തിരുവനന്തപുരം: കേരളത്തില്‍ സംഗീത അക്കാദമി ആരംഭിക്കാന്‍ ഉസ്താദ് അംജദ് അലിഖാന് തിരുവനന്തപുരത്ത് വേളിയില്‍ രണ്ട് ഏക്കര്‍ സ്ഥലം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അംജദ് അലിഖാന്റെ സാന്നിധ്യം കേരളത്തിന്റെ പ്രശസ്തിയുയര്‍ത്തുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സ്വാതി സംഗീതപുരസ്‌കാരം അംജദ് അലിഖാന് സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം കേരളത്തില്‍ താമസിച്ച് ഇവിടത്തെ കുട്ടികള്‍ക്ക് സംഗീതപരിശീലനം നല്‍കാനുള്ള സന്നദ്ധത അംജദ് അലിഖാന്‍ അറിയിച്ചപ്പോള്‍ രണ്ടാമത് ആലോചിക്കാതെ സര്‍ക്കാര്‍ സ്ഥലം നല്‍കാന്‍ സമ്മതിക്കുകയായിരുന്നു. അക്കാദമി കേരളത്തിലെ കുട്ടികളുടെ അവസരങ്ങള്‍ ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു. ശശി തരൂര്‍ എം.പിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ സംഗീത നാടക അക്കാദമി ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ.എം.മാണി നിര്‍വ്വഹിച്ചു. ഉസ്താദ് അംജദ് അലിഖാന്‍ മറുപടി പ്രസംഗം നടത്തി. അക്കാദമി സെക്രട്ടറി പി.വി.കൃഷ്ണന്‍നായര്‍ അക്കാദമി അംഗം ബേബി മുണ്ടാടന്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post