്നിധ്യം. പത്തൊമ്പതാമത്തെ വയസില്‍ സംഗീത വേദിയിലെത്തി. ഹിന്ദുസ്‌ഥാനി സംഗീതത്തിലെ പ്രമുഖ ധാരയായ കിരാനാ ഘരാനയിലായിരുന്നു അദ്ദേഹത്തിന്റെ ഉപാസന. ഭജനുകളിലൂടെ ആസ്വാദകഹൃദയങ്ങള്‍ കീഴടക്കി. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ നവോത്ഥാനത്തിന് ഏറെ കടപ്പെട്ടിരിക്കുന്നത് ജോഷിയോടാണ്. ഇന്ത്യന്‍ സംഗീതത്തിലെ മഹാമേരുക്കളായ ലതാ മങ്കേഷ്‌കറും ബാലമുരളീകൃഷ്‌ണയുമായി ചേര്‍ന്ന് 1988 ല്‍ ജോഷി പാടിയ `മിലേ സുര്‍ മേരാ തുമാര അനൗദ്യോഗിക ദേശീയ ഗാനമായി രാജ്യമെങ്ങും അലയടിച്ചിരുന്നു. ഗുരുവും ഈശ്വരനുമാണ് സംഗീതജ്‌ഞരുടെ പ്രഥമ ആസ്വാദകര്‍. ആരാധകരുടെ ഇഷ്‌ടത്തിന്റെ വഴികളിലൂടെ അവര്‍ സംഗീതത്തെ നയിക്കില്ല. ഇന്ത്യയുടെ ഗന്ധര്‍വ ഗായകനായ പണ്ഡിറ്റ് ഭീംസെന്‍ ജോഷിയുടെ ജീവിതപ്രയാണം ആരംഭിച്ചതും ഗുരുവിനെ തേടിയായിരുന്നു. ഉത്തര കര്‍ണാടകയിലെ ധാര്‍വാഡിലെ ഗദക് ഗ്രാമത്തില്‍ നിന്ന് പതിനൊന്നുവയസിലാണ് ഭീംസെന്‍ ഗുരുവിനെ തേടി യാത്ര തുടങ്ങിയത്. പ്രമുഖ ഗായകനായ അബ്‌ദുല്‍ കരീം ഖാന്റെ പാട്ടാണ് ആ കുട്ടിയുടെ ഉള്ളിലെ അഗ്നിയെ ജ്വലിപ്പിച്ചത്.
പണ്ഡിറ്റ് മല്ലികാര്‍ജുന്‍ മന്‍സൂര്‍, കുമാര്‍ ഗന്ധര്‍വ, പണ്ഡിറ്റ് ബസവരാജ് രാജ്‌ഗുരു, ഗംഗുഭായി ഹംഗാല്‍ എന്നീ മഹാഗായകരുടെയെല്ലാം ജന്മനാടായ ഉത്തരകര്‍ണാടകയിലെ ധര്‍വാഡില്‍ നിന്നാണ് അരനൂറ്റാണ്ടുകാലം ഇന്ത്യകണ്ട മഹാ ഗായകനാകാന്‍ ജോഷിയും വന്നത്. ഉസ്‌താദ് അമീര്‍ ഖാനും ബഡേ അലി ഖാനും കാലംതെറ്റി അന്തരിച്ചപ്പോള്‍ അവര്‍ കൈയാളിയിരുന്നു മഹത്തായ സംഗീത പാരമ്പര്യത്തിന്റെ ഭാരം ജോഷിയില്‍ വന്നുചേര്‍ന്നു.
ജീവിതത്തിന്റെ അനന്യസുന്ദരമായ മുഖമത്രേ സംഗീതം. എങ്കില്‍ അതിലെ അനുപമമായ മുദ്രകള്‍ പതിച്ച സംഗീതമാണ് ജോഷിയുടേത്. തീര്‍ത്തും പൗരുഷമായ സംഗീതം. അനുപമമായ ആലാപനശൈലി കേള്‍ക്കുന്നതിനൊപ്പം കാഴ്‌ചയ്‌ക്കും മഹത്വമാര്‍ന്നതു തന്നെ. ശ്രോതാക്കളെ തന്റെ പിന്നാലെ നയിക്കാന്‍ കെല്‍പ്പുണ്ട് ആ സംഗീതത്തിന്. വികാരവും ഭാവവും ഒഴുകുന്നതിനിടെ തത്വചിന്തയും ഭക്‌തിയും കണ്ണഞ്ചിപ്പിച്ചുകൊണ്ട് മിന്നിമറയുന്നു. ഒരു മായാജാലക്കാരനെപ്പോലെ സംഗീതപ്രേമികളെ അദ്ദേഹം ആരോഹണാവരോഹണങ്ങളില്‍ ഒപ്പം കൊണ്ടുപോവുന്നു.
ഹിന്ദുസ്ഥാനിയില്‍ ഖിരാന ഖരാന ശൈലിയില്‍ തനതായ ശൈലി രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം ലോകപ്രസിദ്ധനായി. കര്‍ണാടകയിലെ ദാര്‍വാറില്‍ 1922 ഫെബ്രുവരി നാലിനു ജനിച്ച ഭീംസെന്‍ ജോഷി ചെറുപ്പം മുതല്‍ സംഗീതരംഗത്തു സജീവ സാനിധ്യമായിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്‌ട്. ഭാരതീയ ഭക്തിഗാന ശാഖയ്‌ക്കും ദേശഭക്തിഗാനരംഗത്തും ഭീംസെന്‍ ജോഷിയുടെ സംഭാവനകള്‍ ചെറുതല്ല. കേരളത്തില്‍ പല തവണ ഇദ്ദേഹം ഹിന്ദുസ്ഥാനി സംഗീതം അവതരിപ്പിച്ചിട്ടുണ്‌ട്.
കര്‍ണാടകയിലെ ഗദക് ജില്ലയില്‍ 1922 ഫെബ്രുവരി 19 നായിരുന്നു ജനനം. സ്വന്തം കഴിവുകളോടൊപ്പം മികച്ച അഭ്യസനവും കൂടിയായപ്പോള്‍ ലോകമെങ്ങും ആരാധകരുള്ള ഗായകനായി ഭീംസിങ് ജോഷി മാറി. സ്വരങ്ങളുടെയും രാഗങ്ങളുടെയും ആത്മാവറിഞ്ഞ ഗായകന്‍ കൂടിയായിരുന്നു ജോഷി.
ദൈവദത്തം എന്നു വിശേഷിപ്പിക്കുന്ന കഴിവുകള്‍ സ്വന്തമായുള്ള ജോഷി സംഗീതലോകത്ത് അപരാജിതനായി അരനൂറ്റാണ്ടോളം വാണു. പത്മശ്രീ (1977) പത്മഭൂഷണ്‍ (85) പത്മവിഭൂഷണ്‍ (99) എന്നീ ബഹുമതികള്‍ രാജ്യം സമ്മാനിച്ചു. കേരള സര്‍ക്കാര്‍ സ്വാതി പുരസ്‌കാരം നല്‍കിയാണ് ജോഷിയെ ആദരിച്ചത്. ഗംഗുബായ് ഹംഗല്‍ സ്‌മാരക ദേശീയ സംഗീത പുരസ്‌കാരവും അടുത്തിടെ ജോഷിയെ തേടിയെത്തിയിരുന്നു. പരേതയായ വല്‍സലാമ്മാളാണ് ഭാര്യ. മകന്‍ ശ്രീനിവാസ് സംഗീതജ്ഞനാണ്.
Discussion about this post